വികസനത്തിനൊരുങ്ങി ആലുവ റെയില്‍വേ സ്റ്റേഷന്‍ അധികൃതരുടെ ഉറപ്പില്‍ പ്രതീക്ഷയോടെ നാട്ടുകാര്‍
ആലുവ: ഇടുക്കി ജില്ലയുടെ പ്രവേശന കവാടവും വരുമാനത്തില്‍ സംസ്ഥാനത്ത് മുന്നിലുമുള്ള ആലുവ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ പാതയില്‍. കഴിഞ്ഞ ദിവസം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ നല്‍കിയ വാഗ്ദാനങ്ങളാണ് ആലുവയുടെ വികസനസ്വപ്നങ്ങള്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുന്നത്. ഇതോടെ ആലുവ റെയില്‍വേ സ്റ്റേഷനോടുള്ള അവഗണ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഗതാഗതക്കുരുക്ക് രൂക്ഷമായ ആലുവയില്‍ ദീര്‍ഘനാളായുള്ള ആവശ്യമായ റെയില്‍വേ പടിഞ്ഞാറന്‍ കവാടം സ്ഥാപിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സതേണ്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാണി പറഞ്ഞത്. ആലുവയുടെ വികസനത്തിന്റെ പ്രധാനഭാഗമാണ് പുതിയസ്റ്റേഷന് കവാടം സ്ഥാപിക്കുകയെന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലേയും ഇടുക്കി ജില്ലയിലേയും യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് ആലുവയേയാണ്.
ഒരു കവാടം മാത്രം നിലവിലുള്ള ഇപ്പോള്‍, പറവൂരടക്കമുള്ള പ്രദേശങ്ങളിലുള്ളവര്‍ ആലുവ സ്റ്റേഷന്‍ വഴി യാത്രചെയ്യാന്‍ വാഹനങ്ങളില്‍ നഗരത്തിലൂടെ കൂടുതല്‍ ചുറ്റിതിരിയുന്നത് ഗതാഗത കുരുക്കിനും ഇടയാക്കുന്നു. സ്റ്റേഷനില്‍ പടിഞ്ഞാറുഭാഗത്ത് കവാടം സ്ഥാപിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാകുന്നതിനോപ്പം കൂടുതല്‍ യാത്രക്കാര്‍ എത്തുന്നതിനും ഇടയാക്കും. ഇതെല്ലാം കണക്കിലെടുത്താണ് വിവിധ സംഘടനകളും വ്യക്തികളും പുതിയകവാടത്തിനായി വര്‍ഷങ്ങളായി ശ്രമിച്ചു വരുന്നത്.
പുതിയ കവാടത്തിന് പ്രധാന തടസം റെയില്‍വേ ഗുഡ്‌സ് ഷെഡാണ്. ആവശ്യമെങ്കില്‍ ഇത് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച് പടിഞ്ഞാറന്‍ കവാടം യാഥാര്‍ഥ്യമാക്കണമെന്ന് ഇന്നസെന്റ് എം.പി ആലുവ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ ഉദ്ഘാടനത്തിനിടെ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു. എം.പിയും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഡിവിഷനല്‍ മാനേജര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. ഗവ. ആശുപത്രി കവലയിലെ ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്‍ഡില്‍ നിന്ന് കുന്നുംപുറത്തേക്ക് ഫ്‌ളൈഓവര്‍ നിര്‍മിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിരുന്നു .
അതേസമയം സംസ്ഥാനതലത്തില്‍ തന്നെ തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ ആലുവയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യത്തിന് അധികൃതര്‍ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ഏറ്റവും കുടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വരുന്ന സ്റ്റേഷന്‍ കൂടിയാണ് ആലുവ. എന്‍.എ.ഡി, എയര്‍പോര്‍ട്ട്, ഐ.എസ്.ആര്‍.ഒ, നിരവധി സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയുടെ സമീപസ്റ്റേഷനും ആലുവയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ ഉദ്യോഗസ്ഥരടക്കം നിരവധി ജീവനക്കാര്‍ റെയില്‍വേ സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. ആലുവയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ ഇവര്‍ എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.
കായംകുളം, വര്‍ക്കല, തിരൂര്‍, തലശ്ശേരി, കുറ്റിപ്പുറം, ചെങ്ങന്നൂര്‍, വടകര തുടങ്ങിയ ആലുവയേക്കാള്‍ ചെറിയ സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന ട്രെയിനുകള്‍ക്ക് പോലും ആലുവയില്‍ സ്റ്റോപ്പില്ലാത്ത അവസ്ഥയാണ്. ആലുവയുടെ ആവശ്യങ്ങളോട് അധികൃതര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."