ബഹ്‌റൈനില്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു
മനാമ: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ അനിവാര്യത വിളമ്പരം ചെയ്ത് ബഹ്‌റൈനിലും എസ്.കെ.എസ്.എസ്.എഫിന്റെ മനുഷ്യജാലിക സംഘടിപ്പിച്ചു.
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി 70 കേന്ദ്രങ്ങളില്‍ നടന്ന സംഗമങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിലും മനുഷ്യജാലിക നടന്നത്.
മനാമയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മനുഷ്യജാലിക സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മതങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മാനവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതകളും വിശ്വാസികള്‍ ഉള്‍ക്കൊള്ളേണ്ട മതത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളും തങ്ങള്‍ വിശദീകരിച്ചു.
പ്രമുഖ വാഗ്മിയും എസ്.ഐ.സി ദമാം ഉപാദ്ധ്യക്ഷനുമായ ഉസ്താദ് സകരിയ്യ ഫൈസി പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഇന്ത്യാവിഭജനത്തിന് ഉത്തരവാദികള്‍ ഹിന്ദുക്കളോ മുസ്ലീങ്ങളോ ക്രൈസ്തവരോ ആയിരുന്നില്ലെന്നും
സ്വതന്ത്ര സമരത്തെ ഒറ്റുകൊടുത്തവരും മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നവരുമായ ഫാസിസ്റ്റുകളായിരുന്നു അതിന് ഉത്തരവാദികളെന്നും അദ്ധേഹം വിശദീകരിച്ചു.
ഇന്നും ഫാഷിസ്റ്റുകള്‍ നമ്മെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇനി ഒരു വിഭജനത്തിന് ഇന്ത്യയെ വിട്ടുകൊടുക്കില്ലെന്ന് ഇന്ത്യന്‍ ജനത ഒരുമിച്ച് നിന്ന് പ്രഖ്യാപിക്കണം.
രാഷ്ട്ര രക്ഷക്കും സമാധാനത്തിനും ജാതിമതഭേദമില്ലാതെ സൗഹൃദത്തോടെ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതീവ്രവാദ ശ്രമങ്ങളെ സൗഹൃദം കൊണ്ട് പരാജയപ്പെടുത്തണമെന്ന ആഹ്വാനമുള്‍ക്കൊള്ളുന്ന പ്രമുഖരുടെ പ്രഭാഷണങ്ങള്‍ക്കു പുറമെ, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം, ദേശീയോദ്ഗ്രഥന ഗാനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
റവ: ഫാദര്‍ ജോര്‍ജ് യോഹന്നാന്‍, അസൈനാര്‍ കളത്തിങ്ങല്‍(കെ.എം.സി.സി), ശരീഫ് കോഴിക്കോട് ( പ്രതിഭ), ബിജു കുന്നന്താനം, ഇബ്‌റാഹിം അദ്ഹം (ഒ.ഐ.സി.സി), റിച്ചി കളത്തൂരേത്ത്, വിനോദ് പിള്ള (ഐ.വൈ.സി.സി), കെ.ആര്‍ നായര്‍ (എ.എ.പി), വി.കെ കുഞ്ഞിമുഹമ്മദ് ഹാജി(സമസ്ത ബഹ്‌റൈന്‍), സാമൂഹ്യ പ്രവര്‍ത്തകരായ നിസാര്‍ കൊല്ലം, റഫീഖ് അബ്ദുല്ല, സയ്യിദ് ഹനീഫ്, സഹീദ് , നജീബ് കടലായി, ഇബ്‌റാഹിം ഓമശേരി (എസ്.ഐ.സി ദമാം) തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ സജ്ജീകരിച്ച വേദിയും എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകരുടെ സാന്നിധ്യവും ചടങ്ങ് വര്‍ണാഭമാക്കി.
ചടങ്ങില്‍ മനുഷ്യജാലിക ചെയര്‍മാന്‍ ഉസ്താദ് റബീഅ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. ജാലിക തീര്‍ക്കലിനും പ്രതിജ്ഞക്കും ഉസ്താദ് ഹംസ അന്‍വരി മോളൂര്‍ നേതൃത്വം നല്‍കി
ദേശീയോദ്ഗ്രഥന ഗാനത്തിന് വാഫിദ് , മുഹമ്മദ് റിഷാന്‍, ഹിഷാം ഹംസ എന്നീ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി.
ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും കണ്‍വീനര്‍ നവാസ് കുണ്ടറ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."