HOME
DETAILS
MAL
ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല ഇത് തിരഞ്ഞുപിടിച്ചുള്ള ആക്രമണം!
backup
February 26 2020 | 03:02 AM
ന്യൂഡല്‍ഹി: തലസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളെ പൗരത്വ നിയഭ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമായി ചിത്രീകരിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഡല്‍ഹിയില്‍ നടക്കുന്നത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല, ഒരു വിഭാഗത്തെ തിരഞ്ഞുപിടിച്ചുള്ള ആസൂത്രിത ആക്രമണമാണ്.
മുസ്‌ലിംകളുടെ കടകള്‍, വീടുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന മറ്റു സമുദായക്കാരെയും അക്രമിക്കുന്നുണ്ട്. നിയമത്തെ എതിര്‍ക്കുന്ന ഇതര മതക്കാരെ അനുനയത്തിലോ ഭീഷണിപ്പെടുത്തിയോ പിന്തിരിപ്പിക്കുകയും ഇല്ലെങ്കില്‍ ആക്രമിക്കുകയുമാണ്. ഇതിന്റെ തെളിവുകളായി നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തുവരുന്നത്.
സംഘര്‍ഷപ്രദേശത്ത് ശിവ ഓട്ടോ വര്‍ക്ക്‌സിനും ത്യാഗി സ്‌റ്റോറിനും സംരക്ഷണം നല്‍കിയ അക്രമികള്‍, ഈ നിരയില്‍ നടുവിലുള്ള സുല്‍ഫിക്കറിന്റെ കടമാത്രം തല്ലിത്തകര്‍ത്തിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ആക്രമണം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ മുസ്‌ലിം വിരുദ്ധ കലാപമാണെന്നതിനുള്ള വ്യക്തമായ തെളിവാണിത്. ഇതുപോലെ, ഹിന്ദു വീടുകളും സ്ഥാപനങ്ങളും തിരിച്ചറിയാന്‍ അവിടങ്ങളില്‍ കാവിക്കൊടി നാട്ടുകയും ചെയ്തിരുന്നു. മൗജ്പൂര്‍, ബാബര്‍പൂര്‍ എന്നിവിടങ്ങളില്‍ പുറത്തുനിന്നുള്ള അക്രമികള്‍ കാവിക്കൊടി കെട്ടിയിരുന്ന വീടുകള്‍ ഒഴിവാക്കി മുസ്‌ലിം വീടുകള്‍ തെരഞ്ഞെടുത്താണ് അക്രമം നടത്തിയത്. ഒരിടത്ത് അക്രമം നടത്തി പിരിഞ്ഞുപോയവര്‍ തന്നെയാണ് മറ്റിടങ്ങളിലും ആക്രമണം നടത്തിയതെന്നതും വ്യക്തമായിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെ രംഗത്തെത്തിയത്. ഡല്‍ഹിക്കു പുറത്തുനിന്നുള്ളവര്‍ ആക്രമണത്തിനായി എത്തുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍, അക്രമികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് ഡല്‍ഹി പൊലിസ് സ്വീകരിക്കുന്നതെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."