ദുരിത ജീവിതം നയിക്കുന്ന സഹോദരങ്ങള്‍ക്ക് തണലേകാന്‍ പി.കെ ബഷീര്‍ എം.എല്‍.എ
നിലമ്പൂര്‍: സ്വന്തമായി വസ്ത്രമുടുക്കാന്‍ പോലും കഴിയില്ല, ഭക്ഷണം കഴിക്കാനുമാകില്ല. യൗവനവും വാര്‍ധ്യകവും പിന്നിട്ട് മാനസിക വൈകല്യം നേരിട്ട അഞ്ചു സഹോദരങ്ങള്‍ക്കു തണലേകാന്‍ പി.കെ ബഷീര്‍ എം.എല്‍.എ നേരിട്ടെത്തി. ഏക ആശ്രയമായിരുന്ന പിതാവുകൂടി മരണപ്പെട്ടതോടെ നരകതുല്യ ജീവിതം കഴിച്ചുവരികയാണ് നമ്പൂരിപ്പൊട്ടിയിലെ ഈ അഞ്ചംഗ കുടുംബം.
ചാലിയാര്‍ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി മധുവായില്‍ വീട്ടില്‍ അബ്ദുല്ല കുരിക്കളുടെയും ആലുക്കല്‍ അയിഷാലുവിന്റെയും അഞ്ചു മക്കളുടെ ജീവിതമാണ് വൈകല്യം മൂലം ദുരിതപൂര്‍ണമായത്. ബുദ്ധി വൈകല്യം മൂലം പുറലോകവുമായി ബന്ധപ്പെടാനാകാതെ കഴിയുന്ന സഹോദരങ്ങളായ ഹഫ്‌സത്ത് (49), യൂനുസ് (46), റസാഖ് (38), സലാം (35), ഉമ്മു സല്‍മ (29) എന്നിവര്‍ ഷീറ്റുകള്‍കൊണ്ട് മറച്ച സുരക്ഷിതമല്ലാത്ത് കുടിലിലാണ് ജീവിക്കുന്നത്. മാതാപിതാക്കള്‍ മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട ഇവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്നത് കാരുണ്യം വറ്റാത്ത നല്ല അയല്‍വാസികളാണ്. രണ്ടു മാസം മുന്‍പാണ് മക്കളെ തനിച്ചാക്കി അബ്ദുല്ല കുരിക്കള്‍ മരണപ്പെട്ടത്.
നമ്പൂരിപ്പൊട്ടിയില്‍ പ്രളയത്തില്‍ തകര്‍ന്ന പഞ്ചായത്തിലെ ഒന്‍പതു വീടുകള്‍ പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ 14 ലക്ഷം രൂപ ചെലവഴിച്ച് പുനര്‍ നിര്‍മിച്ചിരുന്നു. ഇതിന്റെ സമര്‍പ്പണത്തിന് എത്തിയപ്പോഴാണ് ഈ കുടുംബത്തെക്കുറിച്ച് നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ എം.എല്‍.എയെ അറിയിച്ചത്. ഇതോടെ ഇവര്‍ക്കും വീടൊരുക്കാന്‍ എം.എല്‍.എ മുന്നിട്ടിറങ്ങുകയായിരുന്നു. പത്തു ലക്ഷത്തോളം രൂപയെങ്കിലും സ്വരൂപിച്ച് വീടു നിര്‍മിച്ചുനല്‍കാനാണ് തീരുമാനം. ഇതോടൊപ്പം മരുന്നും ഭക്ഷണവും പരിചരണവും ഉറപ്പാക്കാനും പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.
ഇന്നലെ വീടിന് എം.എല്‍.എ തറക്കല്ലിടുകയും ചെയ്തു. മഴക്കാലത്തിനു മുന്‍പുതന്നെ വീട് നിര്‍മാണം പൂര്‍ത്തിയാക്കും. നേരത്തെ ഇവരുടെ കദനകഥ കേട്ടറിഞ്ഞ് ചില സുമനുസുകള്‍ ഇവര്‍ക്ക് സഹായുവുമായി എത്തിയിരുന്നു. കിണര്‍ നിര്‍മിച്ചുനല്‍കുകയും ജീവിത ചെലവിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സ്വയം പര്യാപ്തരല്ലാത്ത ഈ സഹോദരങ്ങള്‍ക്ക് മറ്റുള്ളവരുടെ ആശ്രയം തുടര്‍ന്നും ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."