മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ
കൽപ്പറ്റ: ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് തയാറാക്കിയ മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള കരട് പട്ടികയ്‌ക്കെതിരേ വ്യാപക പരാതി. മുഴുവൻ ദുരന്തബാധിതരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ആക്ഷേപത്തിനിടയാക്കുന്നത്. കരട് പട്ടികയിലെ കണക്ക് പ്രകാരം മൂന്നു വാർഡുകളിലായി 201 വീടുകളാണ് നാമാവശേഷമായത്.
55 വീടുകൾ പൂർണമായും നശിച്ചു. 91 വീടുകൾ ഭാഗികമായി തകരുകയും 113 വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്തു. കേടുപാടുകളില്ലാത്ത 60 വീടുകളും 50 മീറ്റർ പരിധിയിലുണ്ട്. എസ്‌റ്റേറ്റ് പാഡികൾ (ലയങ്ങൾ) ഉൾപ്പെടെ കരട് പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ കെട്ടിട നമ്പർ പ്രകാരം ദുരന്തം ബാധിച്ചത് 520 വീടുകൾക്കാണെങ്കിലും ആൾത്താമസമില്ലാത്ത 20ഓളം പാഡി റൂമുകൾ ഒഴിവാക്കി 500 വീടുകളാണ് കരട് പട്ടികയിൽ ഇടംപിടിച്ചത്. സർക്കാർ നിയോഗിച്ച ജോൺ മത്തായി കമ്മിറ്റി റിപ്പോർട്ട് നിർദേശിച്ച ദുരന്തമേഖലയിൽ നിന്ന് 50 മീറ്റർ എന്ന ദൂരപരിധി പരിഗണിച്ചാണ് കരട് പട്ടിക തയാറാക്കിയിരിക്കുന്നത്.
അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി ദുരന്തബാധിതരും പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെ തള്ളണമെന്നാവശ്യപ്പെട്ട ജോൺ മത്തായി കമ്മിറ്റിയുടെ നിർദേശം പരിഗണിച്ചാണ് ഗ്രാമപഞ്ചായത്ത് കരട് പട്ടിക തയാറാക്കിയിരിക്കുന്നത്. പുഞ്ചിരിമട്ടത്ത് പുഴയ്ക്ക് സമീപമുള്ള ചില വീടുകൾ വരെ 50 മീറ്റർ പരിധിക്ക് പുറത്തായാണ് പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 10, 11 വാർഡുകളിൽ ദുരന്തമേഖലയിൽ 50 മീറ്റർ പരിധിക്കുള്ളിലും പുറത്തുമുള്ള വീടുകൾ കരട് പട്ടികയിലുണ്ടെങ്കിലും 12ാം വാർഡിൽ ഉൾപ്പെടുന്ന സ്‌കൂൾ റോഡിലെ പടവെട്ടിക്കുന്ന് ഭാഗത്തെ 37ഓളം വീടുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
2020ൽ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണിത്. നാമാവശേഷമായ വീടുകളും പട്ടികയിൽ നിന്ന് ഒഴിവായിട്ടുണ്ട്. പ്രത്യക്ഷത്തിലും പരോക്ഷവുമായി ദുരന്തം ബാധിച്ച 950ലധികം കുടുംബങ്ങളാണ് താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി നിലവിൽ വാടക വീടുകളിൽ കഴിയുന്നത്. എന്നാൽ ഇതിന്റെ പകുതി മാത്രമാണ് കരട് പട്ടിക പ്രകാരമുള്ള ഗുണഭോക്താക്കളുടെ എണ്ണം. കരട് പട്ടിക സംബന്ധിച്ച് ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."