HOME
DETAILS
MAL
സഊദിയിൽ അടുത്ത വർഷം മുതൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിളവ്
backup
February 25 2020 | 09:02 AM
റിയാദ്: സഊദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് അടുത്ത വർഷം മുതൽ ലെവി ഇളവ് അനുവദിക്കുമെന്ന് സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ എണ്ണം അഞ്ചിൽ കവിയാത്ത ചെറുകിട സ്ഥാപനങ്ങൾക്കാണ് ലെവി ഇളവ് പ്രഖ്യാപിച്ചത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം ഒൻപതോ അതിൽ കുറവോ ആണെങ്കിൽ സ്ഥാപനങ്ങളിലെ 4 തൊഴിലാളികൾക്കും ലെവി ഇളവ് ആനുകൂല്യം ലഭിക്കും. അടുത്ത വർഷം ജനുവരി 1 മുതൽ ഇളവ് പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്. ചെറുകിട സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന നിരവധി വിദേശികൾക്ക് പുതിയ തീരുമാനം ആശ്വാസമാകും.
എന്നാൽ, സ്ഥാപന ഉടമയായ സഊദി പൗരൻ സ്ഥാപനത്തിൽ മുഴുസമയ ജീവനക്കാരനാകണമെന്നും മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരനെന്നോണം രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ പാലിക്കണമെന്ന നിർദേശമുണ്ട്. ഗാർഹിക തൊഴിലാളികളെ താത്ക്കാലിക കരാറിൻ്റെ അടിസ്ഥാനത്തിൽ ജോലിക്ക് നൽകുന്ന റിക്രൂട്ട്മെൻ്റ് മേഖലയിലെ ഓഫീസ് ജീവനക്കാരെയും ലെവിയിൽ നിന്നൊഴിവാക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ജിസിസി പൗരന്മാർക്കും സഊദി വനിതകളുടെ വിദേശികളായ ഭർത്താക്കന്മാർക്കും സഊദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർക്കും വിദേശികളുമായുള്ള വിവാഹബന്ധത്തിൽ സഊദി വനിതകൾക്ക് പിറന്ന, സഊദി പൗരത്വം ലഭിക്കാത്ത മക്കൾക്കും ലെവി ഇളവ് ലഭിക്കുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ, ആറ് വർഷങ്ങൾക് മുമ്പ് അഞ്ച് വർഷത്തേക്ക് ചെറുകിട സ്ഥാപനങ്ങളിലെ നാലു ജീവനക്കാർക്ക് തൊഴിൽ മന്ത്രാലയം ലെവി ഇളവ് ആനുകൂല്യം നൽകിയിരുന്നു. എന്നാൽ പിന്നീട് പല സ്ഥാപനങ്ങൾക്കും ആ ആനുകൂല്യം നഷ്ടപ്പെട്ടിരുന്നു. പുതുതായി ആരംഭിച്ച ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ലെവി ബാധകമാക്കിയിരുന്നു. ഒക്ടോബർ മുതൽ വ്യവസായ സ്ഥാപനങ്ങൾക്ക് നേരത്തെ അഞ്ചു വർഷത്തേക്ക് ലെവി ഇളവ് അനുവദിച്ചിട്ടുണ്ട്. വ്യവസായ മന്ത്രാലയത്തിൽനിന്നുള്ള വ്യവസായ ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് ഈ ലെവി ഇളവ് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."