കൊവിഡ് 19: സംസ്ഥാനത്ത് അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്കുകൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇവയെല്ലാം കര്‍ശനമായി പാലിക്കാന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കി.
ആശുപത്രികള്‍ക്കും
ജാഗ്രതാ നിര്‍ദേശം
മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍,ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അവയെല്ലാം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരീക്ഷണം
ശക്തമാക്കുന്നു
എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. എയര്‍പോര്‍ട്ട്, സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫിസര്‍മാരാണ് ഇവരെ സ്‌ക്രീന്‍ ചെയ്യുന്നത്. യാത്രക്കാരില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്ക്കരണം നല്‍കി വീടുകളില്‍ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇവര്‍ കൃത്യമായും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ വീടുകളില്‍ തന്നെ 28 ദിവസം കഴിയണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ദിശ നമ്പരില്‍ വിളിച്ച് ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ അറിയിച്ച് പ്രത്യേകം വാഹത്തില്‍ എത്തേണ്ടതാണ്.
ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോങ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദേശങ്ങള്‍ പാലിക്കണം.
റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളവരും ഇന്ത്യയിലെത്തുമ്പോള്‍ 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയും പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് കര്‍ശനമായും ഒഴിവാക്കുകയും വേണം.
കൊവിഡ് 19 രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍ മുഖേന ബന്ധപ്പെടണം. ഒരിക്കലും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒ.പിയിലോ ക്യാഷ്വാലിറ്റിയിലോ പോകരുത്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡിലേക്ക് ബന്ധപ്പെട്ട നോഡല്‍ ഓഫിസറെ അറിയിച്ച ശേഷം മാത്രം എത്തണം. ഇത്തരം യാത്രികരുടെ വിവരങ്ങള്‍ അറിയുന്നവരും ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടണം.
കൊവിഡ് 19 ഏറെ അപകടകാരി
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊവിഡ് 19. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊവിഡ് 19 വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍.
ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്.
ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."