കിഫ്ബിക്കു പണം കണ്ടെത്താനായില്ലെങ്കില്‍ കേരളത്തിലെ വികസനം തടസ്സപ്പെടും: എം.എം.ഹസ്സന്‍
കാസര്‍കോട്: ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിപ്പിച്ചതു സ്വപ്ന ബജറ്റെന്നും കിഫ്ബിക്കു പണം കണ്ടെത്താനായില്ലെങ്കില്‍ കേരളത്തിന്റെ വികസനം മുടങ്ങുമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്‍. മുള്ളേരിയ വ്യാപാര ഭവനില്‍ നടക്കുന്ന ജനശ്രീ സുസ്ഥിര മിഷന്‍ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
ഈ ബജറ്റിലെ ഏറ്റവും വലിയ ഹൈലറ്റായ അടിസ്ഥാന സൗകര്യ വികസനത്തിനു കിഫ്ബി ഫണ്ടിലേക്ക് 50000 കോടി രൂപ സ്വരൂപിക്കണം. ആദ്യ ബജറ്റില്‍ ധനകാര്യ മന്ത്രി കിഫ്ബിക്ക് 20000 കോടി രൂപ കണ്ടെത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. അതു കടലാസില്‍ ഒതുങ്ങി. കറന്‍സി നിരോധനം മൂലം സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയും പ്രവാസികള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ധനകാര്യമന്ത്രിക്ക് ഈ അന്‍പതിനായിരം കോടി രൂപ എങ്ങനെ സ്വരൂപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടങ്ങി വച്ച പല ക്ഷേമ പദ്ധതികള്‍ക്കും പണം കണ്ടെത്തിയതല്ലാതെ പുതിയ പദ്ധതികളൊന്നും ബജറ്റിലില്ലാത്തതു നിരാശാജനകമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ചികിത്സയ്ക്കും 60000 കോടി രൂപ നല്‍കാനാണു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. എന്നാല്‍ ബജറ്റില്‍ മാറ്റി വച്ചതാവട്ടെ വെറും പത്തു കോടി രൂപ മാത്രമാണ്.
വിലക്കയറ്റം തടയുമെന്നും 25 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എല്‍.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. ഇതിനു ബജറ്റില്‍ പ്രഖ്യാപനങ്ങളോ പണം മാറ്റിവെക്കുകയോ ചെയ്തിട്ടില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ അരി, കുടിവെള്ളം, തൊഴില്‍ എന്നിവയില്‍ ഒന്നും ചെയ്യാത്ത സര്‍ക്കാറാണ് 25 ലക്ഷം പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്നു കൊട്ടിഘോഷിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."