സമരസമിതി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നു: കോട്ടക്കല്‍ നഗരസഭ
കോട്ടക്കല്‍: നഗരസഭയിലെ മാലിന്യ സംസ്‌കരണം മൈലാടി പ്ലാന്റില്‍വെച്ചു നടത്തുന്നതു പരിസ്ഥിതിക്കു ദോഷകരമല്ലാത്ത രീതിയില്‍ ശാസ്ത്രീയമായാണെന്നു നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണ വിഷയത്തില്‍ അധികൃതരുമായി ഒരിക്കല്‍പോലും സംസാരിക്കാതെ സമരസമിതി നടത്തുന്ന പ്രചാരണം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ മാലിന്യ സംസ്‌കരണത്തിനായി നിലവില്‍ സി.എച്ച്.സിക്കു സമീപത്തുള്ള ഇന്‍സിനറേറ്റര്‍ മൈലാടിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. സംസ്‌കരണത്തിനായി ഇവിടെ കൂട്ടിയിട്ട മാലിന്യങ്ങള്‍ സി.എച്ച്.സിയില്‍ എത്തുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ മാലിന്യങ്ങള്‍ മൈലാടിയില്‍ തള്ളാന്‍ അനുവദിക്കില്ലെന്നു സമരസമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
പഞ്ചായത്തായിരുന്ന സമയത്തു മാലിന്യസംസ്‌കരണത്തിനു വേണ്ടിയാണു മൈലാടിയിലെ 2.75 ഏക്കര്‍ സ്ഥലം വാങ്ങുന്നത്. നഗരസഭയിലെ ഏറ്റവും ജനവാസം കുറഞ്ഞ മേഖലയും മൈലാടിയാണ്. പരിസ്ഥിതിക്കു ദോഷംവരാത്ത അനുയോജ്യമായ സ്ഥലം എന്ന നിലക്കാണു മൈലാടി തെരഞ്ഞെടുത്തത്. നഗരസഭ ശേഖരിക്കുന്ന മാലിന്യം പ്ലാസ്റ്റികും മറ്റുമായി വേര്‍തിരിച്ചു കത്തിക്കുകയാണു ചെയ്യുന്നത്. ഇവ ഒരിക്കലും കൂട്ടിയിടുന്നില്ല. പുറത്തുവിടുന്ന പുകയുടെ വിഷാംശം ഇല്ലാതാക്കുന്നതിനു വാട്ടര്‍ സ്‌ക്ലബ്ബിങ് ഉപയോഗിച്ചാണു സംസ്‌കരണം നടത്തുന്നത്. നഗരസഭയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ മൈലാടിയില്‍ 30 മീറ്റര്‍ ഉയരത്തില്‍ പുകക്കുഴല്‍ സ്ഥാപിച്ചാണ് ഇന്‍സിനറേറ്ററിന്റെ പ്രവര്‍ത്തനം. ഇതിനാല്‍ പുറത്തുവരുന്ന പുക ഒരിക്കലും ജനവാസ മേഖലയിലേക്ക് എത്തുന്നില്ലെന്നു നഗരസഭ സെക്രട്ടറി അറിയിച്ചു.
പ്രശ്‌നവുമായി ബന്ധപ്പെട്ട് സമരസമിതിയുമായി കൂടിയാലോചിച്ചു ചര്‍ച്ചകള്‍ക്കു നഗരസഭ സന്നദ്ധമാണ്. മാലിന്യസംസ്‌കരണത്തിനു മൈലാടിയില്‍നിന്നുതന്നെ ജോലിക്കാരെ നിയമിക്കാന്‍ ഒരുക്കമാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണു സമരസമിതി ചെയ്യുന്നത്. ശാസ്ത്രീയമായി രീതികളോടെ പുതിയ മാലിന്യസംസ്‌കരണ നയം നഗരസഭയില്‍ കൊണ്ടുവരുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."