ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഞ്ച് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിനോട് പണം ആവശ്യപ്പെട്ടെന്ന് ആരോപണം. ബി.ജെ.പി പ്രവര്‍ത്തകന്റെ ചികിത്സയില്‍ പിഴവു വരുത്തിയെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവ് പണം ആവശ്യപ്പെട്ടതത്രെ. ആശുപത്രി മാനേജ്‌മെന്റ് ഇതു സംബന്ധിച്ച് ആര്‍.എസ്.എസ് നേതൃത്വത്തിന് പരാതി നല്‍കുകയും നേതൃത്വം ഇദ്ദേഹത്തെ ശാസിക്കുകയും ചെയ്തതായാണ് വിവരം. പാര്‍ട്ടിയിലെ ഇദ്ദേഹത്തിന്റെ എതിരാളികളാണ് സംഭവം വിവാദമാക്കിയത്. അതിനിടെ ഇത്തരം സംഭവം താന്‍ അറിഞ്ഞിട്ടില്ലെന്നും അന്വേഷിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കോഴിക്കോട്ട് പറഞ്ഞു.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം പ്രവേശിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകനെ ചികിത്സയിലെ പിഴവ് മൂലം ഇവിടെ നിന്നു മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട നേതാവ് നഷ്ടപരിഹാരമായി ആദ്യം ഒരു ലക്ഷം രൂപ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയും അത് പ്രവര്‍ത്തകനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിന് ശേഷം നേതാവ് വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ വിളിക്കുകയായിരുന്നത്രേ. പണം നല്‍കിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ആശുപത്രി അറിയുമെന്ന തരത്തില്‍ ഭീഷണി മുഴക്കിയാണ് പിന്നീട് ഫോണ്‍ വിളിച്ചത്. എന്നാല്‍, നേതാവിന്റെ ഫോണ്‍ സംഭാഷണമടക്കം റെക്കോഡ് ചെയ്ത് ആശുപത്രി അധികൃതര്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. പണം ആവശ്യപ്പെട്ടത് പ്രവര്‍ത്തകന് വേണ്ടിയല്ലെന്ന് കണ്ടെത്തിയ നേതൃത്വം ഇദ്ദേഹത്തെ താക്കീത് ചെയ്യുകയും ചെയ്തു.
എന്നാല്‍, വിഷയം ബി.ജെ.പിയില്‍ സജീവ ചര്‍ച്ചയാക്കാനാണ് മറ്റൊരു ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ ശ്രമം. വിവാദ നേതാവിനെതിരേ നേരത്തെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായും ഇവര്‍ പറയുന്നു. ഇദ്ദേഹം പാര്‍ട്ടിയുടെ പേരില്‍ പലരില്‍ നിന്നും പണം ആവശ്യപ്പെട്ടതായാണ് മറു വിഭാഗം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."