കോട്ടക്കലില്‍ ശുദ്ധജല ക്ഷാമത്തിനു 90 കോടിയുടെ പദ്ധതി
കോട്ടക്കല്‍: നഗരസഭയിലെ ശുദ്ധജല ക്ഷാമത്തിനു വന്‍കിട പദ്ധതികളുമായി കൗണ്‍സില്‍. ഇതിനായി 90 കോടിയുടെ പദ്ധതി ജല അതോറിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ചു.
എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് കാവതികളം പാടത്ത് കുളം നിര്‍മ്മിക്കാനും വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
പുത്തൂരില്‍ ബൂസ്റ്റിങ് പമ്പിങ് സ്റ്റേഷനും വലിയപറമ്പ്, മരവട്ടം, ചെനക്കല്‍ എന്നിവിടങ്ങളില്‍ ജലസംഭരണിയും സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നമുറക്ക് സ്ഥലം കണ്ടെത്തി പ്രവൃത്തി ആരംഭിക്കും.
ജല അതോറിറ്റിക്ക് കീഴില്‍ പറപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന പമ്പ് ഹൗസിലേക്ക് പുതിയ മോട്ടോര്‍ വാങ്ങുന്നതിന് 17.25 ലക്ഷം രൂപ നഗരസഭ നല്‍കും. നഗരസഭ പരിധിയിലെ 68 കുഴല്‍കിണറുകളുടെ അറ്റകുറ്റ പണി നടത്തും.
പൊതു കിണര്‍, കുളം എന്നിവ വൃത്തിയാക്കും. നഗരസഭ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സ്ണ്‍ ബുഷ്റ ഷബീര്‍, പി ഉസ്മാന്‍കുട്ടി, ടി.വി സുലൈഖാബി, ടി.വി മുംതാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."