മൗവ്വല്‍ മസ്ജിദിലേക്ക് സന്ദര്‍ശക പ്രവാഹം
ബേക്കല്‍(കാസര്‍കോട്): 13 വര്‍ഷം മുന്‍പ് മരിച്ചയാളുടെ മൃതദേഹം ദ്രവിക്കാത്ത നിലയില്‍ കണ്ടെത്തിയ ഖബര്‍സ്ഥാനിലേക്ക് സന്ദര്‍ശക പ്രവാഹം. ബേക്കല്‍ മൗവ്വല്‍ രിഫാഇയാ മസ്ജിദ് പരിസരത്തെ ഖബര്‍സ്ഥാനിലെ ഒരു ഖബറിലെ മൃതദേഹമാണ് ദ്രവിക്കാത്ത നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയത്.
പത്തുദിവസം മുമ്പ് പള്ളി പുനര്‍ നിര്‍മാണത്തിനായി പില്ലറുകള്‍ സ്ഥാപിക്കാന്‍ കുഴിയെടുക്കുന്നതിനിടയിലാണ് ഒരു ഖബറില്‍ നിന്നു ലേപനത്തിന്റെ മണം ജെ.സി.ബി ഓപറേറ്ററുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതു മഹല്ല് കമ്മിറ്റിയെ അറിയിച്ചതിനെ തുടര്‍ന്നു ആ ഭാഗം ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് നിര്‍ത്തിയിരുന്നു.
തുടര്‍ന്നു വര്‍ഷങ്ങളായി പള്ളി ഖബര്‍സ്ഥാന് കുഴിയെടുക്കുന്ന ഹുസൈനെ വിളിച്ച് കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഖബറിടത്തിലെ കാലിന്റെയും തലയുടെയും ഭാഗത്തെ സ്ലാബ് തുറന്നപ്പോഴാണു ദ്രവിക്കാത്ത രീതിയില്‍ മൃതദേഹം കാണപ്പെട്ടത്. കഫന്‍ ചെയ്ത തുണിപോലും ദ്രവിച്ചിരുന്നില്ലെന്ന് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ഷാഫി യൂസഫ് പറഞ്ഞു. 13 വര്‍ഷം മുമ്പ് മരണപ്പെട്ട തായല്‍ മൗവ്വലിലെ ആമുവിന്റെ മൃതദേഹമാണ് ദ്രവിക്കാത്ത രീതിയില്‍ കാണപ്പെട്ടത്.
ആമുവിന്റെ ഭാര്യാ സഹോദരന്‍ അഹ്മദ് മുസ്‌ലിയാര്‍, മരുമകന്‍ അബ്ദുല്ല, ആമുവിന്റെ മക്കളായ അന്‍സാരി, അബ്ദുല്‍അസീസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഖബര്‍ തുറന്നതെന്നും ഷാഫി യൂസഫ് വ്യക്തമാക്കി. എന്നാല്‍, ബന്ധുക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഖബറിലെ മൃതദേഹത്തിന്റെ ചിത്രം പകര്‍ത്താന്‍ മഹല്ല് കമ്മിറ്റി ആരെയും അനുവദിച്ചിട്ടില്ല. ആമു മരണപ്പെടുന്നതിനു 15 ദിവസം മുമ്പ് ഗള്‍ഫിലേക്കു തിരിച്ചിരുന്ന ഇളയമകന്‍ അബ്ദുല്‍ അസീസ് മരണവാര്‍ത്തയറിഞ്ഞപ്പോള്‍ നാട്ടില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ നാട്ടിലെ ഓട്ടോറിക്ഷാ ഡ്രൈവറായ അസീസിനും മൃതദേഹം കാണാനായി.
മരണസമയത്ത് പിതാവിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ് തലമുടിയും താടിയും വരെ കഴിഞ്ഞദിവസം കണ്ടപ്പോഴും ഉണ്ടായിരുന്നതെന്നു മറ്റൊരു മകനായ അന്‍സാരി പറഞ്ഞു. കഴിഞ്ഞദിവസം സ്ഥലത്തെത്തിയ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഖബര്‍തുറന്ന് കാണിച്ചിരുന്നു. ഖബറിനു പോറലേല്‍ക്കാതെ നിര്‍മാണം തുടരാനാണ് മഹല്ല് കമ്മിറ്റിയുടെ തീരുമാനം. ഇതുവരെ ആറ് ഖബറുകള്‍ മാറ്റി പില്ലറിനായി കുഴിയെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."