കുണ്ടന്നൂര്‍ ടോള്‍ പിരിവിനെതിരേ പ്രതിഷേധം ശക്തം21ന് പ്രതിഷേധ മനുഷ്യ ശൃംഖല
മരട്: പതിനാറ് വര്‍ഷമായി തുടരുന്ന കുണ്ടന്നൂര്‍ ടോള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ മാസം 27ന് ടെണ്ടര്‍ നടപടികള്‍ നടക്കാനിരിക്കെ നഗരസഭയുടെ നേതത്വത്തില്‍ ഇന്നലെ മരടിലെ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങി മരടിലെ എല്ലാ മേഖലയിലേയും പ്രതിനിധികള്‍ ചേര്‍ന്ന് ജനകീയ പ്രതിരോധ സമരസമിതി രൂപീകരിച്ചു. കുണ്ടന്നൂര്‍ ഇ.കെ നായനാര്‍ നാളില്‍ നടന്ന യോഗം നഗരസഭാ ആക്ടിംങ് ചെയര്‍മാന്‍ കെ.എ ദേവസി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ദിഷ പ്രതാപന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബോബന്‍, അബ്ദുള്‍ ജബ്ബാര്‍, ദിവ്യ അനില്‍കുമാര്‍, ജമീല മുഹമ്മദ് കൗണ്‍സിലര്‍മാരയ ടി. കെ. ദേവരാജന്‍ ,ആന്റണി ആശാംപറമ്പില്‍, ട്രൂറ ചെയര്‍മാന്‍ വി.പി.പ്രസാദ് രാജി തമ്പി എന്നിവര്‍ പ്രസംഗിച്ചു.
15 കിലോമീറ്റര്‍ അര്‍ധവ്യാസത്തില്‍ ഒരു ടോള്‍ മാത്രം എന്ന നിയമം നിലനില്‍ക്കെ മരട് നഗര സഭയില്‍ ഈ പരിധിയില്‍ മൂന്ന് ടോള്‍ പിരിവുകളാണ് നടക്കുന്നത്.
കുണ്ടന്നൂരില്‍ മറ്റു ടോള്‍ കേന്ദ്രങ്ങളില്‍ ഉള്ളത് പോലെ തദ്ദേശീയരെ ടോളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. ടോള്‍ പിരിവ് കേന്ദ്രങ്ങളിലെ കണക്കുകളില്‍ കൃത്രിമം കാണിച്ച് ടോള്‍ പിരിവ് കാലാവധി നീട്ടികൊണ്ട് പോകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
സമരസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 21 ന് കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പ്രതിഷേധ മരുഷ്യ ശൃംഖല സൃഷ്ടിക്കുമെന്നും നഗരസഭാ ആക്ടിഗ് ചെയര്‍മാന്‍ കെ.എ.ദേവസി അറിയിച്ചു. ജനകീയ പ്രതിരോധ സമിതി ഭാരവാഹികളായി കെ.വി തോമസ് എം.പി, എം.സ്വരാജ് എം.എല്‍.എ (രക്ഷാധികാരികള്‍), കെ.എ ദേവസി (ചെയര്‍മാന്‍), ആന്റണി ആശാംപറമ്പില്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരടങ്ങുന്ന 151 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."