ആദിവാസി വികസനം അശാസ്ത്രീയം കയറിക്കിടക്കാന്‍ വീടില്ല; രാജകീയ പാതയുണ്ട്
പുല്‍പ്പള്ളി: കയറിക്കിടക്കാന്‍ നല്ലൊരു വീടുപോലുമില്ലാത്ത ആദിവാസികള്‍ക്ക് അവരുടെ കോളനികളിലേക്ക് രാജകീയ പാതയൊരുക്കി അധികൃതര്‍. സമ്പൂര്‍ണ്ണ കോളനി വികസന പദ്ധതിയുടെ മറവിലാണ് കോടികളുടെ അനാവശ്യചിലവ് നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കൃത ഫണ്ട് ഉപയോഗിച്ചാണ് ജില്ലയിലെ തെരഞ്ഞെടുത്ത ആദിവാസി കോളനികളിലേക്ക് സ്വപ്നസമാനമായ പാതയൊരുക്കുന്നത്. മൂന്ന് മീറ്റര്‍ വീതിയില്‍ ഇന്റര്‍ലോക്ക് ചെയ്താണ് കോളനികളിലേക്കുളള വഴികള്‍ നന്നാക്കിയത്.
സമ്പൂര്‍ണ്ണ കോളനി വികസനത്തിന് പുല്‍പ്പള്ളി പഞ്ചായത്തിലേക്ക് മാത്രം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് 11-കോടി രൂപയാണ്. ആദിവാസി കോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി തെരഞ്ഞെടുത്ത കോളനികളിലാണ് വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുവാന്‍ രണ്ടു വര്‍ഷം മുന്‍പ് പദ്ധതി തയാറാക്കിയത്. കോളനികളില്‍ ഊരുക്കൂട്ടങ്ങള്‍ വിളിച്ചുചേര്‍ത്തായിരുന്നു പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത് വകുപ്പ്, ട്രൈബല്‍ വകുപ്പ്-എന്നിങ്ങനെ 17-വകുപ്പുകള്‍ ചേര്‍ന്നായിരുന്നു കോളനി വികസനത്തിനുള്ള പദ്ധതികള്‍ തയാറാക്കിയത്. ആദിവാസികള്‍ വിപ്ലവ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകുന്നതിന് തടയിടുകയായിരുന്നു ഈ വികസന പദ്ധതികള്‍കൊണ്ട് ലക്ഷ്യമിട്ടത്.
ആദിവാസികള്‍ ആവശ്യപ്പെട്ടവ മുഴുവന്‍ നടപ്പാക്കുകയായിരുന്നു അധികൃതരുടെ പരിപാടി. വീടുകള്‍, റോഡ്, കന്നുകാലികള്‍, നടീല്‍ വസ്തുക്കള്‍ എന്നിങ്ങനെ ഊരുക്കൂട്ടങ്ങളില്‍ ഉയര്‍ന്നുവന്ന എല്ലാ കാര്യങ്ങളും വിവിധ വകുപ്പുകള്‍ സംയോജിച്ച് നടപ്പാക്കുകയായിരുന്നു. പുല്‍പ്പള്ളി പഞ്ചായത്തിലെ മേലെക്കാപ്പ്, ഓണിമൂല, താഴെമഠാപ്പറമ്പ് എന്നീ കോളനികളാണ് വികസന വിസ്‌ഫോടനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പദ്ധതിയുടെ പണമുപയോഗിച്ച് മഠാപ്പറമ്പിലേക്ക് വനത്തിലൂടെ രണ്ടര കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്റര്‍ലോക്ക് ചെയ്ത് റോഡുണ്ടാക്കിയിരിക്കുന്നത്. താഴെക്കാപ്പ് കോളനിയിലേക്കും ഇതേ രീതിയില്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്. നിര്‍മാണത്തിലെ അപാകതകൊണ്ട് മഠാപ്പറമ്പിലേക്കുള്ള റോഡ് താഴെമഠാപ്പറമ്പിനു സമീപം നിര്‍മാണം കഴിയും മുന്‍പെ തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."