ഹജ്ജ് സര്‍വിസിന് വിമാനങ്ങളില്ലാതെ എയര്‍ഇന്ത്യ
കൊണ്ടോട്ടി: ഈ വര്‍ഷത്തെ മുഴുവന്‍ ഹജ്ജ് സര്‍വിസുകളും നടത്താന്‍ ടെന്‍ഡര്‍ ലഭിച്ച എയര്‍ഇന്ത്യക്ക് ആവശ്യമായ വിമാനങ്ങളില്ല. സര്‍വിസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട സഊദി എയര്‍ലൈന്‍സും കൈമലര്‍ത്തിയതോടെ കരിപ്പൂര്‍ ഉള്‍പ്പെടെ മൂന്നിലൊന്ന് ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നും റീ-ടെന്‍ഡറിന് സാധ്യതയേറി. രാജ്യത്തെ മുഴുവന്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നും നേരിട്ട് സര്‍വിസ് നടത്താന്‍ ഈ വര്‍ഷം ടെന്‍ഡര്‍ ലഭിച്ചത് എയര്‍ഇന്ത്യക്കാണ്. ഹജ്ജ് ടെന്‍ഡറില്‍ എയര്‍ഇന്ത്യ കുറഞ്ഞ നിരക്ക് നല്‍കിയതിനാലാണ് സഊദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്ക് ഈ വര്‍ഷം അനുമതി ലഭിക്കാതിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ സഊദി എയര്‍ലൈന്‍സും എയര്‍ഇന്ത്യയും സംയുക്തമായിട്ടായിരുന്നു തീര്‍ഥാടകരെ കൊണ്ടുപോയിരുന്നത്.
പതിവ് യാത്രാവിമാനങ്ങളില്ലാത്തതിനാല് എയര്‍ഇന്ത്യയുടെ ഹജ്ജ് സര്‍വിസുകള്‍ വര്‍ഷങ്ങളായി പോര്‍ച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്ലാന്റിക്കിനാണ് നല്‍കുന്നത്. എയര്‍ഇന്ത്യയുടെ സീറ്റുകള്‍ വൈറ്റ് ലീസയാണ് വാടകയ്ക്ക് എടുക്കുന്നത്. എയര്‍ക്രാഫ്റ്റ്, ക്രൂ, മെയിന്റനന്‍സ്, ഇന്‍ഷുറന്‍സ് എന്നിവ പൂര്‍ണമായും ഏറ്റെടുത്താണ് സര്‍വിസ് നടത്തുന്നത്. എന്നാല്‍ ഈ വര്‍ഷം ഇന്ത്യയിലെ 1,25,025 യാത്രക്കാരെ കൊണ്ടുപോകാനുള്ള വിമാനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ എയര്‍ഇന്ത്യക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് രാജ്യത്തെ 21 ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ കരിപ്പൂര്‍ ഉള്‍പ്പെടെ മൂന്നിലൊന്ന് സ്ഥലങ്ങളില്‍നിന്ന് സഊദി എയര്‍ലൈന്‍സിനോട് സര്‍വിസ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എയര്‍ഇന്ത്യ ടെന്‍ഡര്‍ നല്കിയ തുകക്ക് ഹജ്ജ് സര്‍വിസ് നടത്താന്‍ സഊദി വിസമ്മതിച്ചതോടെ വീണ്ടും ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങാനാണ് വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്.
എയര്‍ഇന്ത്യ പിന്മാറുന്ന എംപാര്‍ക്കേഷന്‍ പോയിന്റുകളിലെ ടെന്‍ഡറില്‍ സഊദി ഉള്‍പ്പെടെ മറ്റു വിമാന കമ്പനികളുടെ ടെന്‍ഡര്‍ പരിഗണിക്കുകയോ, റീ-ടെന്‍ഡര്‍ ക്ഷണിക്കുകയോ ചെയ്യും. ഡിസംബര്‍ 24 മുതല്‍ ജനുവരി 16 വരെയാണ് രാജ്യത്തെ എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നും ഹജ്ജ് സര്‍വിസിന് വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത്. ഇന്ത്യയിലെയും സഊദി അറേബ്യയിലെയും വിമാന കമ്പനികള്‍ക്കാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള അവസരം നല്‍കിയത്. ജൂലൈ നാല് മുതലാണ് ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."