ഹയര്‍സെക്കന്‍ഡറി പരീക്ഷ; ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചത് പരീക്ഷാ തലേന്ന്
തിരൂര്‍: ഹയര്‍സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിന് ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചതില്‍ വ്യാപക അപാകത. ഇന്നു തുടങ്ങുന്ന പരീക്ഷയ്ക്ക് ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ച അറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയോടെയാണ്. പല സ്കൂളുകളിലും വൈകിട്ട് നാലിനുവരെ ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചു.
വൈകി അറിയിപ്പ് ലഭിച്ചതിനു പുറമേ ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്നു വളരെ അകലെയുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്കാണ് അധ്യാപരില്‍ മിക്കവര്‍ക്കും ചുമതല നല്‍കിയത്. ഇതോടെ പരീക്ഷാ കേന്ദ്രങ്ങളിലേക്കെത്താന്‍ ദൂരക്കൂടുതലുള്ളതിനാലും പെട്ടെന്ന് അറിയിപ്പു ലഭിച്ചതിനാലും ഡ്യൂട്ടിയ്ക്ക് എത്താനാകില്ലെന്ന് ഒട്ടുമിക്ക അധ്യാപകരും ഇന്നലെതന്നെ പ്രിന്‍സിപ്പല്‍മാരെ അറിയിച്ചു. ഇതോടെ ഇന്‍വിജിലേറ്റര്‍മാരായി അതാതു സ്കൂളുകളിലെ അധ്യാപകരെതന്നെ നിയമിക്കേണ്ട അവസ്ഥയായി.
ഇത്തരത്തിലുള്ള പരീക്ഷാ നടത്തിപ്പ് സുതാര്യമാകില്ലെന്ന പരാതിയും ഉയര്‍ന്നതോടെ എന്തു ചെയ്യുമെന്നറിയാതെ പ്രിന്‍സിപ്പല്‍മാര്‍ പലരും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു.
ഹയര്‍സെക്കന്‍ഡറി പരീക്ഷാ മേല്‍നോട്ട ചുമതലകള്‍ക്കു ജില്ലയിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ തികയാത്തതിനാല്‍ യു.പി, ഹൈസ്കൂള്‍ വിഭാഗം അധ്യാപകരെയാണ് ഇന്‍വിജിലേറ്റര്‍മാരായി നിയമിക്കാറുള്ളത്. എന്നാല്‍, ഇത്തവണ വളരെ വൈകിയാണ് പല യു.പി, ഹൈസ്കൂള്‍ അധ്യാപകര്‍ക്കും ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടി സംബന്ധിച്ച് ഇ-മെയിലില്‍ അറിയിപ്പ് ലഭിച്ചത്.
സമീപ യു.പി, ഹൈസ്കൂളുകളില്നിന്നു പരീക്ഷാ ഡ്യൂട്ടിയ്ക്ക് അധ്യാപകരെ നിയോഗിക്കുന്നതിലുണ്ടായ പിഴവാണ് പ്രതിസന്ധിക്കിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."