ഗതകാലത്തിലേക്ക് മിന്നുന്ന ഞെക്കുവിളക്ക്
കാലം എത്ര പൊടുന്നനെയാണ് പാഞ്ഞുപോകുന്നത്. കാലവേഗങ്ങളില്‍ സാംസ്‌കാരികവും നാഗരികവുമായ സര്‍വ തനതുകളും ക്ഷിപ്രത്തില്‍ നവീകരിക്കപ്പെടും. ഇതില്‍ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഉള്‍പ്പെടുന്നു. അങ്ങനെയാണ് സാമൂഹ്യജീവിതം മുന്നേറുന്നത്. അപ്പോള്‍ അറുപതെഴുപത് ആണ്ട് മാത്രം നീളുന്ന മനുഷ്യജീവിതത്തില്‍തന്നെ ഒരാള്‍ എന്തെന്ത് മാറ്റങ്ങളാണ് സാക്ഷ്യപ്പെടുത്തുന്നത്. ഉപകരണങ്ങള്‍, ഭക്ഷ്യരൂപങ്ങള്‍, ആചാരങ്ങള്‍, യാത്രകള്‍, ബോധ്യങ്ങള്‍ ഇതുമാത്രമല്ല അവരുടെ ഭാഷപോലും പുതിയ കാലബോധത്തില്‍ പുന:സംരചിക്കപ്പെടുന്നു. ഇത് ഏറെ കൗതുകകരവും ആവേശകരവുമായി അനുഭവപ്പെടണമെങ്കില്‍ സ്വന്തം ഇന്നലെകളെ താന്‍കൂടി അനുഭവിച്ച കാലരാശിയില്‍ നിന്ന് മാറി സൂക്ഷ്മത്തില്‍ നിരീക്ഷിക്കേണ്ടതുണ്ട്. ഇത്തരം ഒരു നിരീക്ഷണമാണ് വചനം ബുക്‌സ് പ്രസിദ്ധീകരിച്ച പി.കെ അബ്ദുല്ലയുടെ ഞെക്കുവിളക്ക് എന്ന നോവല്‍. ഇത്തരം എഴുത്തുകള്‍ കേവലമായ സര്‍ഗാത്മക വ്യവഹാരങ്ങള്‍ മാത്രമല്ല സൂക്ഷ്മമായ ചരിത്ര വിശകലനം കൂടിയാണ്. ഒരു സമൂഹത്തിന്റെ സൂക്ഷ്മ ചരിത്ര തനതുകളെ ധീരമായി അഭിവാദ്യം ചെയ്യുന്നത് സത്യത്തില്‍ സര്‍ഗാത്മക എഴുത്തുകള്‍ തന്നെയാണ്. കാലബോധങ്ങളോടെ ഒരു ദേശസമൂഹത്തിലെ സര്‍വ ഗതിവിഗതികളെയും അടുക്കിപ്പെറുക്കി രേഖീയമാക്കുന്നതാണ് ശുദ്ധ ചരിത്രം. ഇത് അത്യന്തം വിരസവും അനാകര്‍ഷകവുമാകുന്നു എന്നത് മാത്രമല്ല അതില്‍ പരവായനകള്‍ക്ക് ഒട്ടുമേ സാധ്യതകള്‍ കാണുകയുമില്ല. വാര്‍പ്പ് മാതൃകയില്‍ ഒരു സമൂഹത്തിന്റെ ജീവിതാവസ്ഥകളെ അക്കങ്ങളുടെ വരണ്ട അറകളില്‍ അവതരിപ്പിക്കപ്പെടുക മാത്രം. അതുകൊണ്ട് സര്‍ഗാത്മക ഭാവനയുടെ തല്‍പ്പത്തിലേറിയുള്ള ചരിത്രാവതരണത്തിന് ഇന്ന് ഏറെ പ്രസക്തി കാണാം. ഇത് ഏറ്റവും ത്രസിച്ചു നില്‍ക്കുന്നതാകട്ടെ പ്രാദേശിക ചരിത്രരചനയിലാണ്. ഗ്രാമ്യപ്രധാനം മാത്രമായ നിരവധി മിത്തുകള്‍ ഇത്തരം എഴുത്തുകളില്‍ മനോഹരമായി വ്യാഖ്യാനിക്കപ്പെടുന്നു.
ഇതില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു രാജ്യത്തിന്റെയല്ല സംസ്ഥാനത്തിന്റെ പോലും എത്ര സമഗ്രമായ ചരിത്ര രചനയില്‍പോലും ഒരു ഗ്രാമത്തിലെ സാധു മനുഷ്യരുടെ ജീവിതം ഇടംതേടുകയില്ല. അവരുടെ ജീവിതാവിഷ്‌കാരങ്ങള്‍, നിയോഗപൂര്‍ത്തികള്‍, ആതംഗഹര്‍ഷങ്ങള്‍ ഇതൊന്നും രേഖീയമാവുകയേയില്ല. പ്രാദേശിക ചരിത്ര നിരീക്ഷണമാവുമ്പോള്‍ അവിടുത്തെ ഏത് അപരനും ജീവിതമുണ്ടാവും. അവന്റെ ഇത്തിരിപ്പോന്ന കുഞ്ഞുജീവിതവും ഗ്രാമം പുരസ്‌കരിച്ചു നല്‍കും. അത്തരക്കാരുടെ വേദനകള്‍, അപൂര്‍വ സന്തോഷങ്ങള്‍ സ്ഥലത്തെ ദിവ്യന്‍മാരെ വിസ്മയിപ്പിക്കും വിധമുള്ള ഇത്തരക്കാരുടെ സമര്‍പ്പണങ്ങള്‍ ഇതൊക്കെ കാലാതിവര്‍ത്തിയായി രേഖയാകും. അതായിരിക്കും യഥാര്‍ഥ ചരിത്രവും. ഇത്തരം ചരിത്ര കൃത്യതയെ സര്‍ഗാത്മകമായി അവതരിപ്പിക്കുമ്പോഴാണ് കേവലമായ സ്ഥൂലത വകഞ്ഞ് അത് പാരായണക്ഷമത കാണിക്കുക. ഇത്തരത്തിലൊരു രചനയാണ് പി.കെ. അബ്ദുള്ളയുടെ ഞെക്കുവിളക്ക്. ചൈതന്യധന്യമാര്‍ന്ന മുക്കാല്‍ നൂറ്റാണ്ട് ദീര്‍ഘമായ തന്റെ ജീവിതയാത്രയില്‍ ജന്മഗ്രാമമായ കൊടിയത്തൂരില്‍ താന്‍ കണ്ടവരും കേട്ടവരും ഈ നോവലില്‍ നമ്മോട് സംസാരിക്കുന്നു. അവരുടെ ധന്യതയാര്‍ന്ന ജീവിത സന്ദര്‍ഭങ്ങള്‍ വളരെ സര്‍ഗാത്മകമായി ഈ പുസ്തകത്തില്‍ വന്നു നിറയുന്നു. ഇതില്‍ ഉപലബ്ധമാകുന്നതോ കൊടിയത്തൂര്‍ ദേശത്തിന്റെ സൂക്ഷ്മചരിത്രവും. ഇത് മലബാറിന്റെ ചരിത്ര സംക്ഷേപമാകുന്നു.
ഗ്രാമജീവിതം ചരിത്രാതീത കാലത്ത് എങ്ങനെയായിരിക്കാം തിളച്ചുമറിഞ്ഞതെന്ന് എഴുത്തുകാരന്‍ നിരീക്ഷിക്കുന്നത് ഗ്രാമത്തിലെ ചില പുരാവൃത്ത വിശകലനങ്ങളിലൂടെയാണ്. ഗ്രാമവിതാനത്തില്‍ നിന്ന് നോക്കിയാല്‍ കാണുന്ന പശ്ചിമഘട്ട മലനിരയാണവര്‍ക്ക് കരിങ്കൊറ്റി. ഗ്രാമത്തിലെ എല്ലാ അരുതായ്മയുടെയും ആദിപ്രഭവം കരിങ്കൊറ്റിയാണ്. എല്ലാ ശാപങ്ങളും ഉള്ളിലൊതുക്കി ജട ചൂടി മുഖം കറപ്പിച്ചിരിക്കുന്ന കരിങ്കൊറ്റിക്കഭിമുഖമായി ആരും ഗ്രാമത്തില്‍ കൂര വയ്ക്കാറില്ല. അതവരുടെ ഭീതിയും ആശ്രയവും ചരിത്രവും വര്‍ത്തമാനവും ഭാവിയും കൂടിയാണ് എന്നും ആ മലമടക്കില്‍ കുടിപാര്‍ക്കുന്ന കരിങ്കൊറ്റി. ഏത് സജീവമായ നാഗരിക ജീവിതത്തിലും പര്‍വത്തിന് അപാര സ്വാധീനമുണ്ട്. ഹിമാലയവും ഒളിമ്പസ് കുന്നുകളും സഫാ മര്‍വകളും സീനാ മലനിരകളും ഇങ്ങനെ സാംസ്‌കാരിക ജീവിതത്തെ നിര്‍ണയിച്ച ഗിരിശൃംഗങ്ങളാണ്.
കൊടിയത്തൂര്‍ ദേശത്തിന്റെ ജീവവാഹിനിയാണ് ചാലിയാറിന്റെ കുഞ്ഞു കൈവഴിയായ ഇരുവഴിഞ്ഞി. സ്വാഭാവികമായും ഈ ആറ്റിറമ്പിലാണ് ദേശജീവിതം ഇരമ്പിയത്. ഏത് നദിയും ഒഴുകുന്നത് ചരിത്രത്തിലൂടെയുമാണ്. സംസ്‌കാരതീരങ്ങളില്‍ തടംതല്ലി കാലഭേദങ്ങളുടെ കാണാകയങ്ങളില്‍ ഉയര്‍ന്ന് താണ് കാലത്തിന്റെ മഹാനിത്യതയിലേക്ക് ഈ നദിയും ഒഴുകിത്തീര്‍ക്കുന്നു. ഈ ആറ്റുതീരത്താണ് ദേശത്തിലെ ആഴ്ചച്ചന്തകള്‍. ദേശവാസികള്‍ക്കുള്ള അന്ന വസ്ത്രാദികള്‍, പണിയായുധങ്ങള്‍, മുറുക്കു ചമയങ്ങള്‍, മണ്‍കല വിസ്മയങ്ങള്‍, മീന്‍ വലകളും ചൂണ്ടക്കൊളുത്തുകളും എന്നുവേണ്ട സുറുമയും കുപ്പിവളകളും ചികില്‍സയും മരുന്നും പലഹാരഭേദങ്ങളും വാണിഭമാകുന്നതിവിടെ. ശുദ്ധ നാണയവ്യവസ്ഥ ഗ്രാമവാസികള്‍ക്ക് പരിചിതമല്ല. അപ്പോള്‍ അവരുടെ കമ്മട്ടം തേങ്ങയും മാങ്ങയും ചേമ്പും ചേനയും കോഴിയും കോഴിമുട്ടയുമാകും. ഇങ്ങനെ നിത്യനിദാനം പോലെ ആവര്‍ത്തിതമാകുന്ന ഈ ചന്തയില്‍ കൈമാറുന്നത് ഉപഭോഗവസ്തുക്കള്‍ മാത്രമല്ല ശൃംഗാരങ്ങളും വിപ്രലംഭങ്ങളും കണ്ണും കരളും പലപ്പോഴും ജീവിതങ്ങള്‍ കൂടിയായിരിക്കും. ഈ ചന്തയില്‍ പങ്കെടുക്കാന്‍ വിപണി ലക്ഷ്യക്കാര്‍ മാത്രമല്ല എത്തുന്നത് ജ്ഞാനദാഹികളും രാഷ്ട്രീയ പ്രവര്‍ത്തകരും കൂടിയാണ്. ദേശം ഓരോ ചന്ത പിരിയുമ്പോഴത്തേക്കും പതിയേ നവോഥാനപ്പെടുന്നത് എഴുത്തുകാരന്‍ നിരീക്ഷിക്കുന്നു.
നോവലില്‍ അബ്ദുല്ല കണ്ടെത്തുന്ന മറ്റൊരു ഗ്രാമക്കാഴ്ച അവിടുത്തെ ചായമക്കാനിയും ബീഡിക്കമ്പനിയുമാണ്. ആരോഗ്യത്തിനും ഉന്മേഷത്തിനും ഒറ്റമൂലിയായി ബീഡി പരിഗണിക്കപ്പെട്ട ഒരു കാലം. ബീഡിയും തീപ്പെട്ടിയും പൗരുഷത്തിന്റെയും സാക്ഷ്യമായിരുന്നു. നിരനിരയായിരുന്ന് മുറത്തില്‍ തലേന്ന് നനച്ച ബീഡിയിലയില്‍ നുറുക്കിത്തിരുമ്മിയ പുകയില നിറച്ച് താളത്തില്‍ ബീഡികെട്ടി മുറത്തിലെ മൂലയില്‍ കൂനയാക്കുന്ന പാവം തൊഴിലാളികള്‍. പകലന്തിയോളം കൂനിയിരുന്ന് ബീഡി തിരച്ചാലും ദാരിദ്ര്യത്തെ പൊട്ടിയാട്ടാന്‍ കഴിയാതെ വാടിയ മുഖവും കുഞ്ഞുസഞ്ചിയുമായി വീടണയുന്നവര്‍. അവരുടെ മൂപ്പനാണ് ആലിക്കുട്ടി. രാത്രി ബീഡിയിലകള്‍ ഓഹരിവച്ച് പണിക്കാര്‍ക്ക് നല്‍കുന്നതും പിറ്റേന്ന് സന്ധ്യക്ക് ബീഡി എണ്ണിവാങ്ങി കൂലി നല്‍കുന്നതും ആലിക്കുട്ടിയാണ്. അദ്ദേഹത്തിന്റെ ഭാര്യ കദീശ. ബിച്ചാലിയാണ് ദേശത്തിലെ പ്രമാണിയായ ചായക്കച്ചവടക്കാരന്‍. അയാളുടെ കെട്ടിയോള്‍ കുഞ്ഞായിശ. ഇവര്‍ തമ്മിലുള്ള ദാനാദനങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സ്വാതന്ത്ര്യപൂര്‍വമായ ആയിരത്തി തൊള്ളായിരത്തി നാല്‍പതുകള്‍ തൊട്ട് പ്രവാസ സൗഭാഗ്യം മലബാറിനെ തഴുകിയ എഴുപതുകള്‍ വരെയാണ് നോവലിലെ നോവലിലെ കാലപ്രതലം.
ഗ്രാമത്തിലന്ന് വൈദ്യുതിയില്ല. മുനിഞ്ഞു കത്തുന്ന പാട്ടവിളക്കിന്റെ മാണിക്യനാളം മോന്തി ജിന്നും ഇഫ്‌രീത്തും റൂഹാനിയും കരിങ്കൊറ്റിയും ചാത്തനും മറുതയും അന്തിയിരുട്ടിയാല്‍ ഗ്രാമത്തില്‍ നെറുകെയും കുറുകെയും മണ്ടിനടന്നു. ഇവരുടെ ബാധയേറ്റ് ദണ്ണം പെരുത്ത പെണ്ണുങ്ങള്‍ കൊല്ലങ്കര ബീവിയുടെ മറയ്ക്കു പിന്നില്‍ നിരനിരയായി ശമനം കാത്തുനിന്നു. അവിവാഹിതര്‍ക്ക് അബദ്ധത്തില്‍ മാസമുറ തെറ്റിയാലും അയലത്തെ കുഞ്ഞിന് അജീര്‍ണ്ണമായാലും അന്ന് ശരണം കൊല്ലങ്കര ബീവി. വരം കിട്ടിയ ബീവിയോടുള്ള തവക്കുല്‍ കൊണ്ടാകാം ബീഡിക്കാരന്‍ ആലിക്കുട്ടിയിലും ദേശവാസികള്‍ സിദ്ധി കണ്ടുപിടിച്ചു. വീടുവിട്ടുപോയ മകളെ സ്വന്തം ഉമ്മയ്ക്ക് ആലിക്കുട്ടി പ്രവചിച്ച അതേനേരം വീടെത്തിച്ചു നല്‍കി. അതാണ് ആ ഉമ്മക്ക് ആലിക്കുട്ടിയെ കൊല്ലങ്കര ബീവിക്ക് സമാനമാക്കിയത്. അതോടെ സങ്കടജാഥകള്‍ ആലിക്കുട്ടിയുടെ പടാപ്പുറത്തും സ്ഥിരപ്പെട്ടു. പക്ഷേ അത്തരം അമാനുഷിക ശേഷി തന്നില്‍ ആരോപിക്കുകയേ വേണ്ടെന്ന ശാഠ്യത്തില്‍ ആലിക്കുട്ടി കട്ടായം നില്‍ക്കുന്നു. ഇത് ഈ നോവലിലെ ജ്വലിക്കുന്ന ഒരു മുഹൂര്‍ത്തമാണ്. ഇത്തരം ആലിക്കുട്ടിമാരാണ് അക്കാലത്ത് മുസ്‌ലിം സമാജത്തില്‍ സാമൂഹ്യ നവോഥാനവും മതനവീകരണവും കൊണ്ടുവന്നത്. ആലിക്കുട്ടി മകള്‍ ബുഷ്‌റയെ ഗ്രാമത്തിനെത്രയോ അപ്പുറത്തുള്ള ഹൈസ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു. പെണ്‍കുട്ടികള്‍ എഴുത്തു പഠിച്ചാല്‍ കത്തെഴുതി മാരനെ വരുത്തുമെന്ന് ഉറുദി കേള്‍ക്കുന്ന ഒരു കാലത്താണ് ഒരു ബീഡിത്തൊഴിലാളി മകളെ ഹൈസ്‌കൂളിലേക്ക് മേല്‍ പഠിപ്പിനയയ്ക്കുന്നത്.
യൂറോപ്യന്‍ അധിനിവേശത്തിനെതിരെ നിരന്തരം കലഹിച്ച മാപ്പിളമാരെ പരിഷ്‌കാരികളാക്കാന്‍ കോളനി ഭരണകൂടം എറിഞ്ഞുകൊടുത്തതായിരുന്നു 1921 നു ശേഷം മലബാറില്‍ പലേടത്തും നിലവില്‍ വന്ന എലിമെന്ററി സ്‌കൂളുകള്‍. ഇതിലൊന്ന് നോവലിസ്റ്റിന്റെ നാട്ടിലും സംഭവിക്കുന്നു. അവിടെ വാധ്യാരായി വന്ന ഒരാള്‍ കുമാരന്‍ മാഷ്. കേരളീയ നവോഥാനത്തില്‍ ഇങ്ങനെ അധ്യാപകര്‍ വഹിച്ച ഒരു പങ്കുണ്ട്. അതിനിയും പഠിക്കപ്പെടേണ്ടതാണ്. ദേശീയ പ്രസ്ഥാന കാലങ്ങളിലും ഇടതുപക്ഷ സാംസ്‌കാരിക മുന്നേറ്റത്തിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഉത്സാഹങ്ങളിലും ഇങ്ങനെ ആത്മബോധമുള്ള ഗുരുസാന്നിധ്യത്തിന്റെ മുഴക്കം കേള്‍ക്കാം. ഈ നോവലിലും അങ്ങനെ ഒരാളുണ്ട്. അത് കുമാരന്‍ മാഷ്. കല്യാണ കമ്പിയില്‍ കണക്കെഴുതുന്ന, കമ്പി വായിച്ചു കൊടുക്കുന്ന, കത്തിന് മറുപടി എഴുതിക്കൊടുക്കുന്ന ജുബ്ബയിട്ട കുമാരന്‍ മാഷ്. മാഷിന്റെ മുന്‍കൈയിലാണ് ബീഡിപ്പീടികയില്‍ ദിനപത്രം വരാന്‍ തുടങ്ങിയത്. ഇരുട്ട് മുറ്റിയ ഗ്രാമാങ്കണത്തിലേക്ക് ജ്ഞാനോദയത്തിന്റെ ഞെക്കുവിളക്ക് തെളിക്കുന്ന കുമാരന്‍ മാഷ് നവോഥാനത്തിന്റെ പ്രതിനിധിയായത് ചരിത്രസാക്ഷ്യം അങ്ങനെയായതുകൊണ്ട് മാത്രമാകില്ല മറിച്ച് എഴുത്തുകാരന്‍ നാല്‍പത് വര്‍ഷം ഒരധ്യാപകനായതുകൊണ്ടുകൂടിയാവാം.
ഇന്ത്യ സ്വതന്ത്രമാവുന്നതും അപ്പോള്‍ തന്നെ കേരളത്തില്‍ ഇടതുപക്ഷധാര സ്വാധീനം നേടുന്നതും അതില്‍ പത്രപാരായണം ചെലുത്തിയ മുന്‍കൈയും പുസ്തകത്തിലുണ്ട്. അതോടൊപ്പം മലബാറിലെ മുസ്‌ലിം സമുദായം എങ്ങനെയാണ് നവോഥാനപ്പെട്ടതെന്ന കഥയും. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വായനാ സമൂഹവും പ്രസാധക സമൂഹവും അവരാണ്. ജ്ഞാനാന്വേഷണ മണ്ഡലത്തില്‍ അവര്‍ ഇന്ന് ഏറെ മുന്നിലാണ്. ഇന്ത്യയിലെ ഏത് സര്‍വകലാശാലാ വളപ്പിലും ഊര്‍ജ്ജസ്വലരായി ഇന്നവരുണ്ട്. ഇതിന്റെയൊക്കെ അവകാശികളായി എത്തുന്നത് ഇന്ന് നിരവധിയാണ്. പക്ഷേ സത്യത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ ഉന്മേഷത്തിന് ഇവരൊന്നുമല്ല കാരണക്കാര്‍. പിന്നെയോ പായക്കപ്പലുകളിലും തുഴവഞ്ചികളിലും സഹനപര്‍വത്തിന്റെ തിരശൈലങ്ങള്‍ വകഞ്ഞ് കാണാത്ത അറബിത്തീരങ്ങള്‍ തേടിപ്പോയ പ്രവാസത്തിന്റെ തീര്‍ഥാടന പിതാക്കന്‍മാരാണ്. നോവലിലെ ആലിക്കുട്ടി ഇതില്‍ ഉള്‍പ്പെടുന്നു. സ്വന്തം ജീവിതത്തിന്റെ പരിത്യാഗം കൂടിയായിരുന്നു ആലിക്കുട്ടിയുടെ തലമുറയ്ക്കാ പ്രവാസം. അങ്ങനെ സ്വരുക്കൂട്ടിയ ദമ്പിടികള്‍ കൊണ്ടവര്‍ മക്കളെ മേല്‍പഠിപ്പിനയച്ചു. തങ്ങള്‍ക്ക് കിട്ടാത്ത ജ്ഞാനത്തിന്റെ മഹാകുംഭങ്ങളുമായി മക്കള്‍ തിരിച്ചെത്തി. ഇന്നത്തെ പ്രവാസികള്‍ ആലിക്കുട്ടിയുടെ പൗത്രസംഘങ്ങളാണ്. അവര്‍ മെനയുള്ള വീടുകള്‍ വച്ചു. മാനക ഭാഷ സംസാരിച്ചു. നല്ല വസ്ത്രങ്ങള്‍ ധരിച്ചു. തങ്ങള്‍ക്ക് ലഭിച്ചതിലിവര്‍ ഉദാരരായി. അതിനുള്ള പ്രമാണപാഠങ്ങള്‍ കൂടി ആലിക്കുട്ടിയുടെ തലമുറ രണ്ടാം തലമുറയ്ക്ക് കൈമാറിയിരുന്നു. ഇന്നവര്‍ തലയുയര്‍ത്തി അഭിജാതമായി ജീവിക്കുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും ഇന്നു കാണുന്ന സമൃദ്ധിയിലേക്ക് മലബാറിലെ ഒരു ദീപ്തസമൂഹം നടത്തിയ ധീരസഞ്ചാരത്തിന്റെ കഥ കൂടിയാണ് ഞെക്കുവിളക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."