ബത്തേരി താലൂക്ക് ആശുപത്രിയിലെ തലതിരിഞ്ഞ പരിഷ്‌കാരം; ശിശുരോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി
സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപ്രതിയിലെ പുതിയ പരിഷ്‌കരണത്തില്‍ അന്തം വിട്ട് രോഗികളും നാട്ടുകാരും. താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശിശുരോഗ വിഭാഗം ഒരു കിലോമീറ്റര്‍ ദൂരെയുള്ള ഫെയര്‍ലാന്റിലെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയ പരിഷ്‌കരണമാണ് ആശുപത്രിയിലെത്തുന്നവരെ വലയ്ക്കുന്നത്. നിലവില്‍ ഒ.പി വിഭാഗം മാത്രമാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയിരിക്കുന്നത്.
കുട്ടികളുടെ വാര്‍ഡ് ഇപ്പോഴും ഗൈനോക്കോളജി വിഭാഗത്തോട് ചേര്‍ന്ന പഴയ കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ ഡോക്ടറെ കാണാന്‍ കുട്ടികളേയും കൊണ്ട് ഒരു കിലോമീറ്റര്‍ ദൂരത്തിലേക്ക് ഒട്ടോറിക്ഷ വിളിച്ച് പോകേണ്ട ഗതികേടാണുള്ളത്. മരുന്നുകള്‍ക്കും എക്‌സറേ എടുക്കാനും ഡോക്ടര്‍ കുറിച്ചാല്‍ തിരികെ പഴയ ബ്ലോക്കിലെത്തണം. സ്‌കാനിങ് റിസള്‍ട്ട് ഉള്‍പ്പെടെ ഡോക്ടറെ കാണിക്കണമെങ്കില്‍ വീണ്ടും ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് പുതിയ ബ്ലോക്കിലെത്തണം.
പലപ്പോഴും എക്‌സറേ കിട്ടി തിരിച്ച് എത്തുമ്പോഴേക്ക് ഒ.പി കഴിഞ്ഞ് ഡോക്ടര്‍ മടങ്ങിയിട്ടുമുണ്ടാകും. കിടത്തി ചികിത്സയ്ക്ക് വരുന്ന കുട്ടികളും ചികിത്സാരേഖകളും പഴയ ബ്ലോക്കിലും ഡോക്ടര്‍ പുതിയ ബ്ലോക്കിലുമായത് പലപ്പോഴും മരുന്നു നല്‍കുന്നതിലെ ക്രമത്തിലുണ്ടാകുന്ന മാറ്റവും രോഗികളും കൂട്ടിരിപ്പുകാരും സമയത്ത് അറിയാത്ത സ്ഥിതിയാണ്. കെട്ടിടത്തിലെ പ്രസവ വാര്‍ഡില്‍ നവജാത ശിശുക്കള്‍ക്കായുള്ള അത്യാഹിത വിഭാഗവും പുതിയ കെട്ടിടത്തിലേക്ക് മാറിയ ഡോക്ടര്‍മാരെ ആശ്രയിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ഏതെങ്കിലും ഒരു ശിശുവിന് അടിയന്തിര വൈദ്യസഹായം കിട്ടണമെങ്കില്‍ ഡോക്ടര്‍ എത്താന്‍ വൈകുമെന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
റോഡിലെ ഗതാഗത കുരുക്കില്‍ കുടുങ്ങി ഡോക്ടര്‍ എത്താന്‍ വൈകിയാല്‍ ദുരന്തമുണ്ടാകാന്‍ കാരണമാകുമെന്നറിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതര്‍ മൗനം തുടരുകയാണ്. എറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന നവജാതശിശു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നശിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ പരിഷ്‌കരണം.
കുട്ടികളുടെ തന്നെ പള്‍സ് പൊളിയോ വിഭാഗം മാറ്റതെയാണ് നവജാത ശിശു കേന്ദ്രം മാത്രം മാറ്റിയത്.
സാധാരണക്കാരെ ദ്രോഹിക്കുന്നതും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതമായ ഈ പരിഷ്‌ക്കാരത്തിന് ശ്രമിച്ചവരുടെ പേരില്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്. അതേ സമയം ആശുപത്രി മാനേജ്‌മെന്റോ സൂപ്രണ്ടോ അറിയാതെ ഏകപക്ഷീയമായാണ് ശിശു പരിശോധനാ കേന്ദ്രം ഒരു കിലോമീറ്റര്‍ ദൂരെയുള്ള ഫെയര്‍ലാന്റിലെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയതെന്നാണ് സൂചന.
സൂപ്രണ്ടിനെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് ആശുപത്രി സ്റ്റാഫ് കൗണ്‍സിലും രംഗത്ത്
സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രിയിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും ശിശുരോഗചികിത്സാ ഒ.പി ഫെയര്‍ലാന്‍ഡ് ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയ പരിഷ്‌കരണത്തിനെതിരേ പ്രതിഷേധം ശക്തം.
കിടത്തി ചികിത്സ അടക്കമുള്ള സൗകര്യങ്ങള്‍ കേന്ദ്രലുള്ളപ്പോള്‍ ഒ.പി വിഭാഗം മാത്രം ഫയര്‍ലാന്‍ഡിലേക്ക് മാറ്റിയത് രോഗികള്‍ക്ക് ദുരിതമായിരിക്കുകയാണ്. ഇതോടെയാണ് പ്രതിഷേധം ഉയരാന്‍ കാരണം ശക്തമായത്. പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പതിനഞ്ചോളം പ്രവര്‍ത്തകരെത്തിയാണ് സൂപ്രണ്ടിനെ ഉപരോധിച്ചത്.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രശ്‌നം പരിശോധിച്ച് നടപടിയെടുക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
മാതൃശിശുസരംക്ഷണ കേന്ദ്രത്തിലെ ഗര്‍ഭിണികളുടെ ഒ.പി ടോക്കണ്‍ എണ്ണം 70 ആയി ചുരുക്കിയതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്്.അതേസമയം ഉപരോധത്തിനിടെ സൂപ്രണ്ടിനെ കൈയേറ്റം ചെയ്തന്നാരോപിച്ച് ആശുപത്രി സ്റ്റാഫ് കൗണ്‍സിലും പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി അങ്കണത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംഘടനാ സെക്രട്ടറി എ. വിജയാനന്ദ്, ഹെഡ് നഴ്‌സ് ശാന്തമ്മ, ഡോ.കരുണന്‍ സംസാരിച്ചു. സംഭവുമായി ബന്ധപ്പെട്ട് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയുന്ന ഒരാള്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."