മിന്നല്‍ പണിമുടക്കിന് മിന്നല്‍ നടപടിയില്ല
തിരുവനന്തപുരം: തലസ്ഥാനത്തെ ആറ് മണിക്കൂര്‍ സ്തംഭിപ്പിക്കുകയും ഒരാള്‍ മരിക്കാന്‍ ഇടയാകുകയും ചെയ്ത മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ മിന്നല്‍ നടപടിയുണ്ടാകില്ല. ജില്ലാ കലക്ടര്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.
ജില്ലാ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കേണ്ടെന്നും വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇടക്കാല റിപ്പോര്‍ട്ട് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഗതാഗതവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്തു. പതിനൊന്നാം തീയതിക്കുള്ളില്‍ അന്തിമറിപ്പോര്‍ട്ട് ലഭിക്കും.
ഗുരുതരമായ സാഹചര്യമാണ് തലസ്ഥാനത്ത് ഉണ്ടായതെന്നും ഇക്കാര്യത്തില്‍ മാതൃകാപരവും നിയമാനുസൃതവുമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും യോഗത്തിന് ശേഷം മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. ആവേശത്തില്‍ എടുക്കേണ്ട നടപടിയല്ല. വളരെ പക്വതയോടെ കൈകൊള്ളേണ്ട നടപടികളാണ്.
ട്രാന്‍സ്‌പോര്‍്ട്ട കമ്മിഷണര്‍, കെ.എസ്.ആര്‍.ടി.സി എം.ഡി, ജില്ലാ കലക്ടര്‍, തുടങ്ങിയവരുടെ റിപ്പോര്‍ട്ടുകള്‍ ഗതാഗത സെക്രട്ടറി ഏകോപിപ്പിച്ച ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്താണ് അനന്തര നടപടികള്‍ സ്വീകരിക്കുക.
എത്ര ബസുകളാണ്, ആരെല്ലാമാണ് ബസ് റോഡില്‍ നിര്‍ത്തിയിട്ട് ഗതാഗത തടസം സൃഷ്ടിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സ്വകാര്യബസ് ഉടമ ഉള്‍പ്പെടെ കുറ്റക്കാര്‍ക്ക് നോട്ടിസ് നല്‍കും. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് നോട്ടിസ് നല്‍കി വകുപ്പുതല നടപടികള്‍ സ്വീകരിക്കും.
മിന്നല്‍ പണിമുടക്കിലേക്ക് നയിക്കുന്നതിന് മുന്‍പ് സ്വകാര്യബസുകാരും കെ.എസ്.ആര്‍.ടി.സിയുമായാണ് പ്രശ്‌നം ഉടലെടുത്തത്. പിന്നീടത് പൊലിസുമായി മാറുകയായിരുന്നു. തൊഴിലാളികള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ നോട്ടിസ് നല്‍കാതെ മിന്നല്‍ പണിമുടക്ക് നടത്തുന്നതിനോട് സര്‍ക്കാരിനും മുന്നണിക്കും യോജിപ്പില്ല. കെ.എസ്.ആര്‍.ടി.സിയില്‍ എസ്മ പ്രയോഗിക്കണമെന്ന ശുപാര്‍ശയോടും സര്‍ക്കാരിന് യോജിപ്പില്ല. മിന്നല്‍ പണിമുടക്ക് നടത്തിയതിന് നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്ന് തൊഴിലാളി സമീപനമുള്ള സര്‍ക്കാരായതിനാല്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ വേണമോയെന്നത് അന്തിമറിപ്പോര്‍ട്ട് വന്ന ശേഷമേ തീരുമാനിക്കാന്‍ കഴിയുകയുള്ളൂ. തുടര്‍ന്ന് ഇത്തരമൊരു സംഭവം വരാതിരിക്കാനുള്ള നടപടികളായിരിക്കും സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരത്തെ പിന്തുണച്ച് സംസാരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ രാവിലെ ഗതാഗതമന്ത്രിയെ നേരില്‍ കണ്ടു ചര്‍ച്ച നടത്തിയിരുന്നു. ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്താല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് യുനിയനുകള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."