മുന്‍നിരയില്‍ പോരാടാന്‍ പ്രിയങ്ക വരുമ്പോള്‍
രാജ്യത്തിന്റെ അധികാരത്തിനായുള്ള പോരാട്ടത്തിന് പെരുമ്പറ മുഴങ്ങിത്തുടങ്ങിയപ്പോള്‍ നരേന്ദ്രമോദി ഭരണകൂടത്തിനെതിരേ തികച്ചും അപ്രതീക്ഷിതമായി കോണ്‍ഗ്രസ് തൊടുത്തുവിട്ട വജ്രായുധം തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രവേശനം. പ്രിയങ്കയെ ഐ.ഐ.സി.സി ജന. സെക്രട്ടറിയായി നിയമിക്കുകയും മോദിയുടെ നിയോജകമണ്ഡലമായ വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കുകയും ചെയ്ത വാര്‍ത്ത ബുധനാഴ്ച പുറത്തുവന്നയുടന്‍ തന്നെ സംഘ്പരിവാര്‍ ക്യാംപിലുണ്ടായ വെപ്രാളം അതു വ്യക്തമാക്കുന്നുണ്ട്.
സാധാരണ നിലയില്‍ ഒരു പ്രതിപക്ഷകക്ഷി അതിന്റെ നേതൃനിരയിലേക്കു പുതിയൊരാളെ കൊണ്ടുവരുന്നതിനോട് ഉന്നതമായ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ പ്രതികരിക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍, വാര്‍ത്ത പുറത്തുവന്നയുടന്‍ ബി.ജെ.പിക്കു പാര്‍ട്ടിയാണ് കുടുംബമെന്നും ചിലര്‍ക്കു കുടുംബമാണ് പാര്‍ട്ടിയെന്നുമുള്ള പ്രസ്താവന മോദിയില്‍ നിന്നുണ്ടായി. തൊട്ടുപിറകെ പ്രിയങ്കയെയും നെഹ്‌റു കുടുംബത്തെയും വിലകുറച്ചു കാണിക്കുന്ന പ്രസ്താവനകളുടെ പ്രവാഹം തന്നെ മറ്റു ബി.ജെ.പി നേതാക്കളില്‍ നിന്നുമുണ്ടായി. ഇതെല്ലാം ചേര്‍ത്തുവായിച്ചാല്‍ ഒരുകാര്യം ആര്‍ക്കും ബോധ്യപ്പെടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ടീമിനുമൊപ്പം പ്രിയങ്ക മുന്‍നിരയില്‍നിന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പോരാട്ടത്തെ നയിക്കുന്നതിനെ സംഘ്പരിവാര്‍ വല്ലാതെ ഭയപ്പെടുന്നു. അതിനെ നേരിടാന്‍ അവരുടെ കൈവശമുള്ള ആയുധമാണ് കുടുംബാധിപത്യ ആരോപണം.
കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഒട്ടും പുതിയതല്ല. ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ വന്നതു മുതല്‍ ഉയരുന്നതും തുടര്‍ന്നുവരുന്നതുമായ വിമര്‍ശനമാണത്. ഇന്ത്യയില്‍ ഇതു കോണ്‍ഗ്രസില്‍ മാത്രം കാണുന്നതുമല്ല. കോണ്‍ഗ്രസ് വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന ബി.ജെ.പി അടക്കമുള്ള മിക്ക കക്ഷികളിലും പിതാക്കളുടെ പാത പിന്തുടര്‍ന്ന് നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന മക്കള്‍ നിരവധിയാണ്. സ്വാതന്ത്ര്യസമര കാലം മുതല്‍ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചുപോരുന്ന നെഹ്‌റു കുടുംബ പരമ്പരയ്ക്ക് ഇന്ത്യന്‍ മനസുകളില്‍ ചെറുതല്ലാത്ത ഇടമുണ്ടെന്നത് അവഗണിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. അതുകൊണ്ടു തന്നെയാണ് ഇന്ദിരയെയും രാജീവിനെയുമൊക്കെ ഇന്ത്യന്‍ ജനത സ്വീകരിച്ചത്. ആ സ്വീകാര്യത കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്ക് ഇന്നും വലിയൊരു വിലങ്ങുതടിയാണ്.
പ്രിയങ്ക പാര്‍ട്ടി നേതൃത്വത്തിലേക്ക് കുടുംബത്തിന്റെ സ്വാധീനം മാത്രം കാരണം പെട്ടെന്നൊരു ദിവസം ഉയര്‍ന്നുവന്നതൊന്നുമല്ല. 2009ല്‍ മാതാവ് സോണിയാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന പങ്കുവഹിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തു പ്രവേശിച്ച അവര്‍ തുടര്‍ന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അവര്‍ സജീവമായിരുന്നു. മാത്രമല്ല, തുടര്‍ന്നും നിര്‍ണായക ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയുടെ പ്രധാന തീരുമാനങ്ങളിലും അതു നടപ്പാക്കുന്നതിലും അവര്‍ ചെറുതല്ലാത്ത പങ്കു വഹിച്ചുപോരുന്നുമുണ്ട്. അങ്ങനെയൊരാള്‍ നേതൃപദവിയിലേക്ക് ഉയര്‍ന്നുവരുന്നതില്‍ വലിയ അസ്വാഭാവികതയൊന്നുമില്ല.
ഏതു രാഷ്ട്രീയ ചേരിയായാലും കേന്ദ്രാധികാരത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന, 80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ശാക്തിക ചേരിതിരിവ് ഒരു സവിശേഷ സാഹചര്യത്തിലെത്തി നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ഒരു പ്രധാന മേഖലയുടെ ചുമതലയുമായി പ്രിയങ്ക നേതൃനിരയിലേക്കു വരുന്നതെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് സമാജ്്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും സഖ്യമുണ്ടാക്കി കളത്തിലിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ രണ്ടു സീറ്റില്‍ മാത്രം വിജയിക്കാനായ കോണ്‍ഗ്രസിന് ഇപ്പോള്‍ യു.പിയിലെ സീറ്റുകള്‍ ഏറെ പ്രധാനമാണ്. യു.പിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പ്രിയങ്കയുടെ നേതൃത്വം കോണ്‍ഗ്രസിനെ സഹായിക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
പ്രചാരണരംഗത്ത് പ്രിയങ്ക സൃഷ്ടിച്ചേക്കാവുന്ന ചലനങ്ങള്‍ യു.പിയില്‍ മാത്രമായി ഒതുങ്ങില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്തുടനീളം അതു കോണ്‍ഗ്രസില്‍ പുത്തനുണര്‍വ് സൃഷ്ടിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഒറ്റ ദിവസം കൊണ്ടു തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിക്കു കൂടുതല്‍ ശക്തമായൊരു നേതൃനിര വരുന്നതിന്റെ ആവേശം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രകടമാണ്. അതു പാര്‍ട്ടിക്കു പകര്‍ന്നുനല്‍കുന്ന പോരാട്ടവീര്യം ഏറെ വലുതായിരിക്കുമെന്നു തന്നെയാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. വലിയൊരു പോരാട്ടം കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസിനാവുമെന്ന പ്രതീതിയുണ്ടായാല്‍ സംസ്ഥാനങ്ങളില്‍ പല കാരണങ്ങളാല്‍ കോണ്‍ഗ്രസുമായി അകന്നുനില്‍ക്കുന്ന പ്രാദേശിക കക്ഷികള്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ സന്നദ്ധമാവാനുള്ള സാധ്യത ഏറെയാണ്. അധികാരസാധ്യതയുള്ള പക്ഷത്തേക്കു ചായുന്ന സ്വഭാവമുള്ളവയാണ് ഇത്തരം കക്ഷികളെല്ലാം.
മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ആ ഭരണത്തണലില്‍ ശക്തിപ്രാപിച്ചു വരുന്ന ഹിന്ദുത്വ ഫാസിസ്റ്റ് തേര്‍വാഴ്ചയും സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. അതില്‍നിന്ന് മുക്തി നേടുന്നതിനായി ബി.ജെ.പി ഭരണത്തിന് അറുതി വരണമെന്ന് സാധാരണക്കാരായ മതേതര വിശ്വാസികളെല്ലാം തന്നെ ആഗ്രഹിക്കുന്നുണ്ട്. ചില തകരാറുകളുണ്ടെങ്കിലും രാജ്യത്താകെ വേരുകളുള്ളതും മതേതര സ്വഭാവമുള്ളതുമായ കോണ്‍ഗ്രസിനു മാത്രമാണ് ശക്തമായൊരു ബി.ജെ.പി വിരുദ്ധ മുന്നേറ്റത്തിനു നായകത്വം വഹിക്കാനാവുകയെന്നത് ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ കണ്ണുതുറന്നു കാണുന്ന ആര്‍ക്കും ബോധ്യപ്പെടുന്നൊരു കാര്യമാണ്. ഈ ഒരൊറ്റ കാരണത്താല്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കണമെന്ന് രാജ്യത്തെ മതേതര സമൂഹം ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ പ്രിയങ്ക കൂടി ഉള്‍പ്പെട്ട കോണ്‍ഗ്രസിന്റെ നേതൃനിരയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല രാജ്യത്തെ മതേതര സമൂഹം മൊത്തത്തില്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."