എട്ടിന്റെ ദുരന്തം
ബംഗളൂരു: കഥയും തിരക്കഥയും മാറിയില്ല, പക്ഷേ ആളു മാറി. ഒന്നാം ടെസ്റ്റില്‍ ഒകീഫായിരുന്നുവെങ്കില്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നതാന്‍ ലിയോണ്‍ ആ കാര്യം ഏറ്റെടുത്തു. കരിയറിലെ ഏറ്റവും മികച്ച ബൗളിങുമായി നതാന്‍ ലിയോണ്‍ നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോയി. പൂനെയില്‍ നിന്നു വ്യത്യസ്തമായി കുറച്ച് റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചുവെന്നു മാത്രം. അതിനു നന്ദി ഓപണര്‍ കെ.എല്‍ രാഹുലിനോടാണു. ഒന്നാമനായി ക്രീസിലെത്തി 90 റണ്‍സെടുത്തു ഒന്‍പതാമനായി മടങ്ങുമ്പോള്‍ അര്‍ഹിച്ച സെഞ്ച്വറി പത്തു റണ്‍സ് അകലെ വച്ചാണു താരത്തിനു നഷ്ടമായത്.
ആസ്‌ത്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 189 റണ്‍സിനു ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ് തുടങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയില്‍. 23 റണ്‍സുമായി ഡേവിഡ് വാര്‍ണറും 15 റണ്‍സുമായി മാറ്റ് റെന്‍ഷോയും ക്രീസില്‍.
തുടക്കത്തില്‍ ബാറ്റിങിനെ തുണയ്ക്കുന്ന ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചില്‍ ടോസ് നേടി ബാറ്റു ചെയ്യാനുള്ള കോഹ്‌ലിയുടെ തീരുമാനം ശരിയായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണെന്നു മാത്രം. മുരളി വിജയിക്ക് പരുക്കേറ്റതിനെ തുടര്‍ന്നു ഓപണറായി അഭിനവ് മുകുന്ദിനു അവസരം ലഭിച്ചപ്പോള്‍ ഒരു ബാറ്റ്‌സ്മാനെ കൂടി ഉള്‍പ്പെടുത്തുകയെന്ന തീരുമാനത്തെ തുടര്‍ന്നു ജയന്ത് യാദവിനെ മാറ്റി കരുണ്‍ നായര്‍ക്കു കളിക്കാന്‍ അവസരം നല്‍കിയുമാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. സ്‌കോര്‍ 11ല്‍ എത്തിയപ്പോള്‍ ഓപണറായി ഇറങ്ങിയ മുകുന്ദ് എട്ടു പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ മടങ്ങി കിട്ടിയ അവരം കളഞ്ഞു കുളിച്ചു. പിന്നീട് കൃത്യമായ ഇടവേളയില്‍ വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. മുകുന്ദിനു പിന്നാലെ ചേതേശ്വര്‍ പൂജാര (17), വിരാട് കോഹ്‌ലി (12), രഹാനെ (17), കരുണ്‍ നായര്‍ (26), അശ്വിന്‍ (ഏഴ്), വൃദ്ധിമാന്‍ സാഹ(ഒന്ന്), രവീന്ദ്ര ജഡേജ(മൂന്ന്), ഇഷാന്ത് ശര്‍മ (പൂജ്യം) എന്നിരൊക്കെ പിടിച്ചു നില്‍ക്കാനുള്ള ക്ഷമ പോലും കാണിക്കാതെ പെട്ടെന്നു മടങ്ങി. മികച്ച രീതിയില്‍ മുന്നോട്ടു പോയ കരുണ്‍ നായരും പൂജാരയും മികവിലെത്താന്‍ സാധിക്കാതെ വീണത് ഇന്ത്യക്ക് തിരിച്ചടിയായി. കരിയറിലെ മോശം ഫോമിലൂടെ പോകുന്ന രഹാനെ ഒരിക്കല്‍ കൂടി സ്പിന്‍ കെണിയില്‍ വീണതും ഇന്ത്യയെ പിന്നോട്ടടിച്ചു. വിദേശ പിച്ചുകളില്‍ മികവു പുലര്‍ത്തുന്ന രഹാനെ സമീപ കാലത്ത് 15 ഇന്നിങ്‌സുകളില്‍ നിന്നു ഇതു 11ാം തവണയാണു സ്പിന്നര്‍ക്കു വിക്കറ്റ് സമ്മാനിച്ചു മടങ്ങുന്നത്. ഉമേഷ് യാദവ് പുറത്താകാതെ നിന്നു. 71.2 ഓവറില്‍ 189 റണ്‍സിനു ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഒരറ്റത്തു വിക്കറ്റുകള്‍ വീണപ്പോഴും മറുഭാഗത്ത് രാഹുല്‍ അക്ഷോഭ്യനായി നിലകൊണ്ടതാണു ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കടക്കാന്‍ ഇടയാക്കിയത്. ഇത്തരമൊരു അവസ്ഥയില്‍ ബാറ്റു ചെയ്യേണ്ടതെങ്ങനെയെന്നു സഹ താരങ്ങള്‍ക്കു രാഹുലിന്റെ ഇന്നിങ്‌സ് കണ്ടു പഠിക്കാം. 205 പന്തുകള്‍ നേരിട്ടു ഒന്‍പതു ബൗണ്ടറികളുടെ അകമ്പടിയോടെയാണു രാഹുല്‍ 90 റണ്‍സ് കണ്ടെത്തിയത്.
22.2 ഓവറില്‍ 50 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റുകള്‍ പിഴുതാണു കരിയറിലെ ഏറ്റവും മികച്ച ബൗളിങുമായി ലിയോണ്‍ മാരകമായി നിലകൊണ്ടത്. കോഹ്‌ലി, രാഹുല്‍, പൂജാര, രഹാനെ, അശ്വിന്‍, സാഹ, ജഡേജ, ഇഷാന്ത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ലിയോണ്‍ വീഴ്ത്തിയത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത സ്റ്റീവ് ഒകീഫും മിച്ചല്‍ സ്റ്റാര്‍ക്കും ശേഷിച്ച വിക്കറ്റുകള്‍ പങ്കിട്ടു.
ആദ്യ ദിനം ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്ന പിച്ചാണ് സ്റ്റേഡിയത്തിലേത്. എന്നിട്ടും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഓസീസ് സ്പിന്‍ കെണിയില്‍ വീണു. അവസാന ദിനങ്ങളില്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണു പിച്ചിന്റെ സ്വഭാവം എന്നതിനാല്‍ ടെസ്റ്റ് ആവേശകരമാകുമെന്ന കാര്യം ഏതാണ്ടുറപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."