സാന്ത്വനമല്ല, വേണ്ടത് പരിഗണന
കോഴിക്കോട്: ബുദ്ധിപരവും വൈജ്ഞാനികവുമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ അരങ്ങില്‍ എത്തിക്കുന്നു. പുറക്കാട് ശാന്തിസദനം സ്‌കൂള്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് സ്‌കൂളിലെ 40 ഓളം വിദ്യാര്‍ഥികളാണു നാളെ കോഴിക്കോട് ടൗണ്‍ ഹാളില്‍ 'മണിവര്‍ണ തൂവല്‍' നാടകശില്‍പം അവതരിപ്പിക്കുന്നത്. വൈകിട്ട് 4.30നാണ് നാടകശില്‍പം അരങ്ങില്‍ അവതരിപ്പിക്കുക.
മറ്റുള്ളവരുടെ സാന്ത്വനവും സഹാനുഭൂതിയുമല്ല, സമൂഹത്തിന്റെ അംഗീകാരവും പരിഗണനയുമാണു തങ്ങള്‍ക്ക് ലഭിക്കേണ്ടതെന്ന ആവശ്യം സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുളള നാടകത്തിലൂടെ ഈ കുട്ടികള്‍. മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന 117 വിദ്യാര്‍ഥികളാണ് വിദ്യസദനം എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ശാന്തിസദനം സ്‌കൂളില്‍ പഠിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌പെഷല്‍ സ്‌കൂളിനുള്ള ബാലാവകാശ കമ്മിഷന്റെ പുരസ്‌കാരം നേരത്തെ സ്‌കൂളിനു ലഭിച്ചിരുന്നു.
ബുദ്ധിപരിമിതി മൂലം ഇവര്‍ കഴിവു കെട്ടവരല്ലെന്നും നിരവധി കഴിവുകള്‍ തങ്ങളില്‍ അന്തര്‍ലീനമാണെന്നും ഇതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുമാണ് 'മണിവര്‍ണ തൂവലി'ന്റെ അവതരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയര്‍മാന്‍ പി.ടി ഹനീഫ ഹാജി, സ്‌കൂള്‍ മാനേജര്‍ പി.എം അബുല്‍ സലാം ഹാജി, എം.ടി ഹമീദ്, സ്വാലിഹ് മേക്കയില്‍, പി. മുഹമ്മദ് കോയ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."