പൊലിസ് ഫുട്ബോളിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും
മലപ്പുറം: 67-ാമത് ബി.എന്‍ മല്ലിക്ക് പൊലിസ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും. വിവിധ സംസ്ഥാനങ്ങളിലുള്ള പൊലിസ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.
ജില്ലയിലെ പാണ്ടിക്കാട്, ക്ലാരി, നിലമ്പൂര്‍, മലപ്പുറം സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 37 ടീമുകളിലായി 800 ഓളം താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
പാണ്ടിക്കാട് ഐ.ആര്.ബി.എന്‍ ഗ്രൗണ്ടില്‍ രാവിലെ 6.30ന് സി.ഐ.എസ്.എഫും ആര്.പി.എഫും തമ്മിലും ക്ലാരി ആര്.ആര്.എഫ് ഗ്രൗണ്ടില്‍ മിസോറം പൊലിസും രാജസ്ഥാന് പൊലിസും തമ്മിലും ഏറ്റുമുട്ടുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും. 8.30ന് ജമ്മു കശ്മിരും ത്രിപുരയും തമ്മിലും അസം റൈഫിള്‍സും മധ്യപ്രദേശ് പോലിസും മത്സരിക്കും. വൈകുന്നേരം 4ന് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.
ചടങ്ങില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫിസര്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിങ് മുഖ്യാതിഥിയാവും. ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി അനില്‍കാന്ത്, (ചെയര്മാന് ഓര്‍ഗനൈസിങ് കമ്മിറ്റി), തൃശൂര്‍ റേഞ്ച് ഐ.ജി കെ. അജിത്കുമാര്‍, ഡി.ഐ.ജി പി. പ്രകാശ്, വിവിധ ജില്ലാ പൊലിസ് മേധാവികള്‍, കമാന്റന്റുമാര് പങ്കെടുക്കും. തുടര്‍ന്ന് 7ന് ആതിഥേയരായ കേരള പൊലിസും സിക്കിം പൊലിസും തമ്മില്‍ മത്സരിക്കും. അതേസമയം തന്നെ പാണ്ടിക്കാട്ട് ഗോവ-ഹരിയാന, 9 മണിക്ക് മലപ്പുറത്ത് മഹാരാഷ്ട്ര പൊലിസ്-യു.പി, പാണ്ടിക്കാട്ട് തമിഴ്നാട്-പോണ്ടിച്ചേരി, ക്ലാരിയില്‍ ലക്ഷദ്വീപ് -ജാര്‍ഖണ്ഡ് എന്നിവര്‍ ഏറ്റുമുട്ടും. സംസ്ഥാനം നാലാം തവണയാണ് പൊലിസ് ഫുട്ബോളിന് വേദിയാവുന്നത്. ചരിത്രത്തിലാദ്യമായാണ് ഫ്ളഡ്ലൈറ്റ് സംവിധാനം ഒരുക്കുന്നത്. ക്ലാരി, പാണ്ടിക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഫ്ളഡ്ലൈറ്റ് സംവിധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."