HOME
DETAILS
MAL
ഭരിക്കുന്നത് ബി.ജെ.പി; പൗരത്വ നിയമ ഭേദഗതി വേണ്ടെന്ന് പ്രമേയം
backup
March 04 2020 | 01:03 AM
മുംബൈ: പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വപ്പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്ക്കെതിരേ പ്രമേയം പാസാക്കി ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പാലിറ്റി ഭരണകൂടവും. മഹാരാഷ്ട്രയില്‍ ബി.ജെ.പി ഭരിക്കുന്ന പര്‍ഭാനി ജില്ലയിലെ സെലു മുനിസിപ്പല്‍ കൗണ്‍സിലാണ് പൗരത്വ നിയമ ഭേദഗതിയടക്കമുള്ള വിവാദ തീരുമാനങ്ങള്‍ക്കെതിരേ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്.
കൗണ്‍സിലര്‍ റഹിം ഷെയ്ഖ് അവതരിപ്പിച്ച പ്രമേയം 28 അംഗ കൗണ്‍സില്‍ പാസാക്കുകയായിരുന്നു. പ്രമേയത്തെ ആരും എതിര്‍ത്തില്ലെന്നു കൗണ്‍സില്‍ ചെയര്മാന് വിനോദ് ബൊറേഡ് പറഞ്ഞു. എന്നാല്‍, ഫെബ്രുവരി 28ന് പ്രമേയം പാസാക്കിയപ്പോള്‍ രണ്ടു ശിവസേനാ കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നിരുന്നു. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൗലികാവകാശങ്ങള്‍ക്കെതിരാണ് പൗരത്വ നിയമ ഭേദഗതിയെന്നു കൗണ്‍സില്‍ പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി. മതേതരത്വത്തിനെതിരാണെന്നും അതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം നടപ്പാക്കരുതെന്നും മുനിസിപ്പല്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. ചെയര്മാന് വിനോദ് ബോറേഡ് ഉള്‍പ്പെടെ 17 കൗണ്‍സിലര്‍മാര്‍ 2019 ഓഗസ്റ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേര്‍ന്നവരാണ്. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജന്‍ശക്തി വികാസ് അഘാഡിയിലൂടെയായിരുന്നു ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ബി.ജെ.പി അംഗത്വമെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."