കെ.എസ്.എഫ്.ഇ ചിട്ടി തട്ടിപ്പ്; അവസാന പ്രതിയും പിടിയില്‍
കൊല്ലം: ജില്ലയിലെ കെ.എസ്.എഫ്.ഇയുടെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും ചിട്ടിതുകയും ചിട്ടിയില്‍ നിന്നും ലോണും വ്യക്തിഗത വായ്പയും വ്യാജസാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പ് നടത്തിയ സംഘത്തിലെ അവസാന പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മുഖത്തല തൃക്കോവില്‍ വട്ടം കുറുമണ്ണ സലാവുദ്ദീന്‍ മന്‍സില്‍ അഫ്‌സല്‍ സലാവുദ്ദീനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം മധുരയില്‍ നിന്നുമാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പ്രതിയെ പിടികൂടിയത്. വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മധുരയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മധുരയില്‍ ക്യാംപ് ചെയതാണ് പ്രതിയെ പിടിച്ചത്. കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസിലെ ക്ലാര്‍ക്ക് ആയ കെന്‍സി ജോണ്‍സണ്‍ ആണ് മുഖ്യസൂത്രധാരന്‍.
ഇയാള്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. കെ.എസ്.എഫ്.ഇയുടെ വിവിധ ബ്രാഞ്ചുകളില്‍ കെന്‍സി ജോണ്‍സണ്‍ ഉയര്‍ന്ന സലയുള്ള ചിട്ടിക്ക് ചേര്‍ന്നശേഷം ചിട്ടിപണം വാങ്ങുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസിലെ ജീവനക്കാര്‍ അല്ലാത്ത ഇയാളുടെ സുഹൃത്തുക്കളുടെ പേരില്‍ വ്യാജമായി സാലറി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഹാജരാക്കിയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. കെ.എസ്.എഫ്.ഇയില്‍ നിന്ന് ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ചോദിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസിലേക്ക് അയയ്ക്കുന്ന കത്തും തന്ത്രപരമായി കൈക്കലാക്കി വ്യാജ സീലും ഒപ്പും രേഖപ്പെടുത്തി മടക്കി അയച്ചിരുന്നത് കെന്‍സി ജോണ്‍സണ്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, കൊട്ടിയം പാരിപ്പള്ളി എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ തട്ടിപ്പ് കേസ് കൊല്ലം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ ജി. സര്‍ജു പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുന്നത്. അഭിലാഷ്, സനന്‍ എന്നീ പേരുകളില്‍ കുണ്ടറ കെ.എസ്.എഫ്.ഇ ബ്രാഞ്ചില്‍ അയച്ച സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലേയ്ക്ക് ഫോണില്‍ തിരക്കിയതില്‍ ഇങ്ങനെ ജീവനക്കാര്‍ ഈ ഓഫിസില്‍ ജോലി നോക്കുന്നില്ല എന്ന് പറഞ്ഞതില്‍ നിന്നാണ് ഈ കേസിന് തുമ്പ് ഉണ്ടാകുന്നത്.
ഈ കേസിലെ മുഖ്യപ്രതിയായ കെന്‍സി ജോണ്‍സണ്‍ ഭാര്യ ഷിജി, ജോണ്‍സണ്‍, വിമലാ ജോണ്‍സണ്‍, നവാസ്, അന്‍ഷാദ്, സനന്‍, ശരത് ഭദ്രന്‍, സോണി പി. ജോണ്‍, അഭിലാഷ്, അജിത്ത് വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന നെപ്പോളിയന്‍ എന്നിവരെ നേരത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കൊല്ലം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് ( സി-ബ്രാഞ്ച്) അസി. പൊലിസ് കമ്മിഷണര്‍ സര്‍ജു പ്രസാദ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ ബാലന്‍. കെ, അസി. സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്‌കുമാര്‍, ജയപ്രദീപ്, ഷാനവാസ്. എച്ച്. സുബാഷ്ചന്ദ്രന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രേംകുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മധുരയില്‍ നിന്നാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."