റോഡരികിലെ മരം പൊട്ടി വീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
വെള്ളമുണ്ട: മാനന്തവാടി കുറ്റ്യാടി റോഡില്‍ വെള്ളമുണ്ട ഒന്‍പതാം മൈലില്‍ കേടുവന്ന് അപകട ഭീഷണിയിലായിരുന്ന മരത്തിന്റെ കൊമ്പ് അടര്‍ന്നു വീണു. കുറ്റ്യാടിയിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് നിറയെ യാത്രക്കാരുമായി കടന്നു പോയ ഉടനെയാണ് ചാവക്ക് മരത്തിന്റെ വലിയകൊമ്പ് റോഡിലേക്ക് പൊട്ടിവീണത്.
ഇതോടെ ഈ റൂട്ടിലൂടെയുള്ള വാഹന ഗതാഗതം ഒരുമണിക്കൂറോളം തടസപ്പെട്ടു. രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.
നാട്ടുകാര്‍ ചേര്‍ന്നു ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് വാഹനത്തിന് കടന്നു പോകാന്‍ വഴിയൊരുക്കിയത്. ഒന്‍പതാം മൈലില്‍ ഇരുവശങ്ങളിലുമായി അഞ്ചോളം വന്മരങ്ങള് അപകടാവസ്ഥയിലുണ്ട്. ഇവ മുറിച്ചു മാറ്റാന്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍, വനം വകുപ്പധികൃതര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്ക് നിരവധി പരാതികള്‍ അയച്ചിരുന്നു.
എന്നാല്‍ യാതൊരു നടപടികളുമുണ്ടായില്ല. വേനല്‍മഴയും കാറ്റും വരാനിരിക്കെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ നടന്നു പോകുന്നതും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതുമായ റോഡിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."