പേപ്പര്‍ ഗ്ലാസില്‍ ഗാന്ധി ചിത്രങ്ങള്‍; നിസാരമല്ല, സിഗ്നി ദേവരാജിന് ഈ വര
കോഴിക്കോട്: ഒറ്റനോട്ടത്തില്‍ നിസാരമെന്നു തോന്നും പേപ്പര്‍ ഗ്ലാസില്‍ തീര്‍ത്ത ഈ ഗാന്ധിചിത്രങ്ങള്‍ കണ്ടാല്‍. എന്നാല്‍ സിഗ്നി ദേവരാജിന്റെ ഒരുദിവസത്തെ കഠിനാധ്വാനമാണിത്. ഇങ്ങനെ 150 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനെടുത്തതോ, ഏകദേശം ആറു വര്‍ഷവും. പെന്‍സില്‍ കൊണ്ടാണ് ഗാന്ധിജിയുടെ ബാല്യകാലം മുതല്‍ വിവിധ കാലഘട്ടത്തിലെ ചിത്രങ്ങള്‍ ദേവരാജ് വരച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചില മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ തെളിയുന്നു. ആറു വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ 150 ചിത്രങ്ങളുടെ പ്രദര്‍ശനം ഗാന്ധിസ്മൃതി ദിനത്തില്‍ ലളിതകലാ അക്കാദമിയില്‍ തുടങ്ങി. നിസാരമായ വസ്തുക്കളെപ്പോലും മൂല്യമുള്ളതാക്കി മാറ്റണമെന്ന ഗാന്ധിദര്‍ശനത്തില്‍ നിന്നാണ് വെറുതെ വലിച്ചെറിയുന്ന ഗ്ലാസുകളില്‍ കുട്ടികള്‍ക്കായി ചിത്രങ്ങള്‍ വരച്ചത്. ഇതിന്റെ പ്രദര്‍ശനവും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. നീലേശ്വരം ഹൈസ്‌കൂളില്‍ നിന്ന് ചിത്രകലാ അധ്യാപകനായി വിരമിച്ചതാണു മുക്കം സ്വദേശിയായ സിഗ്നി ദേവരാജ്. പ്രദര്‍ശനം ചിത്രകാരന്‍ പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു. ഗുരുകുലം ബാബു അധ്യക്ഷനായി. സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസുവിനെ ആദരിച്ചു. കെ.എ സെബാസ്റ്റ്യന്‍, സതീഷ് കുമാര്‍, അഷ്‌റഫ് തറയില്‍, മാലിക് നാലകത്ത് സംസാരിച്ചു. പ്രദര്‍ശനം ഫെബ്രുവരി രണ്ടുവരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."