കേരള സര്‍വകലാശാലയില്‍ പരീക്ഷാ ഫലങ്ങളുടെ പുനഃപരിശോധനാചട്ടം ഭേദഗതി ചെയ്തതും വിവാദത്തില്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പരീക്ഷാ ഫലങ്ങളുടെ പുനപരിശോധനാചട്ടം ഭേദഗതി ചെയ്തതിനെ ചൊല്ലിയും വിവാദം. ആദ്യ പുനര്‍മൂല്യനിര്‍ണയത്തില്‍ പത്ത് ശതമാനത്തിലധികം മാര്‍ക്ക് കിട്ടിയാല്‍ വീണ്ടും മൂല്യനിര്‍ണയം നടത്തണമെന്ന ചട്ടം പിന്‍വലിച്ചതാണ് വിവാദമായിരിക്കുന്നത്.
വിവാദത്തെ തുടര്‍ന്ന് ഭേദഗതി പിന്‍വലിച്ചെങ്കിലും മാര്‍ക്ക് ലിസ്റ്റുകളെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഭേദഗതിയുടെ ആനുകൂല്യത്തില്‍ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പാസാകുകയും ചെയ്തു.
കഴിഞ്ഞ ജൂണിലാണ് മൂന്നാമത്തെ മൂല്യനിര്‍ണയം പിന്‍വലിച്ച് കേരള സര്‍വകലാശാല ചട്ടം ഭേദഗതി ചെയ്തത്. ഒറ്റ പ്രാവശ്യം പുനര്‍മൂല്യനിര്‍ണയം നടത്തി അതില്‍ കിട്ടുന്ന മാര്‍ക്ക് അനുവദിക്കുന്നതായിരുന്നു ഭേദഗതി.
തുടര്‍ന്ന് നടന്ന ഡിഗ്രി പരീക്ഷകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ ഗുണം കിട്ടിയത്. ബി.എ, ബി.ടെക്ക്, എല്‍.എല്‍.ബി പരീക്ഷകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ ഒറ്റത്തവണ പുനര്‍മൂല്യനിര്‍ണയത്തിലൂടെ ജയിച്ചു. എല്‍.എല്‍.ബി ലോ ഓഫ് ക്രൈം പേപ്പറിന് ആദ്യം രണ്ട് മാര്‍ക്ക് മാത്രം കിട്ടിയ വിദ്യാര്‍ഥി പുനര്‍മൂല്യനിര്‍ണയത്തില്‍ 36 മാര്‍ക്ക് നേടി പാസായി. ബി.എ ഇംഗ്ലീഷ്, പോയട്രി ആന്‍ഡ് ഗ്രാമര്‍ പരീക്ഷയ്ക്ക് അഞ്ച് മാര്‍ക്ക് കിട്ടിയ വിദ്യാര്‍ഥിക്ക് പിന്നെ കിട്ടിയത് 40 മാര്‍ക്ക്. ഇങ്ങനെ നാനൂറ് പേര്‍ക്ക് ഇരുപത് ശതമാനത്തിലധികവും മൂന്നൂറ് പേര്‍ക്ക് പത്ത് ശതമാനത്തിലധികവും മാര്‍ക്ക് ലഭിച്ചു. പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് വ്യത്യാസമുണ്ടായാല്‍ ആദ്യ പേപ്പര്‍ നോക്കിയ അധ്യാപകരില്‍ നിന്ന് പിഴ ഈടാക്കണമെന്നാണ് ചട്ടം. ഇങ്ങനെ പിഴ ഈടാക്കാന്‍ പരീക്ഷാവിഭാഗം നടപടി ആരംഭിച്ചപ്പോഴാണ് മൂന്നാം മൂല്യനിര്‍ണയം നിര്‍ത്തലാക്കിയുള്ള ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ സര്‍വകലാശാല പിന്‍വലിച്ചത്. ഭേദഗതി പിന്‍വലിച്ചതോടെ പത്തു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ ഉത്തരക്കടലാസുകള്‍ വീണ്ടും മൂല്യനിര്‍ണയത്തിന് അയക്കണം. എന്നാല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയെന്തെന്ന ചോദ്യമാണ് ഉയരുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് വി.സി. വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."