ഉന്നാവോ ഇരയുടെ പിതാവിന്റെ കൊലപാതകം; കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരന്‍
ലക്‌നൗ: ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ കുറ്റക്കാരനെന്നു കോടതി. സെന്‍ഗാറടക്കം 11 പേര്‍ക്കെതിരേ എടുത്ത കേസില്‍ ഏഴുപേര്‍ കുറ്റക്കാരെന്നു കണ്ടെത്തുകയും നാലുപേരെ വെറുതെവിടുകയും ചെയ്തു.
ഇവര്‍ക്കെതിരേ നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍മാരെയും കോടതി വിമര്‍ശിച്ചു. പിതാവിനെ കൊല്ലാന്‍ സെന്‍ഗാര്‍ ഉദ്ദേശിച്ചില്ലന്നും ക്രൂരമായ മര്‍ദനമായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ ഇതിനിടെ കൊല്ലപ്പെടുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ 55 സാക്ഷികളെ സി.ബി.ഐ പരിശോധിക്കുകയും ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ, സഹോദരി, അമ്മാവന്‍, പിതാവിന്റെ സഹപ്രവര്‍ത്തകന്‍ എന്നിവരുടെ മൊഴികള്‍ കോടതി രേഖപ്പെടുത്തുകയും ചെയ്തു.
എം.എല്‍.എ ആയിരിക്കെ 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് സെന്‍ഗാര്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം നീതിക്കായുള്ള പോരാടുന്നതിനിടെ 2018 ഏപ്രില്‍ ഒന്‍പതിനു പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വച്ച് കൊല്ലപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദുരൂഹമായ വാഹനാപകടത്തിലൂടെ പെണ്‍കുട്ടിയുടെ രണ്ടു മാതൃസഹോദരികളും കൊല്ലപ്പെട്ടിരുന്നു. നിലവില്‍ പീഡനക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സെന്‍ഗാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."