ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി
രോഗബാധിത മേഖലയില്‍നിന്നുള്ളവര്‍ പൊങ്കാലയിടാന്‍ വരരുത്
തിരുവനന്തപുരം: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി. ചുമയും പനിയും ഉള്ളവര്‍ പൊങ്കാല ഒഴിവാക്കണം. രോഗബാധിത മേഖലയില്‍ നിന്നുള്ളവര്‍ പൊങ്കാലയിടാന്‍ വരരുത്. പൊങ്കാല കര്‍ശന നിരീക്ഷണത്തില്‍ നടത്തും. പൊങ്കാല ദിവസം 18 ആംബുലന്‍സ്, ബൈക്ക് ആംബുലന്‍സ് എന്നിവ സജ്ജമാക്കി. 23 ആരോഗ്യ വകുപ്പ് സംഘങ്ങളെ ജില്ലയില്‍ സജ്ജമാക്കി. 32 വാര്‍ഡുകളില്‍ പ്രത്യേക സംഘം വീടുകള്‍ കയറി നിരീക്ഷണം ശക്തമാക്കും. പൊങ്കാലയിടുന്നവരുടെ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തും. വിദേശികള്‍ക്ക് ഹോട്ടലില്‍ പൊങ്കാലയിടാന്‍ പ്രത്യേക അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും പൊങ്കാല ഒഴിവാക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനും പറഞ്ഞു. റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരെയും കണ്ടെത്തും. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്റ്, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ അവബോധം നടത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി.
ആശങ്കയെന്ന് ഐ.എം.എ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ആളുകള്‍ ഒത്തുകൂടുന്നത് കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഒരുപാട് ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങാണ്.
നിലവിലെ സാഹചര്യത്തില്‍ ഇത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഗൗരവമുള്ള വിഷയമായത് കൊണ്ടു തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഐ.എം.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."