പാഴിയോട്ടുമുറിയിലെ നെല്‍കൃഷി ഉണങ്ങുന്നു; കര്‍ഷകര്‍ ആശങ്കയില്‍
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് പാഴിയോട്ടുമുറി പാടശേഖരത്തിലെ നെല്‍കൃഷി വ്യാപകമായി ഉണങ്ങുന്നു. 100 ഏക്കറോളം വരുന്ന നെല്‍കൃഷിയാണ് രൂക്ഷമായ വരള്‍ച്ചമൂലം ഉണങ്ങി നശിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് വിരിപ്പ് കൃഷിക്ക് കനത്ത സാമ്പത്തിക നഷ്ടം നേരിട്ട സാഹചര്യത്തിലാണ് കര്‍ഷകര്‍ വരള്‍ച്ചയുടെ പിടിയിലമര്‍ന്നിരിക്കുന്നത്.
വിളഞ്ഞ് പാകമാകാറായ പാടശേഖരങ്ങള്‍ വെള്ളം ലഭിക്കാതെ വിണ്ട് കീറിയ നിലയിലാണ്. തുടര്‍ച്ചയായുള്ള നാശനഷ്ടങ്ങള്‍ സാധാരണക്കാരായ കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൃഷി നാശം കൃഷി ഓഫിസിലും പഞ്ചായത്ത് ഓഫിസിലും പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത്. കര്‍ഷകരുടെ ദുരവസ്ഥ മനസിലാക്കി വരള്‍ച്ചയെ നേരിടാനുള്ള സംവിധാനം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാക്കിത്തരണമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അതേ സമയം കര്‍ഷകര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, കൃഷി ഓഫിസര്‍ കെ.ബിന്ദു എന്നിവര്‍ പറഞ്ഞു. പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് 26 ലക്ഷം രൂപയും വിള ഇന്‍ഷുറന്‍സായി 56 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.കൂടാതെ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി പാഴിയോട്ടു മുറി പാടശേഖരത്തില്‍ നാശനഷ്ടങ്ങളൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പാടശേഖരങ്ങളില്‍ നൂറുമേനി വിളവുണ്ടായിട്ടുണ്ടെന്നും കൊയ്ത്ത് നടന്നുകൊണ്ടിരിക്കുകയാണൈന്നും പ്രസിഡന്റ് രമണി രാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."