പഠനത്തിനെന്തു പ്രായപരിധി?
പഠനത്തിനു പ്രായം തടസമാണോ? പ്രായം അങ്ങകലെയെത്തിയെന്നു കരുതി പഠനം തുടങ്ങാനോ തുടരാനോ പാടില്ലെന്നുണ്ടോ?
ഒരിക്കല്‍ പ്രായമായ ഒരാള്‍ ഒരു മനഃശാസ്ത്രജ്ഞനോടു പറഞ്ഞു: ''ജീവിതത്തില്‍ എനിക്കൊരു സ്വപ്നമുണ്ട്. പക്ഷേ, അതു നടക്കുമോ എന്നതില്‍ യാതൊരു ഉറപ്പുമില്ല.''
മനഃശാസ്ത്രജ്ഞന്‍ ചോദിച്ചു: ''എന്താണു നിങ്ങളുടെ സ്വപ്നം?''
''എനിക്കു മനഃശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടണം.''
''അതിലെന്താണു നടക്കാത്ത പ്രശ്‌നം..?''
''എനിക്കു പ്രായമേറെയായി.''
''എത്രയാണു പ്രായം?''
''എഴുപത്..''
''ഏതു സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി നേടാനാണ് ആഗ്രഹിക്കുന്നത്?''
''ലണ്ടന്‍ സര്‍വകലാശാലയില്‍നിന്ന്..!''
''പഠനം പൂര്‍ത്തീകരിക്കാന്‍ എത്ര വര്‍ഷമെടുക്കും..?''
''അഞ്ചു വര്‍ഷം.''
''ശരി, നിങ്ങള്‍ പ്രായം പരിഗണിക്കാതെ പഠനത്തിനുപോയി അഞ്ചു വര്‍ഷംകൊണ്ട് ഡോക്ടറേറ്റ് നേടിക്കഴിഞ്ഞാല്‍ നിങ്ങളുടെ പ്രായമെത്രയായിരിക്കും..?''
''എഴുപത്തിയഞ്ച്.''
''പ്രായം പരിഗണിച്ച് പഠനത്തിനുപോകാതെ അഞ്ചുവര്‍ഷം വീട്ടിലിരുന്നാല്‍ നിങ്ങളുടെ വയസ് എത്രയായിരിക്കും..''
''അപ്പോഴും എഴുപത്തിയഞ്ച്.''
''ഒരിക്കല്‍ കൂടി ഞാന്‍ ചോദ്യം ആവര്‍ത്തിക്കട്ടെ.. ഡോക്ടറേറ്റ് നേടിക്കഴിയുമ്പോള്‍ നിങ്ങളുടെ പ്രായമെത്ര...?''
''എഴുപത്തിയഞ്ച്.''
''ഡോക്ടറേറ്റ് നേടാതിരുന്നാലോ..?''
''എഴുപത്തിയഞ്ച്.''
''അപ്പോള്‍ പഠിച്ചാലും പഠിച്ചില്ലെങ്കിലും പ്രായം എഴുപത്തിയഞ്ചാകും. എങ്കില്‍ പഠിച്ച് എഴുപത്തിയഞ്ചാകുന്നതല്ലേ പഠിക്കാതെ അത്രയും പ്രായമാകുന്നതിനെക്കാള്‍ നല്ലത്..''
ഇത്രയും കാലം പഠിച്ചിട്ടും മതി യായില്ലേ എന്നാണു പലരുടെയും ചോദ്യം. ഇനി എവിടേക്കാ പഠിച്ചിട്ട് എന്ന ചോദ്യവുമായി ചിലര്‍ 'ഉപദേശിക്കാനും' മുന്നോട്ടുവരും. ഈ വയസാന്‍ കാലത്തും പഠിച്ചങ്ങനെ ഇരിക്കുകയാണോ എന്നു ചോദിക്കുന്നവരും വിരളമല്ല. എന്നാല്‍ അത്തരം ചോദ്യക്കാരോട് ഒരു മറുചോദ്യം: നിങ്ങള്‍ പറഞ്ഞതനുസരിച്ചു പഠനം അവസാനിപ്പിക്കുന്നു. പക്ഷേ, അവസാനിപ്പിക്കുന്നതുകൊണ്ടു കിട്ടുന്ന മെച്ചമെന്താണ്? പ്രായമേറെയായതാണു പഠനം അവസാനിപ്പിക്കാന്‍ നിങ്ങള്‍ കാണുന്ന ന്യായമെങ്കില്‍ മുതിര്‍ന്ന പ്രായത്തിലും അറിവില്ലാത്തവനായി ജീവിക്കേണ്ട ഗതികേടിനു നിങ്ങള്‍ എന്തു പരിഹാരം നിര്‍ദേശിക്കും?
ഒന്നാം ക്ലാസില്‍നിന്ന് ആരംഭിച്ചു ബിരുദാനന്തര ബിരുദത്തോടുകൂടി അവസാനിക്കേണ്ട പ്രക്രിയയല്ല വിദ്യാഭ്യാസം. അതിന്റെ ആരംഭം ഒന്നാം ക്ലാസില്‍നിന്നുമല്ല; തൊട്ടിലില്‍നിന്നാണ്. അത് ഏതെങ്കിലും ബിരുദത്തിലല്ല അവസാനിക്കേണ്ടത്; മരണക്കിടക്കയിലാണ്. തൊട്ടില്‍മുതല്‍ കട്ടില്‍വരെ എന്നു പറയുന്നത് അതാണ്. കോഴ്‌സുകള്‍ തീര്‍ന്നാലും വിദ്യാഭ്യാസം തീരരുത്.
ചിലര്‍ വിദ്യാഭ്യാസത്തില്‍നിന്നു പിന്തിരിയാന്‍ ന്യായം പറയുന്നതു ചെറുപ്പത്തില്‍ പഠിച്ചില്ലെന്നാണ്. ചെറുപ്പത്തില്‍ പഠിച്ചില്ലെങ്കില്‍ ഇനി തീരെ പഠിക്കേണ്ട എന്നാണോ? കഴിക്കേണ്ട സമയത്തു കഴിക്കാത്തതുകൊണ്ട് ഇനി തീരെ ഭക്ഷണം കഴിക്കേണ്ട എന്നാണോ നിങ്ങള്‍ തീരുമാനിക്കാറ്!
പഠിക്കേണ്ട പ്രായത്തില്‍ പഠിക്കാനായില്ലെങ്കില്‍ പഠിക്കാന്‍ കഴിയുന്ന സമയത്ത് പഠിക്കലാണു ബുദ്ധി. സമയത്തിനു ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഇനി പട്ടിണി കിടന്നു മരിക്കാം എന്നു തീരുമാനിക്കുന്നതു വങ്കത്തമാണ്. ചെറുപ്പത്തില്‍ പഠിച്ചില്ലെന്ന പ്രശ്‌നം ആദ്യമേ നിലനില്‍ക്കുന്നുണ്ട്. ആ പ്രശ്‌നമുള്ളതുകൊണ്ട് ഇനി അജ്ഞനായി തുടരാം എന്നു തീരുമാനിക്കുന്നതു പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കലാണ്.
പഠിക്കേണ്ട പ്രായം മരണംവരെ തീരില്ല. പഠനം അവസാനിപ്പിക്കേണ്ട പ്രായം എന്നൊരു പ്രായം ജീവിതത്തില്‍ ദൈവം നമുക്കു നല്‍കിയിട്ടില്ല. നൂറിന്റെ നിറവിലാണു പഠനത്തിനു സൗകര്യപ്പെടുന്നതെങ്കില്‍ അതു പഠനകാലമാക്കണം. അല്ലാതെ അജ്ഞത തിരഞ്ഞെടുത്ത് 'സംതൃപ്തി'യടയുകയല്ല വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."