ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ കര്‍ഷകരുടെ ഭൂമി സംരക്ഷിക്കണം: ജോസ് കെ.മാണി എം.പി
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ താമസിച്ചുവരുന്ന കര്‍ഷകരുടെ ഭൂമി വന സംരക്ഷണത്തിന്റെ പേരില്‍ നഷ്ടപ്പെടാന്‍ ഇടയാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ തയാറാകണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.
പതിറ്റാണ്ടുകളായി കൈവശമുള്ളതും തലമുറകളായി കൃഷി ചെയ്യുന്നതുമായ സ്വന്തം മണ്ണില്‍ നിന്ന് ഇരുപത്തിമൂവായിരത്തിലേറെ കര്‍ഷകരാണ് തെരുവിലാക്കപ്പെടുന്നത്. 1928 മുതല്‍ ഈ മേഖലയില്‍ താമസിച്ച് വരുന്ന കര്‍ഷകരും ചെറുകിടക്കാരും വനസംരക്ഷണത്തിന്റെ പേരില്‍ വഴിയാധാരമാകരുത്.
തമിഴ്‌നാട് നിയമസഭ പാസാക്കിയ ഈ നിയമത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണറെ സമീപിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധതില്‍പ്പെടുത്തുന്നുതിനും മുന്‍കൈയ്യെടുക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. കര്‍ഷകരെ നേരില്‍കണ്ട് സംഭവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ജോസ് കെ.മാണി ഗൂഡല്ലൂരിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട് ധര്‍മ്മഗിരി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ ഫാദര്‍. ബിജു പുന്നക്കാപടവിലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും എം.പി സംബന്ധിച്ചു.
കൈവശക്കാര്‍ അനധികൃത കൈയേറ്റക്കാര്‍ എന്ന് പറഞ്ഞത് വസ്തുതാ വിരുദ്ധമാണ്. ദീര്‍ഘകാലമായുള്ള കര്‍ഷകരുടെ വീടുകളും തോട്ടങ്ങളും കാണുമ്പോള്‍ കൈവശത്തിന്റെ കാലദൈര്‍ഘ്യം ബോധ്യപ്പെടും. ഈ വസ്തുതകള്‍ പരിശോധിക്കുന്നതിന് കമ്മിഷനെ നിയമിക്കണം. തലമുറകള്‍ അധ്വാനിച്ച മണ്ണ് കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും അവകശപ്പെട്ടതാണ്. അവരെ തെരുവിലാക്കാനുള്ള ഒരു നീക്കത്തെയും കര്‍ഷകരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കേരളാ കോണ്‍ഗ്രസ്സിന് അംഗീകരിക്കാനാവില്ല. പന്തല്ലൂര്‍, ധര്‍മ്മഗിരി, ചെമ്പോല, ഗൂഡല്ലൂര്‍ എന്നീ പ്രദേസങ്ങളിലെ ധാരാളം കര്‍ഷകര്‍ എം.പിയെ സന്ദര്‍ശിച്ചു.
ജോസ് കെ.മാണിയോടൊപ്പം കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യം, ജില്ലാ സെക്രട്ടറിമാരായ ടി.എസ് ജോര്‍ജ്, കുര്യന്‍ ജോസഫ്, സുല്‍ത്താന്‍ബത്തേരി ചെയര്‍മാന്‍ ടി.എല്‍ സാബു എന്നിവരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."