ജാതീയ അധിക്ഷേപം: 31 കേസുകളില്‍ അന്വേഷണം
കോട്ടയം: ജാതി പേര് വിളിച്ചാക്ഷേപിച്ചതായി ജില്ലാ വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റിക്ക് ലഭിച്ച 31 പരാതികളില്‍ അന്വേഷണം ആരംഭിച്ചു.
മേലുകാവ്, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോട്ടയം വെസ്റ്റ്, കുമരകം, തൃക്കൊടിത്താനം, ഗാന്ധിനഗര്‍, കോട്ടയം ഈസ്റ്റ്, പൊന്‍കുന്നം, എരുമേലി, കിടങ്ങൂര്‍, ഏറ്റുമാനൂര്‍ പൊലിസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
പരാതി സംബന്ധിച്ച തുടര്‍നടപടികള്‍ എത്രയും വേഗം നടത്തണമെന്ന് കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വിജിലന്‍സ് ആന്റ് മോണിറ്ററിങ കമ്മിറ്റി യോഗത്തില്‍ കലക്ടര്‍ ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. ജാതീയ അധിക്ഷേപത്തിനും മര്‍ദ്ദനത്തിനും വിധേയരായവര്‍ക്ക് 22500 രൂപ ആശ്വാസ ധനസഹായവും അനുവദിച്ചു.
വിവാഹവാഗ്ദാനം ചെയ്ത് ലൈംഗീകമായി പീഡിപ്പിച്ചതായും അമ്മയേയും നാലു പെണ്മക്കളേയും വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതായും വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് ക്ഷേത്രാചാര പ്രകാരം വിവാഹം ചെയ്തതായും അമിത പലിശ ഈടാക്കിയതുമായ പരാതികളില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പട്ടിക ജാതി വികസന ഓഫിസര്‍ ശാന്ത മണി, ജില്ലാ പഞ്ചായത്തംഗം ജയമോഹന്, ഡിവൈ.എസ്.പി വി. ജി വിനോദ് കുമാര്‍, പട്ടികജാതി സംരക്ഷണ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."