വനിതാ ടി20 ലോകകപ്പ്; ഫൈനല്‍ മോഹവുമായി
സിഡ്‌നി: ഞായറാഴ്ച വനിതാ ദിനത്തില്‍ മെല്‍ബണിലെ കലാശപ്പോരാട്ടം ലക്ഷ്യമിട്ട് ഇന്ത്യന്‍ പെണ്‍പട ഇന്നിറങ്ങുന്നു. വനിതാ ടി20 ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്.
സിഡ്‌നിയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് മത്സരം. കളിച്ച നാലു മത്സരവും ജയിച്ച് ഗ്രൂപ്പ് എ യില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ദക്ഷിണാഫ്രിക്കയോടേറ്റ ഒരു തോല്‍വിയോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ബൗളിങ്‌നിരയോടൊപ്പം ബാറ്റിങ് നിരയും അവസരത്തിനൊത്തുയര്‍ന്നതാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തിന് തുണയായത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍മാരില്‍ മൂന്നാമതുള്ള ഇന്ത്യന്‍ യുവതാരം ഷഫാലി വര്‍മക്ക് മുന്നിലുള്ള രണ്ട് പേരും ഇംഗ്ലണ്ട് താരങ്ങളാണെന്നിരിക്കെ ഹീതര്‍ നൈറ്റിനും സംഘത്തിനും ബാറ്റിങില്‍ അല്‍പ്പം മുന്‍തൂക്കം നല്‍കുന്നു. 202 റണ്‍സ് സമ്പാദ്യമുള്ള നാറ്റ്‌ലീ സ്‌കീവറും 193 റണ്‍സോടെ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റുമാണ് ടൂര്‍ണമെന്റ് റണ്‍വേട്ടക്കാരില്‍ മുന്‍പന്തിയിലുള്ളത്. നാല് മത്സരം കളിച്ചിട്ടും ഒരു താരത്തിനും ഒരു അര്‍ധ സെഞ്ചുറി പോലും നേടാനായില്ല എന്നതും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദൗര്‍ബല്യം തുറന്ന് കാട്ടുന്നു. ആദ്യ മത്സരത്തില്‍ ഓസീസിനെതിരേ 49 റണ്‍സെടുത്ത ദീപ്തി ശര്‍മയുടേതാണ് ഇന്ത്യന്‍സംഘത്തിലെ ഉയര്‍ന്ന വ്യക്തിഗതസ്‌കോര്‍.
ടി20 ബാറ്റിങ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തിന്റെ പകിട്ടോടെ ആദ്യ മത്സരത്തിനിറങ്ങുന്ന ഷെഫാലി തന്നെയാണ് ഇന്നും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കുന്തമുന. നാല് മത്സരങ്ങളില്‍ നിന്ന് 161 റണ്‍സ് സമ്പാദ്യമുള്ള താരം രണ്ട് മത്സരങ്ങളില്‍ മാന്‍ഓഫ്ദ മാച്ചായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഷെഫാലിയുടെ ഓപ്പണിങ് കൂട്ടുകാരി കൂടിയായ സ്മൃതി മന്ഥാനക്ക് ഇത് വരെ വലിയ ഇന്നിങ്‌സ് കളിക്കാനായിട്ടില്ല. മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഇന്ന് അവസരത്തിനൊത്തുയര്‍ന്നല്ലെങ്കില്‍ ഇന്ത്യന്‍ പെണ്‍പടയുടെ ലോകക്കപ്പ് കിരീട മോഹം സ്വപനങ്ങളില്‍ അവസാനിക്കും. ശ്രീലങ്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹര്‍മന്‍പ്രീത് തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ കാട്ടിയെങ്കിലും 15 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ജിമ്മി റോഡിഗ്രസും ദീപ്തി ശര്‍മയുമടങ്ങുന്ന മധ്യനിര അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍കൂടി പഠിച്ചാല്‍ ഇന്ത്യക്ക് വന്‍ സ്‌കോര്‍ നേടാനാവും. കളിച്ച നാല് മത്സരങ്ങളിലും മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സംഘത്തെ വിജയത്തിലെത്തിച്ച ബൗളിങ് നിരയുടെ കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കകളില്ല. എന്നാല്‍ വന്‍ ഫോമിലുള്ള ഇംഗ്ലണ്ട് ബാറ്റിങ് നിരയെ നിസാരമായി കാണാനും ഇന്ത്യക്കാവില്ല. ഒന്‍പത് വിക്കറ്റ് നേടി ടൂര്‍ണമെന്റ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള സ്പിന്നര്‍ പൂനം യാദവ് നയിക്കുന്ന ഇന്ത്യന്‍ ബൗളിങ് നിര ഏത് ചെറിയ സ്‌കോറും പ്രതിരോധിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. പൂനംയാദവിനൊപ്പം പേസര്‍ ശിഖപാണ്ഡെയും ശ്രീലങ്കക്കെതിരേ നാല് വിക്കറ്റ് നേടി ഫോമിലെത്തിയ രാധ യാദവും കൂടി ചേരുന്നതോടെ ഇംഗ്ലണ്ട് ബാറ്റസ്മാന്മാര്‍ അല്‍പം വിയര്‍ക്കും.
മറുഭാഗത്ത് 2018 ല്‍ കൈവിട്ട കിരീടം തിരിച്ചു പിടിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരു പോലെ ഫോമിലാണ്. തായ്‌ലന്‍ഡിനെതിരേ 98 റണ്‍സ് വിജയവും വിന്‍ഡീസിനെതിരേ നേടിയ 46 റണ്‍സ് ജയവും പാകിസ്ഥാനെതിരേയുള്ള 42 റണ്‍സ് വിജയവും ഇതിന് അടിവരയിടുന്നു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വുടെ ഷോക്കില്‍ നിന്ന് പൂര്‍ണ മുക്തരായാണ് ഇംഗ്ലണ്ട് പെണ്‍പട സെമിയിലേക്ക് മുന്നേറിയതെന്നും വ്യക്തം.
2018ല്‍ നടന്ന ടി20 ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതിന് കണക്ക് ചോദിക്കാനും കൂടിയാകും ഇന്ത്യ ഇന്ന് ഇറങ്ങുക. ഉച്ചക്ക് 1.30ന് നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്ക ആസ്‌ത്രേലിയയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."