ഹൈക്കോടതി ഇടപെടല്‍: സി.ഐ ശ്രീമോനെ സസ്‌പെന്റ് ചെയ്തു
കോട്ടയം: കോട്ടയം ക്രൈംബ്രാഞ്ച് സി.ഐയും മുന്‍ തൊടുപുഴ സി.ഐയുമായ എന്‍.ജി ശ്രീമോനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് സസ്‌പെന്റ് ചെയ്തുകൊണ്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഉത്തരവിറങ്ങിയത്.
കേസുകളില്‍ ഇടപെട്ട് പരാതിക്കാരെ വ്യാപകമായി പീഡിപ്പിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തില്‍ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് സി.ഐക്കെതിരായി നടത്തിയത്. സമൂഹത്തിന് ഇത്തരം ഉദ്യോഗസ്ഥര്‍ ഭീഷണിയാണ്, ഒരു നിമിഷം പോലും ഇവരെ സര്‍വീസില്‍ ഇരുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. സി.ഐ ഇടുക്കിയിലായിരുന്ന സമയത്തെ സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ പരാതി പരിഗണിച്ച് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ഇയാള്‍ക്കെതിരേ മുപ്പതോളം കേസുകളില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അന്വേഷണം അടിയന്തരമായി നടത്താന്‍ വിജിലന്‍സ് ഐ.ജി എച്ച്.വെങ്കിടേഷിന് കോടതി നോട്ടിസും നല്‍കി. ബേബിച്ചന്‍ വര്‍ക്കി നല്‍കിയ വസ്തു ഇടപാട് കേസില്‍ എതിര്‍കക്ഷിക്ക് വേണ്ടി ശ്രീമോന്‍ ബേബിച്ചനെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ തന്റെ അധികാര പരിധിയിലല്ലാത്ത കേസുകളിലും ശ്രീമോന്‍ വഴിവിട്ട് ഇടപെടാറുണ്ടെന്നും ഇതു സംബന്ധിച്ച പരാതികളിലും നടപടികള്‍ ഇഴയുകയാണെന്നും ബേബിച്ചന്‍ കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."