അജീഷിന്റെയും ഇവയുടെയും സംസ്‌കാരം ഇന്ന്
നെടുങ്കണ്ടം:ഉടുമ്പന്‍ചോലയ്ക്കു സമീപം ശാന്തരുവിയില്‍ കാറുകള്‍ കൂട്ടിമുട്ടി മരിച്ച അഞ്ചരവയസ്സുകാരിയുടെയും പിതാവിന്റെയും സംസ്‌കാരം ഇന്ന് നടക്കും.
അതേസമയം, അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും നാട്ടുകാര്‍ മോചിതരായിട്ടില്ല. തേങ്ങലടക്കാനാവാതെ ഗ്രാമം മുഴുവന്‍ ഇരുവരുടെയും വീട്ടിലേക്ക് ഒഴുകുകയാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഹര്‍ത്താല്‍ ദിവസം വാഹനങ്ങള്‍ ഒഴിഞ്ഞ റോഡില്‍ സമാന്തരമായി അമിതവേഗതയില്‍ വണ്ടിയോടിച്ച് മത്സരിക്കുന്നതിനിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. കാറുകള്‍ക്ക് 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗത ഉണ്ടായിരുന്നു എന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച മോട്ടോര്‍വാഹന വകുപ്പിന്റെയും പൊലിസിന്റെയും പ്രാഥമിക നിഗമനം. ഒരേദിശയില്‍ സമാന്തരമായി സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിമുട്ടുകയും റോഡിന്റെ ഇരുവശങ്ങളിലേക്കു തെറിച്ചുപോകുകയുമായിരുന്നു.
ഉടുമ്പന്‍ചോല കല്ലുപാലം വട്ടക്കുന്നേല്‍ അജീഷ് തോമസ്, മകള്‍ ഇവ മറിയം എന്നിവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്. അജീഷ് തോമസിന്റെ ഭാര്യ ജിന്‍സി (28), മകന്‍ മൂന്നരവയസ്സുള്ള ഇവാന്‍, അടിമാലി കൊമ്പൊടിഞ്ഞാല്‍ ചക്കിയത്ത് ജെസ്റ്റീന (35), ജോമോന്‍, സാന്ദ്ര, ജിബിന്‍ ഫ്രാന്‍സീസ് (38), ഓലിക്കല്‍ മിഥുന്‍, ഡ്രൈവര്‍ അമല്‍ (22) എന്നിവര്‍ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജിന്‍സിയുടെയും സാന്ദ്രയുടെയും പരിക്കുകള്‍ ഗുരുതരമാണ്.
ചതുരംഗപ്പാറ മെട്ടില്‍ വിനോദസഞ്ചാരത്തിന് പോയി തിരിച്ചുവരും വഴിയാണ് രണ്ട് ജീവനുകള്‍ പൊലിഞ്ഞ അപകടമുണ്ടായത്. വാഹനത്തില്‍ നിന്നും തെറിച്ചുവീണ അജീഷിനെയും മകള്‍ ഇവ മറിയത്തെയും ഒഴികെ ബാക്കിയുള്ളവരെ വണ്ടി വെട്ടിപ്പൊളിച്ചാണ് പൂറത്തെടുത്തത്. അജീഷിനെയും ഇവയെയും അവസാനമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായത്. ഏലത്തോട്ടത്തിലെ ചെറു കയ്യാലയുടെ താഴേക്ക് തെറിച്ചുവീണ ഇവയെ ഏറ്റവും ഒടുവില്‍ അതുവഴി എത്തിയ വിനോദ സഞ്ചാരികളുടെ ബസ്സിലാണ് നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചത്. പ്രഥമിക ചികിത്സ നല്‍കിയ ശേഷം എല്ലാവരെയും കട്ടപ്പനയിലെ സ്വകാര്യ അശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവയും അജീഷും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അജീഷിന്റെ ഭാര്യ ജിന്‍സിയും മകന്‍ സ്റ്റീവും രണ്ടാമത്തെ വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്.
ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി 11 മണിയോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് മൃദദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.തുടര്‍ന്ന് 3.30 തോടെ കല്ലുപാലത്തെ അജീഷിന്റെ കുടുംബ വീട്ടില്‍ എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കല്ലുപാലെ സെന്റ്. മേരീസ് പള്ളിയാലാണു സംസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."