ഡല്‍ഹിയില്‍ നടക്കുന്നത് സംഘ്പരിവാര്‍ ആസൂത്രിത കലാപം: ചെന്നിത്തല
കൊച്ചി: ഡല്‍ഹിയില്‍ നടക്കുന്നത് സംഘ്പരിവാറിന്റെ ആസൂത്രിത കലാപമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.യു ഭരണഘടന സംരക്ഷണ സംഗമം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലിസിന് പകരം സംഘ്പരിവാറാണ് അവിടെ സമരത്തെ നേരിടാനെത്തുന്നത്.
നഷ്ടപ്പെട്ട ജീവനുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഉത്തരവാദി. കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍മിശ്രയെ അറസ്റ്റ് ചെയ്യാതെ എല്ലാ സൗകര്യവും ചെയ്തുകൊടുത്ത് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. സംഭവത്തെക്കുറിച്ച് ഒരു പ്രതികരണം നടത്താന്‍ കേരള മുഖ്യമന്ത്രിക്ക് 24 മണിക്കൂര്‍ സമയം വേണ്ടിവന്നു. പൗരത്വ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച ഒറ്റുകാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അധ്യക്ഷത വഹിച്ചു. ഉയരട്ടെ മനുഷ്യ പതാക എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തില്‍ മൂന്ന് മേഖലകളിലായി നടത്തുന്ന 'കൊടി അടയാളം' മധ്യമേഖലാ റാലി മറൈന്‍ഡ്രൈവില്‍ നിന്നും ആരംഭിച്ച് ടൗണ്‍ഹാളിന് മുന്നില്‍ സമാപിച്ചു. ഹൈക്കോടതി ജങ്ഷനില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പതാക കൈമാറി. ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ മന്ത്രിമാരായ കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി ധനപാലന്‍, ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ജെയ്‌സണ്‍ ജോസഫ്, ഐ.കെ രാജു, എം.ആര്‍ അഭിലാഷ്, സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."