മൂന്നു മക്കളുണ്ടായിട്ടും കൗസല്യയ്ക്കു ദുരിതജീവിതം
കണ്ണൂര്‍: ഇരുകാലുകള്‍ക്കും വ്രണം കയറിയ വൃദ്ധമാതാവി നോട് മക്കളുടെ ക്രൂരത. മൂന്ന് മക്കളുണ്ടായിട്ടും ചികിത്സ കിട്ടാതെ മാസങ്ങളോളമാണ് വലിയന്നൂരിലെ 85കാരിയായ കൗസല്യ നരകയാതന അനുഭവിച്ചത്. കൃത്യമായ ചികിത്സ കിട്ടാത്തതിനാല്‍ ഇരു കാലുകളും മുറിച്ചു മാറ്റണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇവരുടെ ദുരിത കഥയറിഞ്ഞ ചക്കരക്കല്‍ ജനമൈത്രി പൊലിസാണ് ഇരു കാലുകളും നിറയെ വ്രണവും പുഴുവും നിറഞ്ഞ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
വലിയന്നൂര്‍ രാഘവന്‍ മാസ്റ്ററുടെ പീടികയ്ക്ക് സമീപം ലക്ഷ്മി വിലാസത്തില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യയാണ് കൗസല്യ. മക്കളായ ഹരിദാസന്റെയും പ്രകാശന്റെയും കൂടെയാണ് താമസം. മൂത്ത മകന്‍ പുരുഷോത്തമന്‍ അസുഖ ബാധിതനാണ്. സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാനായ അച്ഛന്റെ ജോലിയും അമ്മയുടെ സ്വത്തും മകന്‍ ഹരിദാസനാണ് നല്‍കിയത്. സ്വത്തും ജോലിയും ലഭിച്ചതോടെ ഹരിദാസന്‍ അമ്മയെ തിരിഞ്ഞ് നോക്കാതായി.
അമ്മയെ നോക്കാമെന്ന് പറഞ്ഞാണ് ഹരിദാസന്‍ സ്വത്തും ജോലിയും എഴുതി വാങ്ങിയതെന്ന് മൂത്ത മകന്‍ പുരുഷോത്തമന്‍ പറഞ്ഞു. ഇതോടെ മറ്റു മക്കളും അമ്മയെ നോക്കാതായി. പ്രമേഹവും മറ്റ് രോഗങ്ങളും ബാധിച്ചതിനെ തുടര്‍ന്നാണ് വീടിനകത്തെ ഇരുട്ട് മുറിയില്‍ മാസങ്ങളായി കഴിയുകയായിരുന്നു ഇവര്‍. വീട്ടില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇരു കാലുകളും വ്രണം നിറഞ്ഞ് പഴുത്ത നിലയിലായിരുന്നു. ഇടതു കാല്‍ രക്തഓട്ടം നിലച്ചതിനെ തുടര്‍ന്ന് കറുത്ത നിറത്തിലായിരുന്നു. ചികിത്സ ലഭിക്കാതെ പ്രമേഹം കൂടിയതിനാല്‍ പരിശോധനയില്‍ അളവു പോലും കണ്ടെത്താനായില്ല. വ്രണവും മറ്റും വൃത്തിയാക്കിയ ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇതിനിടെ മൂത്ത മകന്‍ പുരുഷോത്തമനും കുടുംബവും അമ്മയെ സംരക്ഷിക്കാമെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. ചക്കരക്കല്‍ പൊലിസ് സ്റ്റേഷനിലെ എസ്.ഐ കനകരാജനും പൊലിസ് ഓഫിസര്‍ ഷനല്‍കുമാറും ചേര്‍ന്നാണ് കൗസല്യയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."