മലയാളിക്കരുത്തില്‍ സഊദിക്ക് ആദ്യ ടി 20 കിരീടം
#നിസാര്‍ കലയത്ത്
ജിദ്ദ: ഒമാനില്‍ നടന്ന ഐ.സി.സി വെസ്‌റ്റേണ്‍ റീജ്യന്‍ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഖത്തറിനെ തോല്‍പ്പിച്ച് സഊദി അറേബ്യ ജേതാക്കളായി. ഐ.സി.സി.യുടെ ടി 20 പദവി ലഭിച്ച ശേഷമുള്ള ആദ്യത്തെ ടൂര്‍ണമെന്റില്‍ തന്നെ സഊദി ടീമില്‍ ഇടം നേടിയ മഞ്ചേരി സ്വദേശി ഷംസുദ്ദീന്റെ മികവിലായിരുന്നു ഫൈനലില്‍ സഊദി ഖത്തറിനെ തോല്‍പ്പിച്ചത്.
ആറ് സിക്‌സുകളുടെയും എട്ട് ബൗണ്ടറികളുടെയും സഹായത്തില്‍ 48 പന്തുകള്‍ നേരിട്ട് ഷംസുദ്ദീന്‍ 88 റണ്‍സ് നേടി. ഷംസുവാണ് ഫൈനലിലെ മികച്ച താരം. ബഹ്‌റൈന്‍, കുവൈത്ത്, മാല്‍ഡീവ്‌സ് എന്നീ രാഷ്ട്രങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റു മൂന്ന് ടീമുകള്‍. സഊദി ക്രിക്കറ്റ് സെന്ററിന് കീഴിലെ വെസ്‌റ്റേണ്‍ പ്രൊവിന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഷംസുദ്ദീനെ സഊദി ടീമിലെത്താന്‍ തുണച്ചത്. സഊദിയിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ലബ്ബായ കേരളാ നൈറ്റ് റൈഡേഴ്‌സ് ടീം അംഗമായിരുന്ന ഷംസുദ്ദീന്‍ ഒരു ഡബിള്‍ സെഞ്ചുറിയും മൂന്ന് സെഞ്ചുറിയുമടക്കം ഒരു സീസണില്‍ എഴുന്നൂറിലധികം റണ്‍സുകള്‍ വാരിക്കൂട്ടിയിരുന്നു. രണ്ട് തവണ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും ഷംസു തിരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പം മുതല്‍ ക്രിക്കറ്റിനെ അതിയായി സ്‌നേഹിച്ച ഷംസുവിന്റെ ഒരു ചിരകാല സ്വപ്നമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഈ അരങ്ങേറ്റം. നാടും നാട്ടുകാരെയും വിട്ട് മരുഭൂമിയിലേക്ക് വിമാനം കയറുമ്പോള്‍ കളി എന്നത് ഒരു സ്വപ്നം മാത്രമാകുമെന്നാണ് ഷംസു പ്രതീക്ഷിച്ചത്.എന്നാല്‍ കേരള നൈറ്റ് റൈഡേഴ്‌സ് ഷംസുവിനു അവസരങ്ങള്‍ തുറന്നിടുകയായിരുന്നു. ഒരു സാധാരണ കളിക്കാരനായി ടീമിലിടം നേടിയ ഷംസു കഠിന പ്രയത്‌നം കൊണ്ടും സഹകളിക്കാരുടെ ആത്മാര്‍ഥ സഹകരണം കൊണ്ടും ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുയര്‍ന്നു. ഹൗസ് ഡ്രൈവര്‍, സെയില്‍സ്മാന്‍ അങ്ങനെ പല ജോലികളും തന്മയത്വത്തോടെ ചെയ്‌തെങ്കിലും ഷംസുവിന് ക്രിക്കറ്റ് ഒരു വികാരമായിരുന്നു. പ്രവാസത്തിന്റെ പിരിമുറുക്കത്തിലും ക്രിക്കറ്റ് മോഹം ഉപേക്ഷിക്കാന്‍ ഷംസു തയാറായില്ല. മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ കായിക പ്രേമികള്‍ക്കും പ്രവാസി മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ഷംസു സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."