'നിങ്ങള്‍ കോടതികളില്‍ തമാശ എഴുതുമ്പോള്‍ ഞങ്ങള്‍ മതിലുകളില്‍ നീതിയെഴുതും'- ആമിര്‍ അസീസിന്റെ കവിത ഏറ്റുചൊല്ലി റോജര്‍ വാട്ടേഴ്സ്
ലണ്ടന്‍: സി.എ.എ വിരുദ്ധ പോരാട്ടത്തില്‍ വിരിഞ്ഞ കവിതകളില്‍ ഏറ്റവും ശ്രദ്ധേയമാണ് ജാമിഅ മില്ലിയ യൂനിവേഴ്സിറ്റി വിദ്യാര്‍ഥി ആമിര്‍ അസീസിന്റേത്. 'സബ് യാദ് രഖ് ജായേഗാ' (എല്ലാം ഓര്‍ത്തുവയ്ക്കും) എന്നു തുടങ്ങുന്ന കവിത രാജ്യമെങ്ങും ഏറ്റുചൊല്ലുന്നു. ഈ കവിതയിപ്പോള്‍ ലോകം ഏറ്റെടുത്ത കാഴ്ചയാണ് പുതുതായി വരുന്നത്.
ലോകം മുഴുവന്‍ ആരാധകരുള്ള പിങ്ക് ഫ്ലോയിഡ് ബാന്‍ഡിലെ ഗിറ്റാറിസ്റ്റ് റോജല്‍ വാട്ടേഴ്സാണ് ഈ കവിതയുടെ ഇംഗ്ലീഷ് വിവര്‍ത്തനം ചൊല്ലിയത്. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരത്തിലാണ് റോജര്‍ ആമിറിന്റെ കവിത ചൊല്ലിയത്. ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാന്‍ജിനെ മോചനത്തിനൊപ്പം ലോകത്തിലെ പല രാജ്യങ്ങളിലായി നടക്കുന്ന പ്രതിഷേധസമരങ്ങളെക്കുറിച്ചു കൂടി സംസാരിച്ചുകൊണ്ടായിരുന്നു റോജര്‍ കവിത ചൊല്ലിയത്.
'മോദിക്കും മോദിയുടെ ഫാസിസ്റ്റ്, വര്‍ഗീയ പൗരത്വ നിയമത്തിനും എതിരായ സമരത്തില്‍ പങ്കെടുക്കുന്നവനാണ് ആമിര്‍ അസീസ്'- എന്ന മുഖവുരയോടെയാണ് റോജര്‍ കവിത ചൊല്ലിയത്. ആമിര്‍ അസിസന്റെ പല കവിതകളും പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളായി മാറിയിരുന്നു.
റോജര്‍ കവിത ചൊല്ലുന്നു
കവിതയിങ്ങനെ:
'ഞങ്ങളെ കൊന്നോളൂ, ഞങ്ങള്‍ പ്രേതങ്ങളായി വരും, എഴുതും
നിങ്ങള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് തെളിവുകള്‍ നിരത്തും
നിങ്ങള്‍ കോടതികളിലിരുന്ന് തമാശ എഴുതുമ്പോള്‍
ഞങ്ങള്‍ മതിലുകളില്‍ നീതി എന്നെഴുതും
ബധിരര്‍ക്ക് പോലും കേള്‍ക്കുമാറുച്ചത്തില്‍ ഞങ്ങള്‍ സംസാരിക്കും
അന്ധര്‍ക്ക് പോലും കാണാവും വിധം തെളിച്ചത്തില്‍ ഞങ്ങള്‍ എഴുതും
നിങ്ങള്‍ ഭൂമിയില്‍ 'അനീതി' എന്നെഴുതുമ്പോള്‍
ഞങ്ങള്‍ ആകാശത്ത് 'വിപ്ലവം' എന്നെഴുതും
എല്ലാം ഓര്‍ത്തുവയ്ക്കും
എല്ലാം രേഖപ്പെടുത്തിവയ്ക്കും'
ആമിര്‍ അസീസിന്റെ കവിത ഹിന്ദിയില്‍ പൂര്‍ണമായി കേള്‍ക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."