രാമക്ഷേത്ര ട്രസ്റ്റും സമ്പൂര്‍ണ നീതിയും
സുപ്രിം കോടതിക്കു നല്‍കിയ ഉറപ്പു ലംഘിച്ച് ബാബരി മസ്ജിദ് തകര്‍ത്ത ഹിന്ദുത്വ-വര്‍ഗീയ ശക്തികളുടെ കൈകളിലേക്കുതന്നെ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ച രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റും ചെന്നെത്തി. സുപ്രിം കോടതിയുടെ ബാബരി വിധിക്ക് ക്ഷതമേല്‍പ്പിക്കുന്ന രണ്ടു കാര്യങ്ങള്‍കൂടി സംഭവിക്കാന്‍ പോകുന്നു: രാമക്ഷേത്രത്തിനുവേണ്ടിയുള്ള ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും നിര്‍വഹിക്കുക. അതിന് ട്രസ്റ്റ് ഭാരവാഹികള്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചുകഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി യു.പി സര്‍ക്കാര്‍ ദൈവപ്രതിമ പണിയുന്നു. 450 കോടിരൂപ ചെലവില്‍ അയോധ്യയില്‍ രാമന്റെ പ്രതിമ.
സുപ്രിം കോടതിയുടെ നിര്‍ദേശമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപനം പാര്‍ലമെന്റിലാണ് നടത്തിയത്. കര്‍സേവയിലൂടെ ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ രാമജന്മഭൂമി ന്യാസിന്റെ മഹന്ദ് നിത്യഗോപാല്‍ ദാസിനെയാണ് ഫെബ്രുവരി 20ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം ട്രസ്റ്റിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. തങ്ങളെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ സന്യാസിവര്യര്‍ പ്രതിഷേധിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി ഇടപെട്ടാണ് അവരെ രഞ്ജിപ്പിച്ചത്.
പുതിയ രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി വിശ്വഹിന്ദു പരിഷത്തിന്റെ വൈസ് പ്രസിഡന്റ് ചംപത് റായിയാണ്. മഹന്ദ് നിത്യഗോപാല്‍ ദാസും ചംപത് റായിയും ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചന കുറ്റത്തിനും മറ്റു ക്രിമിനല്‍ കുറ്റങ്ങള്‍ക്കും സി.ബി.ഐ പ്രത്യേക കോടതിയില്‍ പ്രതികളാണ്. 1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് എല്‍.കെ അദ്വാനി, കല്യാണ്‍സിങ്, ഉമാഭാരതി തുടങ്ങിയവര്‍ക്കൊപ്പം ഗൂഢാലോചനാ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരാണ്. രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ ആദ്യയോഗം ചേര്‍ന്നതുതന്നെ 1528 മുതല്‍ രാമക്ഷേത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചുപോന്ന എല്ലാ സന്യാസിമാര്‍ക്കും രാമഭക്തര്‍ക്കും നന്ദി രേഖപ്പെടുത്തിയാണ്. പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗിക്കും യോഗം നന്ദി രേഖപ്പെടുത്തി. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത ആയിരക്കണക്കായ നിരപരാധികളെ ആരും സ്മരിച്ചു കണ്ടില്ല.
അയോധ്യാ കേസ് വിധിയില്‍ ഭരണഘടനാ ബെഞ്ച് പറഞ്ഞ സമ്പൂര്‍ണ നീതി പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തിലുള്ള ഈ നടപടികളില്‍ എവിടെയും പ്രതിഫലിച്ചുകണ്ടില്ല. ആര്‍.എസ്.എസ് നയിക്കുന്ന സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ അജന്‍ഡയുടെ താത്വിക അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ ചുമതലപ്പെടുത്തിയ സുപ്രിം കോടതിക്ക് അത് അറിയില്ലെന്നു പറയാനാവില്ല. രാജ്യത്തെ ഏറ്റവും ഉയരമുള്ള പട്ടേല്‍ പ്രതിമയെ മറികടക്കുന്നതാണ് 221 മീറ്റര്‍ ഉയരമുള്ള അയോധ്യയില്‍ യോഗി സര്‍ക്കാര്‍ നിര്‍മിക്കുന്ന രാമന്റെ പ്രതിമ. സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് 1947ല്‍ ഉയര്‍ന്ന വിവാദത്തില്‍ നെഹ്‌റു സ്വീകരിച്ച സര്‍ക്കാര്‍ നയമുണ്ട്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മിതിയുടെ പേരില്‍ അതാണ് ലംഘിക്കപ്പെടുന്നത്. ക്ഷേത്ര നിര്‍മാണ- പുനര്‍ നിര്‍മാണ ചടങ്ങുകളില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുകയോ സര്‍ക്കാര്‍ പണം ക്ഷേത്ര നിര്‍മാണത്തിന് ചെലവഴിക്കുകനോ പാടില്ലെന്ന തീരുമാനം. ബാബരി ഭൂമി തര്‍ക്ക കേസില്‍ പൂര്‍ണ നീതി നടപ്പാക്കുന്നതിന് ഭരണഘടനയുടെ 142-ാം വകുപ്പ് അനുസരിച്ച് പുറപ്പെടുവിച്ചതാണ് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. അതിനെ പരോക്ഷമായി പരിഹസിക്കുക കൂടിയാണ് പ്രധാനമന്ത്രി മോദിയിലൂടെയും സംഘ് പരിവാറിലൂടെയും കാണാമറയത്തിരുന്ന് ആര്‍.എസ്.എസ് നടപ്പില്‍ വരുത്തുന്ന രാമക്ഷേത്ര നിര്‍മാണ അജന്‍ഡ.
സമ്പൂര്‍ണ നീതി ഉറപ്പുവരുത്താന്‍ കഴിയാത്ത സാഹചര്യം വരുമ്പോള്‍ സുപ്രിം കോടതി ആശ്രയിക്കേണ്ട വകുപ്പാണ് 142. ഭോപ്പാല്‍ വാതക ദുരന്തം പോലുള്ള അസാധാരണ കേസുകളില്‍ സുപ്രിം കോടതി ഇതിനെ ആശ്രയിച്ചിട്ടുണ്ട്. അയോധ്യയില്‍ മുസ്‌ലിംകള്‍ നാലര നൂറ്റാണ്ട് ഉപയോഗിച്ച ബാബ്‌റി മസ്ജിദ് അവര്‍ ഉപേക്ഷിക്കുകയായിരുന്നില്ല. 1949 ഡിസംബറില്‍ അവരെ പുറത്താക്കി കൈവശപ്പെടുത്തുകയും 1992 ഡിസംബര്‍ 6ന് അത് തകര്‍ക്കുകയുമായിരുന്നു. ഇത് പറഞ്ഞത് ഭരണഘടനാ ബെഞ്ചാണ്. ആ തെറ്റിന് പരിഹാരമുണ്ടാക്കാനും തുല്യത ഉറപ്പുവരുത്താനുമാണ് 142-ാം വകുപ്പ് പ്രയോഗിക്കുന്നതെന്നും കോടതി പറഞ്ഞു. അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ സുന്നി വഖ്ഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാന്‍ ഉത്തരവിട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മതവിശ്വാസികള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്ന രീതിയിലല്ല കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് മുകളില്‍ പറഞ്ഞതില്‍നിന്നു വ്യക്തമാണ്.
ബാബരി മസ്ജിദ് തകര്‍ത്തയുടനെ രാമക്ഷേത്ര നിര്‍മിതിക്ക് വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ച സന്യാസികളുടെ ട്രസ്റ്റായിരുന്നു രാം ജന്മഭൂമി ന്യാസ്. അവരുടെ കൈയില്‍തന്നെയാണ് സുപ്രിം കോടതി നിര്‍ദേശിച്ച ട്രസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഏല്‍പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയാണ് ക്ഷേത്ര നിര്‍മാണ സമിതിയുടെ തലവന്‍. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ പൂനെ ആസ്ഥാനമായുള്ള സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് സാമ്പത്തികം കൈകാര്യം ചെയ്യുന്നത്. കേന്ദ്ര- യു.പി സര്‍ക്കാറുകളുടെ ഔദ്യോഗിക പ്രതിനിധികളായി ഐ.എ.എസ് ഉദ്യോഗസ്ഥന്മാരുമുണ്ട്. ഇവര്‍ പ്രധാനമന്ത്രിയുടെയും രാം ജന്മഭൂമി ന്യാസിന്റെയും തീരുമാനങ്ങളുടെ മൂകസാക്ഷികള്‍. എന്തുകൊണ്ട് ഒരു മതനിരപേക്ഷ ട്രസ്റ്റ് രൂപീകരിക്കാനായില്ല എന്നത് സുപ്രിംകോടതിയും പ്രധാനമന്ത്രിയും വിശദീകരിക്കേണ്ടതായി അവശേഷിക്കുന്നു.
മുമ്പ് രാം ജന്മഭൂമി ന്യാസ് എന്ന വി.എച്ച്.പി ട്രസ്റ്റ് തയാറാക്കിയ ക്ഷേത്ര മാതൃകതന്നെയാണ് പുതിയ ട്രസ്റ്റ് ഉപയോഗിക്കുക. ട്രസ്റ്റ് തയാറാക്കിക്കഴിഞ്ഞ 60 ശതമാനം വരുന്ന മാര്‍ബിള്‍ ഫലകങ്ങള്‍പോലും ഉപയോഗിക്കും. ചുരുക്കത്തില്‍ സംഭാവന പിരിക്കാനുള്ള ഒരു ബാങ്ക് അക്കൗണ്ട് ഒഴികെ മറ്റെല്ലാം ബാബരി മസ്ജിദ് തകര്‍ത്തവരുടെ കൈകാര്യസ്ഥതയില്‍. പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രി ആദിത്യനാഥ് എന്നീ ഭരണാധികാരികളുടെയും അവരുടെ സര്‍ക്കാറുകളുടെയും പൂര്‍ണ പിന്തുണ രാമക്ഷേത്ര ട്രസ്റ്റിന് ഉറപ്പാക്കിക്കൊടുത്തത് സുപ്രിംകോടതിയും. ബാബരി മസ്ജിദ് നഷ്ടപ്പെട്ട മുസ്‌ലിം വിശ്വാസികള്‍ക്ക് സുന്നി വഖ്ഫ് ബോര്‍ഡിന് നല്‍കുന്ന അഞ്ച് ഏക്കര്‍ ഭൂമി കിട്ടും. ട്രസ്റ്റ് നിര്‍മിക്കേണ്ടതും പള്ളിയും മറ്റു സ്ഥാപനങ്ങളും നിര്‍മിക്കേണ്ടതും സുന്നി വഖ്ഫ് ബോര്‍ഡിന്റെ മാത്രം ചുമതല. ട്രസ്റ്റ് രൂപീകരിച്ച് പള്ളിയും ആശുപത്രിയും പണിയുമെന്നാണ് വഖ്ഫ് ബോര്‍ഡ് പറയുന്നത്. ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന ഒരു വിഭാഗവും അവര്‍ക്കിടയിലുണ്ട്.
എല്ലാ മതവിശ്വാസികളെയും തുല്യമായി കാണുന്നതും അവര്‍ക്ക് സമ്പൂര്‍ണ നീതി ഉറപ്പുനല്‍കുന്നതുമാണ് ഭരണഘടന. വിധി നിര്‍ദേശമനുസരിച്ചുള്ള കാര്യങ്ങള്‍ കേന്ദ്ര ഗവണ്മെന്റും യു.പി ഗവണ്മെന്റും ചേര്‍ന്ന് മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ അസ്വസ്ഥതയുയര്‍ത്തുന്ന സംശയങ്ങളാണ് ഉയരുന്നത്. മൂന്നുമാസത്തിനകം കേന്ദ്രം ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റും ഉചിതമായ സംവിധാനവും ക്ഷേത്ര നിര്‍മാണ അധികാരത്തോടെ ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചു. ബാബരി ഭൂമി ട്രസ്റ്റിന് കൈമാറണമെന്നും. ഏറ്റെടുത്തിട്ടുള്ള ബാക്കി ഭൂമിയും. സുന്നി വഖ്ഫ് ബോര്‍ഡിന് പള്ളി നിര്‍മിക്കാന്‍ ഇരു സര്‍ക്കാറുകളും കൂടിയാലോചിച്ച് അഞ്ചേക്കര്‍ ഭൂമി നല്‍കണം. അവര്‍ക്ക് പള്ളി നിര്‍മിക്കാനുള്ള ട്രസ്റ്റും മറ്റ് ഉചിതമായ സംവിധാനവും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് തയാറാക്കണമെന്ന് കോടതി പറയാതെപോയി. ക്ഷേത്ര നിര്‍മാണ കാര്യത്തില്‍നിന്ന് വ്യത്യസ്തമായി വഖ്ഫ് ബോര്‍ഡ് മാത്രം കൈകാര്യം ചെയ്യേണ്ടതാണോ മുസ്‌ലിം വിശ്വാസികളെ ബാധിക്കുന്ന തുല്യനീതിയുടെ പ്രശ്‌നം.
ഭരണഘടനയുടെയും ഉന്നത നീതി പീഠത്തിന്റെയും വിശ്വാസ്യതയെ ബാധിക്കുന്നതാണ് അതിപ്രധാനമായ ഈ പ്രശ്‌നം. പുനപ്പരിശോധനാ ഹര്‍ജി കേള്‍ക്കാനിരിക്കുന്ന ഉന്നത നീതിപീഠം ഇനിയെങ്കിലും ഇതു പുനപ്പരിശോധിക്കേണ്ടതില്ലേ ? രാജ്യം തുറന്നമനസ്സോടെ വിധി സ്വീകരിച്ചെന്ന് രാജ്യാന്തര വേദികളില്‍ പെരുമ്പറയടിച്ചാല്‍ ഇല്ലാതാകുന്നതല്ലല്ലോ കണ്ണുതുറിച്ചു നില്‍ക്കുന്ന ഈ പൊരുത്തക്കേട്.
സബര്‍മതി ആശ്രമത്തില്‍ ചെന്നാലും മഹാത്മാ ഗാന്ധിയെ ഓര്‍ക്കാന്‍ മറന്നുപോകുന്ന കാലമാണിത്. മതത്തേയും ക്ഷേത്രാരാധനയെയും കുറിച്ച് രാഷ്ട്രപിതാവ് ഗാന്ധിജി പറഞ്ഞതും നവഭാരത ശില്‍പി നെഹ്‌റു പറഞ്ഞതും സുപ്രിംകോടതിയും പ്രധാനമന്ത്രിയും യോഗി ആദിത്യനാഥുമൊക്കെ രാമക്ഷേത്ര നിര്‍മാണവുമായി ചേര്‍ത്ത് ഓര്‍ക്കേണ്ട ഒരു സമയം കൂടിയാണിത്. 'ഒരു ദിവസത്തേക്ക് രാജ്യത്തിന്റെ പരമാധികാരം ലഭിക്കുകയാണെങ്കില്‍ മതത്തേയും ഭരണകൂടത്തെയും വേര്‍പെടുത്തിയിരിക്കു'മെന്ന് പറഞ്ഞത് രാഷ്ട്രപിതാവാണ്. മതാധിഷ്ഠിത രാഷ്ട്രീയം ഒടുവില്‍ മതവല്‍ക്കരണത്തിലേക്കാണ് നയിക്കുക എന്ന് മുന്നറിയിപ്പു നല്‍കിയതും. ജുനാഗഡ് എന്ന നാട്ടുരാജ്യം സൈനിക നടപടിയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തപ്പോള്‍ എ.ഡി പത്താം നൂറ്റാണ്ടില്‍ മുഹമ്മദ് ഗസനി കൊള്ളയടിച്ച സോമനാഥ് ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്ന് സര്‍ദാര്‍ പട്ടേല്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ചെലവില്‍ ക്ഷേത്രം നിര്‍മിച്ചുകൂടെന്ന് പട്ടേലിനെ ഉപദേശിച്ചത് ഗാന്ധിജിയാണ്. ക്ഷേത്ര നിര്‍മാണത്തിന്റെ സംഘാടകനായി കേന്ദ്രമന്ത്രിയായ കെ.എം മുന്‍ഷി പ്രവര്‍ത്തിച്ചു. 'നിങ്ങള്‍ ഹിന്ദുത്വ പുനരുദ്ധാരണമാണ് നടത്തുന്നത്, മതനിരപേക്ഷ ഇന്ത്യയില്‍ ഒരു മന്ത്രി അതു ചെയ്തുകൂട'- പ്രധാനമന്ത്രി നെഹ്‌റു മുന്‍ഷിയെ ഇരുത്തി മന്ത്രിസഭായോഗത്തില്‍ നയം വ്യക്തമാക്കി.
1951ല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചപ്പോള്‍ കെ.എം മുന്‍ഷി രാഷ്ട്രപതി രാജേന്ദ്രപ്രസാദിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചു. അതറിഞ്ഞ നെഹ്‌റു രാഷ്ട്രപതിക്ക് ഇങ്ങനെ എഴുതി: 'സോമനാഥ ക്ഷേത്രം തുറന്നുകൊടുക്കുന്ന പരിപാടിയില്‍ താങ്കള്‍ പങ്കെടുക്കുമെന്ന ആശയം ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ഖേദപൂര്‍വ്വം പറയട്ടെ. ഇത് കേവലം ഒരു ക്ഷേത്ര സന്ദര്‍ശനം മാത്രമല്ല. സുപ്രധാനമായ ഈ ചടങ്ങില്‍ പങ്കാളിയാകുന്നത് നിര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും ഇടയാക്കിയേക്കും'. എന്നിട്ടും രാഷ്ട്രപതി രാജേന്ദ്രപ്രസാദ് ചടങ്ങില്‍ പങ്കെടുത്തു!
അന്താരാഷ്ട്രതലത്തില്‍ ചിന്തിക്കുന്ന ദീര്‍ഘദൃഷ്ടിയുള്ള ബഹുമുഖപ്രതിഭയെന്ന് പ്രധാനമന്ത്രി മോദിയെ സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജി പ്രകീര്‍ത്തിച്ചത് കഴിഞ്ഞ ദിവസമാണ്. തന്റെ വിശ്വസ്തനായ സുഹൃത്തെന്ന് മോദിയെ ഇന്ത്യയില്‍ വന്ന് പരസ്യമായി പുകഴ്ത്തിയത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ഇത്തരമൊരു സാഹചര്യത്തില്‍ രാമക്ഷേത്ര പുനര്‍നിര്‍മാണ ചടങ്ങിലും ഉദ്ഘാടനത്തിലും പ്രധാനമന്ത്രി മോദി പങ്കെടുത്താല്‍ അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ, ഭരണഘടനാ ബെഞ്ച് പറയുന്ന തുല്യനീതിയും സമഗ്രനീതിയുമെന്നതൊക്കെ രാജ്യത്തെ വ്യത്യസ്ത മതവിശ്വാസികളായ ആളുകള്‍ എങ്ങനെ വീക്ഷിക്കും എന്നതാണ് പ്രശ്‌നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."