മനയ്ക്കപ്പാടം അടിപ്പാത: രണ്ടാംഘട്ട നിര്‍മാണം ആരംഭിച്ചു
ഏറ്റുമാനൂര്‍: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടത്തുള്ള റെയില്‍വേ അടിപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണം ആരംഭിച്ചു. പുതിയ പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി അതിരമ്പുഴ റോഡിലൂടെയുള്ള വാഹനഗതാഗതം കഴിഞ്ഞ ദിവസം മുതല്‍ നിരോധിച്ചു. മൂന്നു മാസത്തേക്ക് നീണ്ടൂര്‍ റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടു.
പാലം പുതുക്കിപ്പണിയുന്നതിനായി അടിപ്പാതയുടെ മുകളിലുള്ള പാലം കഴിഞ്ഞ ഡിസംബര്‍ 12നു പൊളിച്ചുനീക്കിയിരുന്നു. വലിയ ക്രെയിന്‍ ഉപയോഗിച്ച് പഴയ പാലത്തിന്റെ സ്ലാബുകള്‍ പൊക്കിമാറ്റുകയാണ് അന്നു ചെയ്തത്. പണ്ട് മീറ്റര്‍ഗേജായിരുന്ന പാളം ബ്രോഡ്ഗേജാക്കിയതിന്റെ ഭാഗമായി ആദ്യം ഇരുമ്പുപാലമാണ് മനയ്ക്കപ്പാടത്ത് നിര്‍മിച്ചത്. പിന്നീട് ഇതു മാറ്റി കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിരത്തി അടിപ്പാതയുടെ മുകളില്‍ ഒരു വരി റെയില്പാതയോടുകൂടി പുതിയ പാലം നിര്‍മിച്ചത് 1992ലാണ്. ഈ പാലം പൊളിച്ചുമാറ്റിയാണ് അടിപ്പാതയുടെ നവീകരണം നടക്കുന്നത്.
റെയില്‍വേ സ്റ്റേഷന് നവീകരണത്തിന്റെയും പാത ഇരട്ടിപ്പിക്കലിന്റെയും ഭാഗമായി ഈ ഭാഗത്ത് നാലുവരി പാളം വരേണ്ടതുകൊണ്ടാണ് മനയ്ക്കപ്പാടം പാലവും പൊളിച്ചത്. പഴയ പാലത്തോടു ചേര്‍ന്ന് രണ്ടുവരിപ്പാതയോടു കൂടിയ പുതിയപാലം നേരത്തെ പണിത് ട്രെയിന്‍ ഗതാഗതം ഇതുവഴി തിരിച്ചുവിട്ടിരുന്നു. തീരെ വീതികുറവായിരുന്ന റോഡിനു വീതികൂട്ടിക്കൊണ്ടാണ് അടിപ്പാത നവീകരിക്കുന്നത്. അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി സംരക്ഷണഭിത്തികള്‍ കെട്ടുന്നതുള്പ്പെയുള്ള ജോലികള്‍ നടക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."