മദുറോക്ക് യൂറോപ്യന്‍ രാജ്യങ്ങളുടെ അന്ത്യശാസനം, എട്ട് ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളി വെനസ്വല
ന്യൂയോര്‍ക്ക് : രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന വെനസ്വലയിലെ നിക്കോളസ് മദുറോ സര്‍ക്കാരിന് യൂറോപ്യന്‍ രാജ്യങ്ങളുടെ അന്ത്യശാസനം. എട്ട് ദിവസത്തിനുള്ളില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവിനെ രാജ്യത്തിന്റെ പ്രസിഡന്റായി അംഗീകരിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്കി. വെനസ്വലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാ സമതിയില്‍ നടന്ന ചര്‍ച്ചയിലാണ് അന്ത്യശാസനം നല്‍കിയത്.
ഫ്രന്‍സ്, യു.കെ, ജര്‍മനി, സ്പെയിന് മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ അന്ത്യശാസനം നല്‍കിയത്. രാജ്യത്തെ മുഴുവന്‍ ജനതയും അംഗീകരിക്കുന്ന സര്‍ക്കാരാണ് വെനസ്വലയില്‍ ആവശ്യമുള്ളതെന്ന് യൂറോപ്യന്‍ യൂനിയന്‍, യു.കെ വിദേശകാര്യ മന്ത്രാലയ ഓഫിസുകള്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്തോ രാജ്യത്തിന്റെ പ്രസിഡന്റാണെന്ന് സ്വയം പ്രഖ്യാപിച്ചതോടെയാണ് വെനസ്വലയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഗെയ്തോയെ പിന്തുണച്ച് യു.എസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അന്ത്യശാസനം വെനസ്വല തള്ളി. പ്രസിഡന്റ് മദുറോയുടെ സര്‍ക്കാര്‍ നിയമാനുസൃതമാണെന്നും തെരഞ്ഞെടുപ്പ് നടത്താനുള്ള സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങില്ലെന്നും വിദേശകാര്യ മന്ത്രി ജോര്‍ജ് അരിയാസ പറഞ്ഞു. അന്ത്യശാസനം നല്‍കാനോ തെരഞ്ഞെടുപ്പ് നടത്താനോ ആരും കല്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ രക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചയില്‍ വെനസ്വലക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."