വയലാ സ്കൂള്‍ കെട്ടിട സമുച്ചയത്തിന് 81.50 ലക്ഷം അനുവദിച്ചു
കുറവിലങ്ങാട്: സ്കൂളിനാവശ്യമായ ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതുമൂലം വര്‍ഷങ്ങളായി ക്ലേശിച്ചിരുന്ന വയലാ ഗവ. ഹൈസ്കൂളിന്റെ വികസന ആവശ്യങ്ങള്‍ നിവേറ്റാന്‍ എം.എല്‍.എ. ഫണ്ടില്‍ നിന്ന് 81.50 ലക്ഷം രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
വയലാ ഹൈസ്കൂളിനാവശ്യമായ 4 ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതിനാണ് പ്രോജക്ടില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. 3 നിലയിലുള്ള കെട്ടിടത്തിന്റെ ആദ്യനിലയ്ക്കാണ് ഇപ്പോള്‍ എം.എല്‍.എ. ഫണ്ട് അനുവദിച്ചിട്ടുള്ളത്. കേരളാ സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച ശേഷമാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
വയലാ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിഭാഗത്തിനുവേണ്ടി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അനുവദിച്ച കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. വയലാ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്സിക്കുട്ടി ജോര്‍ജ്ജ്, ബാങ്ക് ബോര്‍ഡ് മെമ്പര്‍ ഷിബു പോതംമാക്കീല്, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് ഭരണസമിതി, സ്കൂള്‍ പി.ടി.എ. കമ്മറ്റി എന്നിവരെല്ലാം സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വയലാ സ്കൂളിന് എം.എല്‍.എ. ഫണ്ട് അനുവദിച്ചതെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.
പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും മാര്‍ച്ച് അവസാന വാരത്തില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."