മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കി വനിതാ കമാന്‍ഡോകള്‍
തിരുവനന്തപുരം: ലോക വനിതാ ദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെയും സുരക്ഷ നിര്‍വഹിച്ചത് വനിതാ കമാന്‍ഡോകള്‍. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന്റെ ചുമതലയും ഇന്നലെ വനിതാ കമാന്‍ഡോകള്‍ക്കായിരുന്നു. സംസ്ഥാനത്തെ 125 പൊലിസ് സ്റ്റേഷനുകളില്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥരാണ് ഇന്നലെ സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ ചുമതല നിര്‍വഹിച്ചത്. മലപ്പുറത്തെ അരീക്കോട് തീവ്രവാദി വിരുദ്ധ സക്വാഡിലെ 24 വനിതാ കമാന്‍ഡോകളാണ് ഇന്നലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലും ഔദ്യോഗിക വസതിയിലും പത്തു വീതവും സെക്രട്ടേറിയറ്റിലെ ഓഫിസില്‍ നാലും കമാന്‍ഡോകള്‍ സുരക്ഷാ ചുമതല നിര്‍വഹിച്ചു. പുരുഷ കമാന്‍ഡോകള്‍ക്ക് കൊടുക്കുന്ന അതേ പരീശീലനങ്ങള്‍ പൂര്‍ത്തിയാക്കിയ ഇവര്‍ ആയുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഉള്‍പ്പെടെ പ്രാവീണ്യം നേടിയവരാണ്. ഇതില്‍നിന്നു തന്നെ പ്രത്യേക മികവ് തെളിയിച്ചവരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. ഡി.ജി.പിയുടെ പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനിതാ ദിനത്തിലെ ഈ പ്രത്യേക നടപടി.
സംസ്ഥാനത്തെ 125 സ്റ്റേഷനുകളില്‍ പരാതിക്കാരെ സ്വീകരിച്ചതും പരാതികളില്‍ അന്വേഷണം നടത്തിയതും ജി.ഡി ചാര്‍ജിന്റെ ചുമതല വഹിച്ചതും ഉള്‍പ്പെടെയുളള എല്ലാ ദൈനംദിന ജോലികളും നിര്‍വഹിച്ചത് വനിതകളായ പൊലിസ് ഉദ്യോഗസ്ഥരായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ 19 പൊലിസ് സ്റ്റേഷനുകളിലും എറണാകുളത്ത് 12ഉം തൃശൂരില്‍ 17ഉം കോഴിക്കോട്ട് 13ഉം സ്റ്റേഷനുകളിലും വനിതകള്‍ ഇന്നലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായിരുന്നു. ഒന്നിലധികം വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരുളള സ്റ്റേഷനുകളില്‍ നിന്ന് അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളില്‍ ലഭ്യമാക്കിയിരുന്നു. വനിതാ ഓഫിസര്‍മാര്‍ ലഭ്യമല്ലാതിരുന്ന സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരെയും സിവില്‍ പൊലിസ് ഓഫിസര്‍മാരെയുമാണ് ആ ചുമതല നിര്‍വഹിക്കാന്‍ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."