പൗരത്വ നിയമ ഭേദഗതി സാമൂഹികമാധ്യമങ്ങളും 'പിടിയില്‍'
ഹൈദരാബാദ്: തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പൗരത്വ വിരുദ്ധ സന്ദേശങ്ങള്‍ അനുവദിച്ചതിനു പ്രമുഖ സാമൂഹികമാധ്യമങ്ങള്‍ക്കെതിരേ കേസെടുത്ത് ഹൈദരാബാദ് പൊലിസ്. ഹൈദരാബാദ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം ട്വിറ്റര്‍, ടിക്‌ടോക്, വാട്‌സ്ആപ് എന്നിവയ്‌ക്കെതിരേയാണ് കേസ്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ പൗരത്വ നിയമത്തിനും ജനസംഖ്യാ രജിസ്റ്ററിനുമെതിരേ കാംപയിന്‍ നടത്തി സാമൂഹിക വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നു കാണിച്ച് സ്രിശൈലം എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി.
രാജ്യവിരുദ്ധമായി തെറ്റായ പ്രചാരവേലകള്‍ നടക്കുമ്പോള്‍ സന്ദേശങ്ങളുടെ ഉള്ളടക്കങ്ങള്‍ പരിശോധിക്കാതെ അതു പ്രചരിപ്പിക്കാന്‍ പ്രസ്തുത സാമൂഹിക മാധ്യമങ്ങള്‍ കൂട്ടുനിന്നെന്ന പരാതിയിലാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹിക വിരുദ്ധ ആശയങ്ങള്‍ രാജ്യത്തിനും പൗരന്‍മാര്‍ക്കും ഭീഷണിയാണ്. ഇതു തടയാനുള്ള നടപടികള്‍ സമൂഹ മാധ്യമങ്ങള്‍ എടുക്കുന്നില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 18ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, കേസില്‍ കൂടുതല്‍ നിയമോപദേശം ലഭിച്ചതിനു ശേഷമേ തുടര്‍നടപടികളിലേക്കു കടക്കുകയുള്ളൂവെന്ന് പൊലിസ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങള്‍ കേവലം സന്ദേശങ്ങള്‍ കൈമാറാനുള്ള മധ്യസ്ഥ ഉപാധികള്‍ മാത്രമാണ്.
അതുകൊണ്ടുതന്നെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന എല്ലാ സന്ദേശങ്ങളുടെയും ഉത്തരവാദിത്തം സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് വാദം. എന്നാല്‍, റിപ്പോര്‍ട്ട് ലഭിച്ചിട്ടും സാമൂഹികമാധ്യമങ്ങള്‍ നടപടിയെടുക്കാതിരുന്നാല്‍ അതു കുറ്റമാണെന്നും പൊലിസ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."