പൊലിസ് വീണ്ടും ഇരകളില്‍നിന്ന് പരാതി സ്വീകരിക്കും
കോഴിക്കോട്: നിക്ഷേപകള്‍ക്ക് പലിശക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹീര ഗ്രൂപ്പ് കോടികള്‍ തട്ടിയ കേസില്‍ ലോക്കല്‍ പൊലിസ് വീണ്ടും ഇരകളില്‍നിന്നും വിവരം ശേഖരിക്കും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന്റെ ഭാഗമായി തെളിവെടുപ്പ് ലോക്കല്‍ പൊലിസ് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ തട്ടിപ്പിനിരയായ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സിറ്റി പൊലിസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്റെ നിര്‍ദേശ പ്രകാരം വീണ്ടും വിവരങ്ങള്‍ ശേഖരിക്കുന്നത്.
ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ചെമ്മങ്ങാട് പൊലിസ് പരാതികള്‍ സ്വീകരിക്കുകയും മൊഴിയെടുക്കുകയും ചെയ്യുക. ഒരു ദിവസം രണ്ടു പേരില്‍ നിന്നായിരിക്കും മൊഴിയെടുക്കുകയെന്ന് പൊലിസ് ഇരകളെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെയാണെങ്കില്‍ മൊഴിയെടുക്കല്‍ തന്നെ ഒരു വര്‍ഷം നീളുമെന്നാണ് ഇരകള്‍ ചൂണ്ടിക്കാട്ടുന്നത്. മലബാറില്‍ നിന്ന് 500 ഓളം തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. 200 പേര് പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. ഇതുവരെ 17 പരാതികള്‍ ഉള്‍പ്പെടുത്തി ഒരു കേസാണ് ചെമ്മങ്ങാട് പൊലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പരാതി കൊടുക്കാന്‍ തയാറാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."