സ്വര്‍ണവിപണിയില്‍ സംസ്ഥാനത്ത് അധോലോകമെന്ന് പ്രതിപക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിപണിയില്‍ വന്‍ ചോര്‍ച്ചയുണ്ടെന്നും സമാന്തര വിപണിയുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്. സ്വര്‍ണവിപണിയില്‍ നിന്ന് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജി.എസ്.ടി നികുതി പിരിച്ചെടുക്കാന്‍ കഴിയാത്തത് ചൂണ്ടികാട്ടി വി.ഡി.സതീശന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസ് സംബന്ധിച്ചു മറുപടി പറയുകയായിരുന്നു മന്ത്രി. ജി.എസ്. ടി വന്നതോടെ സ്വര്‍ണം വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ബില്ലില്‍ താല്‍പര്യം ഇല്ലാത്ത അവസ്ഥയാണ്. സ്വര്‍ണ വ്യാപാരത്തില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഔദ്യോഗിക മേഖലക്ക് പുറത്താണ് നടക്കുന്നതെന്നും ജി.എസ്.ടി നിയമത്തിന്റെ പോരായ്മകള്‍ ഉപയോഗപ്പെടുത്തി സമാന്തര സ്വര്‍ണവ്യാപാരം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണ വിപണിയില്‍ സമാന്തര അധോലോകം തന്നെ സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുകയാണെന്നും 3000 കോടി രൂപ നികുതി ഇനത്തില്‍ ലഭിക്കേണ്ടതിനു പകരം 300 കോടിക്ക് താഴെയാണ് നികുതിയെന്നും വി.ഡി സതീശന്‍ ചൂണ്ടികാട്ടി. സ്വര്‍ണ വിപണിയില്‍ നടക്കുന്നത് വന്‍ തട്ടിപ്പാണ്. കേരളത്തില്‍ സ്വര്‍ണ വിപണിക്ക് പിന്നില്‍ ഉള്ളത് അധോലോകമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. സംസ്ഥാന ജി.എസ്.ടി വകുപ്പ് നികുതി പിരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആഭരണം നിര്‍മാണത്തില്‍ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നടക്കുന്ന തട്ടിപ്പും കേരളത്തില്‍ അനുദിനം വര്‍ധിക്കുന്ന കള്ളക്കടത്തും ചൂണ്ടികാട്ടിയ വി.ഡി സതീശന്‍ ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ കണ്ടെത്തലുകളോട് യോജിച്ച മന്ത്രി തോമസ് ഐസക് ജി.എസ്.ടി നിയമത്തിലെ പരിമിതിയില്‍ നിന്നാണ് നികുതി പിരിക്കുന്നതെന്നും നിയമത്തിലെ പോരായ്മ പരിഹരിക്കുന്നതിനായി ദേശീയ തലത്തില്‍ ഭേദഗതിക്കായി ശ്രമിക്കുകയാണെന്നും പറഞ്ഞു. ഇ-വേ ബില്ല് വന്നാല്‍ മാറ്റം വരും. ഇതിനായി നിയമത്തില്‍ മാറ്റം വരണം. ഇതിനു വേണ്ടി മറ്റുസംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യുകയാണ്. ബജറ്റിന്റെ പത്താം ഡിമാന്റ് ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നും ഇതിനായി സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനെ തുടര്‍ന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
മൂന്ന് വര്‍ഷമായി നികുതി പിരിവ് സംബന്ധിച്ച് ഒരു പരിഷ്‌കാരവും ഈ മേഖലയില്‍ കൊണ്ടുവരാന്‍ കഴിയാത്ത സര്‍ക്കാരാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."