ലൈഫ് മിഷന്‍: പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:ലൈഫ് മിഷന്‍ പദ്ധിതിയിലൂടെ രണ്ടുലക്ഷം വീട് പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.പി ശശിതരൂരും ചടങ്ങ് ബഹിഷ്‌കരിച്ചതിനെതിരെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.
എന്തിനെയാണ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്, ഈ പാവങ്ങളോടാണോ ഇത്തരം ക്രൂരത കാണിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന പ്രവര്‍ത്തനമാണിത്. യുഡിഎഫ് നേരത്തെയും ഇത്തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ലോകകേരള സ ഭയില്‍ നിന്നും വിട്ടുനിന്നു. നിക്ഷേപ സംഗമം നടത്തിയപ്പോഴും പ്രളയ പുനരധിവാസത്തിലുമെല്ലാം പ്രതിപക്ഷം മാറിനിന്നു. ഇതെല്ലാം എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ആരായിരുന്നു മുമ്പ് ഭരിച്ചതെന്നല്ല, പൂര്‍ത്തിയാക്കാന്‍ എത്ര വീടുകളുണ്ടെന്നാണ് സര്‍ക്കാര്‍ നോക്കിയത് 52,050 വീടുകള്‍ ഒഴികെയുള്ളവ രണ്ടും മൂന്നും ഘട്ടത്തില്‍ നിര്‍മിച്ചവയാണ്. അതിന്റെ മേല്‍ ആര്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല. യു.ഡി.എഫ് നിര്‍മിച്ചു തുടങ്ങിയ വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉണ്ടെങ്കില്‍ ക്രെഡിറ്റ് എടുത്തോളൂ എന്നും പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഖജനാവില്‍ നിന്നും പൈസയെടുത്ത് പരസ്യം കൊടുത്ത് സര്‍ക്കാര്‍ മേനി കാട്ടുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്യുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."